സഹ്യാദ്രി ശൃംഗത്തിനഗ്രത്തു വന്നങ്ങോ-
രഗ്നി ഗോളാകൃതി പൊങ്ങി പ്രശോഭിയ്ക്കെ
ആകാശ വീഥിയ്ക്കൊരാധാരമായങ്ങു
നീലാംബരം ചാര്ത്തിയാധാരമെന്നിയെ
കാലം നിനയ്ക്കുവാനാധാരമെങ്ങുമേ
താലത്തിലേറ്റിപ്പകര്ന്നീ ദിനകരന്
കാടും കടന്നെത്തി നാടും കടന്നിതാ
പാടോം കടന്നങ്ങുകാട്ടും കടല്‍ക്കളി
മിന്നിത്തിളങ്ങിച്ചലിക്കും ജലനിധി-
യ്ക്കന്ത്യം കുറിയ്ക്കും പ്രതീതി നീലാംബരം
വസ്തുവായ് കാട്ടി അവസ്തുവെ ദര്ശിപ്പാന്
നിത്യം തുണയ്ക്കുന്നു ദൃക്കിനെ സാകൂതം
മിന്നിത്തിളങ്ങി പ്രശോഭയായ് കണ്ണിലും
പൊങ്ങിച്ചലിച്ചങ്ങു നിശബ്ദമായ് കാതിലും
ഉപ്പായ് രസം നാവിലേറ്റി മണം മൂക്കി-
ലെത്തിച്ചളപ്പിപ്പിതൂഷ്മാവായ് ത്വക്കിലും
മഞ്ഞായുയര്ന്നെത്തി മേഘമായ് പാഞ്ഞുപോയ്
ചെന്നങ്ങുരുകിയുറഞ്ഞ ഹിമാലയം
നിത്യം പ്രകൃതിതന്‍ കൃത്യങ്ങളെച്ചേര്ത്ത്
സത്യവും തത്വവും കാട്ടും പിതാമഹന്
അപ്രമേയന്‍ പരനപ്രാപ്യനെങ്കിലും
കൃത്യമായ് കൃത്യത്തിനുത്തരമേകുവോന്
കണ്ടാലും കേട്ടാലും തീരാത്തറിവിന്റെ
വിസ്മയശൃംഗമീ നിസ്തുലന്‍ നിത്യവും
കണ്ടതും കേട്ടതും തൊട്ടും മണത്തുമീ
നാവില്‍ രസം ചാര്‍ത്തി വന്നങ്ങണഞ്ഞതും
ഓര്ത്താലറിവല്ലാതില്ല മറ്റാധാര-
മെന്നങ്ങുറച്ചറിഞ്ഞീടുന്നു യോഗികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: