ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ സര്‍ക്കാര്‍ പ്രസില്‍ കോടിക്കണക്കിനു രൂപയുടെ ഉപകരണങ്ങള്‍ നശിക്കുന്നു. ഉപയോഗയോഗ്യമല്ലാത്ത ഉപകരണങ്ങള്‍ക്കു പുറമേ പ്രസിദ്ധീകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഓഫ്സെറ്റ് മെഷീന് വരുന്നതിനുമുമ്പ് ഉപയോഗിച്ചിരുന്ന ലെറ്റര്പ്രസിന്റെ സാധനങ്ങളാണ് നശിക്കുന്നവയില്‍ ഭൂരിഭാഗവും.
മലബാര്‍ മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ ഫോമുകളും പ്രസിദ്ധീകരണങ്ങളും പ്രിന്റ് ചെയ്തു നല്‍കുന്നത് ഇവിടെ നിന്നാണ്. രജിസ്ട്രേഷന്, റവന്യൂ, പോലീസ് എന്നീ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ ഫോമുകളും ബുക്കുകളും പ്രിന്റിംഗ് നടത്തുന്നതും ഇവിടെയാണ്.
മറ്റു വകുപ്പുകളില്‍നിന്നുള്ള പ്രസിദ്ധീകരണങ്ങളും ഇവിടെ അച്ചടിക്കായി എത്തുന്നു. ഒരുലക്ഷം കോപ്പികള്‍ അച്ചടിക്കുമ്പോള്‍ കേവലം പതിനായിരം കോപ്പികള്‍ മാത്രമേ ബന്ധപ്പെട്ട വകുപ്പുകള്‍ കൊണ്ടുപോകുന്നുള്ളൂവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഓഫ്സെറ്റ് പ്രിന്റിംഗ് വന്നതോടെ ലെറ്റര്പ്രസിന്റെ ഉപകരണങ്ങള്‍ മറ്റൊന്നിനും പറ്റാതായി. ഇവ ലേലം ചെയ്തുവില്ക്കാന്പോലും ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. പത്തോളം വലിയ യന്ത്രങ്ങളും കാരിയംകൊണ്ടുള്ള പഴയ ടൈപ്പുമാണിവ. അതേസമയം ഗവണ്മെന്റ് പ്രസില്‍ മുന്‍കാലങ്ങളില്‍ ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങളും യന്ത്രങ്ങളും ലേലം ചെയ്തതുമായി ബന്ധപ്പെട്ട് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. ലേലക്കാരുമായി ഉദ്യോഗസ്ഥര്‍ ഒത്തുകളി നടത്തി സര്‍ക്കാരിനെ വഞ്ചിക്കുകയായിരുന്നുവെന്നായിരുന്നു ആക്ഷേപം.
ഇതിന്റെ പേരില്‍ ചിലര്‍ പരാതിയും നല്‍കിയിരുന്നു. അടുത്തവര്‍ഷംമുതല്‍ സ്കൂള്‍ പാഠപുസ്തക അച്ചടി കൂടി സര്‍ക്കാര്‍ പ്രസുകള്‍ക്ക് ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന്റെ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍ അച്ചടിവകുപ്പില്‍ നടക്കുന്ന ക്രമക്കേടുകളും അഴിമതിയും പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇതിനെതിരേ നടപടികളൊന്നും ഉണ്ടാകാറില്ല.
ഷൊര്‍ണൂരിലേത് ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രസുകളില്‍ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലമുണ്ടാകുന്നത്. മുഖ്യമന്ത്രിക്കു തന്നെയാണ് ഇത്തവണ അച്ചടിവകുപ്പിന്റെ ചുമതലയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: