കോഴിക്കോട്: സാങ്കേതിക വകുപ്പുകളിലെ ഉദ്യോഗാര്‍ത്ഥികളോടുള്ള പിഎസ്‌സിയുടെ മെല്ലെപ്പോക്ക് നയവും അവഗണയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍. ഓള്‍ കേരള സിവില്‍ ഓവര്‍സീയര്‍ പിഎസ്‌സി കാന്‍ഡിഡേറ്റ്‌സ് അസോസിയേഷനാണ് പിഎസ്‌സിയുടെ നിലപാടിനെതിരെ സമരവുമായി രംഗത്ത് വരുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്കനുകൂലമായ നടപടികള്‍ സ്വീകരിക്കാത്ത പിഎസ്‌സിയുടെ നിലപാടില്‍ പ്രതിഷേധിച്ച് 29ന് രാവിലെ 9 മുതല്‍ തിരുവനന്തപുരത്ത് പിഎസ് സി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്താനാണ് അസോസിയേഷന്റെ തീരുമാനം. 14 ജില്ലകളില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ധര്‍ണയില്‍ പങ്കെടുക്കും. സാങ്കേതിക ഒഴിവുകളിലേക്ക് പരീക്ഷ എഴുതി കാത്തു നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ നിയമനത്തില്‍ പി എസ് സി വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. അനങ്ങാപ്പാറ നയമാണ് പലപ്പോഴും പിഎസ്‌സി സാങ്കേതിക തസ്തികകളോടു സ്വീകരിക്കുന്നതെന്നും അസോസിയേഷന്‍ പ്രസിഡന്റ് എം.ഇന്ദു, സെക്രട്ടറി എ. മനോജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അനൂപ്, സിജു ഇഗ്നേഷ്യസ്, അഹമ്മദ്കുട്ടി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















