കൊല്ലം: കൊട്ടാരക്കര കൈതക്കോട് വേലംപൊയ്‌കയില്‍ ജലസംഭരണി തകര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിക്ക് ചികിത്സാസഹായം നല്‍കുന്നതു സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികള്‍ രേഖാമൂലം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവിട്ടു. കൈതക്കോട് സ്വദേശിനി ബീന(27) യ്‌ക്കാണ് ജലസംഭരണി തകര്‍ന്ന് പരിക്കേറ്റത്. ആശുപത്രി ബില്‍ അടയ്‌ക്കാത്തതിനാല്‍ കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ നിന്നും വിടാത്തത് വിവാദമായിരുന്നു. 5,22,700 രൂപയുടെ ബില്ലാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ബീനയുടെ ഭര്‍ത്താവ് അഞ്ചലോസ് ആരോപിച്ചിരുന്നു. ജൂണ്‍ 25നായിരുന്നു സംഭവം. ബീനയുടെ ഏഴുവയസായ മകന്‍ അബി ഗബ്രിയേല്‍ അപകടത്തില്‍ മരിച്ചു. സര്‍ക്കാര്‍ ഏജന്‍സികളുടെ ഗുരുതര വീഴ്ച കാരണമാണ് ദാരുണ സംഭവം ഉണ്ടായതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ചികിത്സാ ചെലവ് നല്‍കാതെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. പവിത്രേശ്വരം പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും ആശ്വാസ നടപടികള്‍ ഉണ്ടായില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. ജലവിഭവ സെക്രട്ടറി, റവന്യൂസെക്രട്ടറി, കൊല്ലം ജില്ലാകളക്ടര്‍, പവിത്രേശ്വരം ഗ്രാമപഞ്ചയത്ത് സെക്രട്ടറി എന്നിവര്‍ സെപ്റ്റംബര്‍ 23ന് കൊല്ലത്ത് നടക്കു സിറ്റിംഗില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
















