ലോകവ്യാപകമായി സിനിമ എന്ന മാധ്യമം വേരോടിയെത്തിയത് ചുരുങ്ങിയ കാലംകൊണ്ടായിരന്നു. ഭാരതത്തില്‍ വിദേശ ചിത്രങ്ങളില്‍ നിന്നായിരുന്നു തുടക്കമെന്ന് കണ്ടു. അവ പ്രദര്‍ശിപ്പിക്കാനുള്ള ശാലകളാണാദ്യം ഉണ്ടായത്. പിന്നെ അവിടെ ചിത്രങ്ങളെത്തിക്കുവാനുള്ള വിതരണ ഘടകമുണ്ടായി. ആ തുടര്‍ച്ചയിലാണ് ഇന്നാട്ടു സിനിമകളുടെ പിറവി.
കൃത്യമായി അതേ പാത തന്നെയാണ് മലയാള സിനിമയും പിന്തുടര്ന്നത്. സിനിമയെന്ന മായക്കാഴ്ചയുമായി ആദ്യം ഇവിടെ എത്തിയത് ഉത്തരേന്ത്യക്കാരനായ ഒരു ഗോസായിയായിരുന്നു. കോഴിക്കോട്ട് മാനാഞ്ചിറ മൈതാനത്തായിരുന്നു ബയസ്കോപ്പുമായി അദ്ദേഹം തമ്പടിച്ചതത്രെ. പിലാക്കണ്ടി കുഞ്ഞിരാമന് അദ്ദേഹത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തുടര്‍ന്ന് ഈ രംഗത്തു കടന്നുവന്നു. കുഞ്ഞിരാമേട്ടന്റെ പ്രദര്‍ശന ചിട്ട വളരെ വിചിത്രമായിരുന്നു.
ഹ്രസ്വചിത്രങ്ങളുടെ പാക്കേജായിട്ടായിരുന്നു പ്രദര്‍ശനം. അന്യഭാഷാ ചിത്രങ്ങളാണല്ലോ എല്ലാം. അവ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്ക്രീനിനടുത്ത് ഒരാള്‍ നിന്ന് ഉള്ളടക്കത്തെക്കുറിച്ച് അതിരാണിപ്പാടത്തിന്റെ ദേശ്യവട്ടത്തില് പൊടിപ്പും തൊങ്ങലും ഇടചേര്ത്തുള്ള വിവരണങ്ങല്‍ നല്‍കും. കഥ പറച്ചിലുകാരന് എന്നായിരുന്നു ഇയാളുടെ വിശേഷണം. ലോകമെങ്ങും ഈ പതിവുണ്ടായിരുന്നു. ഇതുമാത്രമല്ല നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ലൈവ് ആയി പശ്ചാത്തല സംഗീതം തിയറ്ററിനകത്ത് സര്‍ക്കസ് പ്രദര്ശനവേളകളിലെന്നതുപോലെ വായിക്കുകയും ചെയ്തിരുന്നു. തിയറ്ററുകളുടെ സാമ്പത്തിക പ്രാപ്തി അനുസരിച്ച് വാദ്യോപകരണങ്ങളുടെ എണ്ണവും സംഗീതത്തിന്റെ തരതലവും മാറും.
ഏതായാലും ഈ രണ്ടാമത്തെ സാഹസത്തിന് കുഞ്ഞിരാമേട്ടന് മുതിര്‍ന്നില്ല. പകരം ഓരോ ചിത്രവും പറച്ചിലുകാരന്റെ വിശേഷണത്തോടെ പ്രദര്‍ശിപ്പിച്ചശേഷം അദ്ദേഹം ചെറിയൊരു ഇടവേള നല്കി. ആ വേളകളില്‍ സ്ക്രീനിനോട് ചേര്‍ത്തൊരുക്കിയ വേദിയില്‍ സംഗീതക്കച്ചേരി, കോമഡി, സ്കിറ്റ്, ഗുസ്തി, കളരിയഭ്യാസം, ലഘുനാടകം, നൃത്തനൃത്യങ്ങള്‍, മാജിക്, സര്‍ക്കസ് തുടങ്ങി ഗോവയില്‍നിന്ന് പ്രത്യേകം വരുത്തിയ സുന്ദരികളുടെ കാമോദ്ദീപകമായ അര്‍ദ്ധനഗ്ന നൃത്തം വരെ ഓരോരോ പരിപാടികള്‍ മാറി മാറി അവതരിപ്പിച്ചു. വീണ്ടും വീണ്ടും കാണാന്‍ പ്രേക്ഷകരെ പ്രലോഭിപ്പിക്കുകയായിരുന്നു ലക്ഷ്യം! കുഞ്ഞിരാമേട്ടന് ഇടവേളകളില്‍ അവതരിപ്പിച്ച ചേരുവകള്‍ മുഖ്യധാരയിലെ പിന്തലമുറകള്, ചിത്രത്തിന്റെ പ്രമേയ ഭാഗമായി ഉള്‍ച്ചേര്‍ത്ത് പ്രേക്ഷക പ്രീതിക്കായി ശ്രമിച്ചത് ചരിത്രം.
അന്യഭാഷാ ചിത്രങ്ങള്‍ കണ്ട് അവയില്‍ അഭിരമിച്ചുകൊണ്ടുണ്ടായതാണ് നമ്മുടെ ചലച്ചിത്രശീലം. സിനിമയുടെ ആദ്യ പരീക്ഷണങ്ങളിലെ ഘട്ടംഘട്ടമായുള്ള ഉരുവപ്പെടലിന്റെ അരിഷ്ടതകളൊന്നും മലയാളക്കരയില്‍ സിനിമ അനുഭവിച്ചിട്ടില്ല. നേരെ ഫീച്ചര്‍ ചിത്രം നിര്മിച്ചുകൊണ്ടങ്ങ് തുടങ്ങുകയായിരുന്നു. അതിന് മുന്‍പ് ഈ മാധ്യമവഴിയില് ഹ്രസ്വ ചിത്രമായോ മറ്റേതെങ്കിലും തലത്തിലോ ഒരു പരീക്ഷണവും നടന്നതായി സൂചനയുമില്ല.
‘വിഗതകുമാരന്’ ആണ് ആദ്യ ചിത്രം. ജെ.സി. ദാനിയേലാണ് 1928 ല്‍ ഈ ചിത്രം നിര്‍മിച്ചത്. നിശ്ശബ്ദ ചിത്രമായിരുന്നു. ഈ സാക്ഷ്യത്തെ ആദരപൂര്‍വം സമീപിച്ചുകൊണ്ടുതന്നെ മലയാളത്തില്‍ നിര്‍മിച്ചതായി കണ്ടെത്തപ്പെട്ട ഏറ്റവും ആദ്യത്തെ ചിത്രമാണിതെന്ന പാഠഭേദം കൂടി പറയട്ടെ. അതിന് മുന്‍പ് മലയാളത്തില്‍ ചിത്രമുണ്ടായിരുന്നു എന്നല്ല വാദം. അഥവാ അങ്ങനെ ഉണ്ടായി എങ്കില്‍ത്തന്നെ അവ കണ്ടെത്തപ്പെട്ടിട്ടില്ല എന്നൊരു അനുബന്ധ പരാമര്‍ശം മാത്രം!
വിഗതകുമാരനിലെ ഒരു സംഘട്ടനരംഗത്തിന്റെ നിശ്ചലദൃശ്യം മാത്രമാണ് ഇന്ന് ലഭ്യമായുള്ളത്. ഒരു സാമൂഹ്യ കഥയായിരുന്നു ചിത്രത്തിന്റേത് എന്നറിയാം. അതിനപ്പുറം ആ കഥയെക്കുറിച്ചോ സിനിമയെക്കുറിച്ചോ വിശദാംശങ്ങള്‍ അറിയില്ല.
തിരക്കഥയും പ്രിന്റും ഒന്നും ലഭ്യമല്ല. ചിത്രം കണ്ടവരുടെ നേരനുഭവസാക്ഷ്യങ്ങളും ലഭിച്ചിട്ടില്ല. ജീവിതസായാഹ്ന നാളുകളില്‍ ക്ലേശവറുതികള് വരുത്തിയ അവശതയുടെ ദൈന്യതയിലാണ്ടിരിക്കുമ്പോള് ജെ.സി. ദാനിയേലിനെ കാണാന്‍ വന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണനോടും സി.കെ. സോമനോടും മണര്‍കാടു മാത്യുവിനോടും മറ്റു ചിലരോടും അദ്ദേഹം പങ്കിട്ട ഓര്‍മയുടെ പൊട്ടുംപൊടിയും ചേര്‍ന്ന ശകലങ്ങളാണ് ആകെ അവലംബം. അന്നദ്ദേഹം പരാജിതനായിരുന്നു; തളര്‍ന്നിരുന്നു; ആ വീക്ഷണത്തിലൂടെയായിരുന്നു സംഭാഷണവും.
ചലച്ചിത്ര രചനയിലോ സാങ്കേതികതയിലോ മുന്നനുഭവങ്ങളോ ശിക്ഷണമോ ദാനിയേലിന് ഉണ്ടായിട്ടില്ല. കേട്ടറിവുകളും കണ്ടറിവുകളും മാത്രമായിരുന്നു മൂലധനം. സിനിമയെന്ന മാധ്യമത്തിന്റെ പ്രകാശന സാധ്യതകള്‍ തിരിച്ചറിഞ്ഞ് ആ ധാരയില്‍ സൃഷ്ട്യുന്മുഖമായ ഒരാവിഷ്കാര ശ്രമം നടത്തണമെന്ന കലാപരമായ അഭിവാഞ്ഛ ഉണ്ടായിരുന്നുവെങ്കില്‍ വിഗതകുമാരന് മുന്‍പ് അദ്ദേഹം എന്തെങ്കിലും ചലച്ചിത്രശ്രമങ്ങള്‍ ചെറിയതോതിലെങ്കിലും നടത്തേണ്ടതായിരുന്നില്ലേ? നടത്തിയിട്ടില്ല. അതായിരുന്നില്ല ചലച്ചിത്ര പ്രവേശത്തിനു വഴിയൊരുക്കിയതെന്നര്ത്ഥം.
ജെ.സി. ദാനിയേലിന് മലയാള സിനിമയില്‍ പരമമായ പ്രതിഷ്ഠ പതിച്ചുകിട്ടുവാന് ഏറ്റവും കൂടുതല്‍ ഔത്സുക്യം ആവര്‍ത്തിച്ച് കാണിച്ചിട്ടുണ്ട് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്. അദ്ദേഹം തന്നെ മറ്റൊരു ലേഖനത്തില്‍ ചലച്ചിത്രേതരമായ താല്‍പ്പര്യങ്ങളുടെ പേരിലാണ് ദാനിയേല്‍ വിഗതകുമാരന് നിര്മിച്ചതെന്നെഴുതിയതും മേല്‍ഖണ്ഡികയിലെ നിരീക്ഷണത്തോട് ചേര്‍ത്ത് അനുപാതപ്പെടുത്താം.
കളരിപ്പയറ്റില്‍ നൈപുണ്യമുണ്ടായിരുന്നുവത്രെ ദാനിയേലിന്. കളരി ആയോധനമുറകള്‍ പ്രചരിപ്പിക്കണമെന്നും അതില്‍ തനിക്കുള്ള വൈദഗ്ദ്ധ്യം വിളംബരം ചെയ്യണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനൊരുപാധി എന്നനിലയില്‍ സിനിമയെന്ന പുതിയ മാധ്യമം പരീക്ഷിക്കാമെന്ന് സുഹൃത്ത് നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് ദാനിയേല്‍ ചലച്ചിത്ര വഴിയ്ക്കു തുനിഞ്ഞിറങ്ങിയത്. അതിനുവേണ്ടി കളരി സംഘട്ടന രംഗങ്ങള്‍ ആവോളം ഇടചേര്‍ത്ത് അദ്ദേഹം വിഗതകുമാരന് ഒരുക്കുകയായിരുന്നു എന്നാണ് സൂചന.
ഫീച്ചര്‍ സിനിമയുടെ ഏതു ജനുസ്സിലാണ് വിഗതകുമാരനെ ചേര്‍ക്കുക? ദാനിയേല്‍ സിനിമയെ തന്റെ പൂര്‍വ നിശ്ചിത പ്രചാര-വിളംബര ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുകയായിരുന്നു. അത് നിഷിദ്ധമാണ് എന്ന സൂചന ഇല്ല; പ്രയോഗലക്ഷ്യങ്ങള് പലതുമാകാമല്ലോ. സിനിമവഴി നേടുവാനാകുമെന്ന് പ്രതീക്ഷിച്ച പ്രചാര വിളംബര സാധ്യതകളായിരുന്നു ദാനിയേലിന് പ്രേരകം എന്നേ വായിച്ചെടുക്കേണ്ടതുള്ളൂ. സിനിമ എന്ന മാധ്യമത്തോടുള്ള ആഭിമുഖ്യമായിരുന്നില്ല ചലച്ചിത്ര ശ്രമത്തിന് പ്രചോദനം.
ഒരു കലാസൃഷ്ടി എന്ന നിലയില്‍ വിഗതകുമാരന് അന്നത്തെ ചലച്ചിത്ര സങ്കല്‍പ്പങ്ങളോടും മാധ്യമ സംസ്കൃതിയോടും എത്രത്തോളം ഒത്തുചേര്‍ന്നു എന്നറിയുവാന്‍ മാര്ഗ്ഗങ്ങളുമില്ല. വാതില്‍പ്പുറ ചിത്രീകരണ സാഹസങ്ങള്‍ അന്ന് ഭാരത സിനിമയില്‍ത്തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. കൊട്ടകകളിലും സെറ്റുകളിലുമായിട്ടായിരുന്നു പൊതുവെ ചിത്രീകരണം. വിഗതകുമാരന്റെ വഴിയും വ്യത്യസ്തമായിരുന്നില്ല എന്നുവേണം തിരുവനന്തപുരത്തെ തന്റെ പ്രൊഡക്ഷന്‍ ഓഫീസിനെ സ്റ്റുഡിയോ എന്ന് അദ്ദേഹം (അല്ലെങ്കില്‍ അദ്ദേഹവുമായി സംവദിച്ചവര്) വിശേഷിപ്പിച്ചതിലില്നിന്നും അനുമാനിക്കാന്‍.
ചിത്രം കാണാതെ, കണ്ടവരുടെ നേരനുഭവങ്ങളറിയാതെ, ചിത്രത്തിന്റെ രൂപഭാവങ്ങളെപ്പറ്റിയോ അനുവര്‍ത്തിച്ച അഭിനയശൈലിയെക്കുറിച്ചോ ചര്‍ച്ച ചെയ്യുന്നതിലര്‍ത്ഥമില്ല.
വിഗതകുമാരന് എന്ന ചിത്രത്തിന്റെ ശില്‍പ്പി എന്ന നിലയില്‍ ജെ.സി. ദാനിയേലിനെ മലയാള സിനിമയുടെ പിതാവായി നാം കാണുന്നു. കേരളത്തിലെ ഏറ്റവും ഉന്നതമായ ചലച്ചിത്ര ബഹുമതിക്ക് ജെ.സി. ദാനിയേല്‍ അവാര്‍ഡ് എന്ന പേരും നല്കുന്നു. അതിലുള്‍ച്ചേരുന്ന നെറിവ് ആദരണീയം തന്നെ.
മലയാള സിനിമയുടെ 25-ാം വര്‍ഷം 1963 ല്‍ ആഘോഷിച്ചത് വിഗതകുമാരനെ (1928)യും മാര്‍ത്താണ്ഡവര്‍മ്മ (1933)യേയും അവഗണിച്ചുകൊണ്ട് 1938 ല്‍ നിര്‍മിക്കപ്പെട്ട ബാലന് എന്ന ആദ്യ ശബ്ദ ചിത്രം തൊട്ടുള്ള കാലം മാത്രം പരിഗണിച്ചുകൊണ്ടായതില് കനത്ത രോഷം പ്രകടിപ്പിച്ചു ചേലങ്ങാട്ട്. ബാലനെയല്ലേ ആദ്യ ചിത്രമായി കാണേണ്ടത് എന്ന അഭിപ്രായം മലയാറ്റൂര്‍ രാമകൃഷ്ണന് ഉന്നയിച്ചത് അദ്ദേഹത്തിന്റെ ബ്രാഹ്മണക്കൂറുകൊണ്ടാണെന്ന ആരോപണംപോലും കമലിന്റെ സെല്ലുലോയിഡുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേള്‍ക്കുകയുണ്ടായി.
മലയാറ്റൂരിന്റെ നിഗമനമാണല്ലോ ശരി എന്നു ചിന്തിച്ചതിന്റെ പേരില്‍ കെ. കരുണാകരന്റെ പേരിലും ചാര്‍ത്തപ്പെട്ടു കുറെ പഴി. ബാലന്റെ ശില്‍പ്പിയായ ടി.ആര്. സുന്ദരം ബ്രാഹ്മണനാണെന്ന തെറ്റിദ്ധാരണയാവാം ഈ അബദ്ധവാദത്തിന്റെ പുറകില്‍. തിരുച്ചെങ്കോട്ടിലെ മില്ലുടമകളും ടെക്സ്റ്റൈല്‍ വ്യവസായികളും പ്രസ്സുടമകളും ആയ മുതലിയാര്‍ വംശത്തില്‍ പിറന്ന വ്യക്തിയാണ് ടി.ആര്. സുന്ദരം. പളനിയമ്പലത്തിലേക്കുള്ള കല്‍പ്പടവുകളുടെ ഇടത്തട്ടുകളിലെ വിശ്രമച്ചായ്പ്പുകളിലൊന്ന് ഇദ്ദേഹത്തിന്റെ സഹോദരന് വി.വി.സി.ആര്.മുരുഗേശ മുതലിയാര്‍ പണിതു നല്‍കിയതാണ്. ബ്രാഹ്മണ സമൂഹവും മുതലിയാര്‍ കുലവും ജാതീയമായി രണ്ടും രണ്ടാണ്.
വിഗതകുമാരനിലഭിനയിച്ചതിന്റെ പേരില്‍ റോസി എന്ന അവര്ണയുവതിക്ക് സമൂഹത്തില്‍ നേരിടേണ്ടിവന്ന എതിര്‍പ്പുകളും അതിന്റെ ഫലമായി അവര്‍ക്ക് നാടുവിടേണ്ടിവന്നതും പെരുമ്പറകൊട്ടി ചര്‍ച്ച ചെയ്തുകണ്ടു ഇവിടെ. അന്നിവിടെ നിലവിലിരുന്ന ജാതിവ്യവസ്ഥയെക്കുറിച്ചുള്ള വിശകലനത്തിലല്ലാതെ ചലച്ചിത്ര ചര്‍ച്ചയില്‍ അതിന് എന്തു പ്രസക്തി എന്നിനിയും മനസ്സിലാകുന്നില്ല.
വിഗതകുമാരന് ദാനിയേലിന് നഷ്ടം വരുത്തി എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വല്ലാത്ത ഞെരുക്കത്തിലും ദുരിതത്തിലുമായിരുന്നു അന്ത്യനാളുകള്‍. സ്വന്തം ജീവിതവും സമാനമായ പീഡനങ്ങളിലൂടെ കടന്നുപോകുന്നതുകൊണ്ടുണ്ടായ സാധര്മ്മ്യപ്രേരിത സഹഭാവമാകാം ചേലങ്ങാട്ടിനെ ദാനിയേലിനുവേണ്ടി വീറോടെ വാദിക്കുവാന്‍ പ്രേരിപ്പിച്ചത്.
അടുത്തലക്കം: പുണ്ഡലിക്കിന്റെ വഴിയെ മാര്‍ത്താണ്ഡവര്‍മ്മ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: