ചവറ: സിവില്‍സപ്ലൈസ് കമ്മീഷണറുടെ സ്‌പെഷല്‍ സ്വോഡ് നടത്തിയ റെയിഡില്‍ നീണ്ടകരയില്‍ അനധിക്യതമായി സൂഷിച്ചിരുന്ന 3800 ലിറ്റര്‍ റേഷന്‍ മണ്ണണ്ണ പിടികൂടി. നീണ്ടകര പാലത്തിന് സമീപം കടയില്‍ ഏജന്‍സീസ് എന്ന സ്ഥാപനത്തിന്റെ പരിസരത്തായി 19 ബാരലുകളില്‍ സൂക്ഷിച്ചിരുന്ന മണ്ണണ്ണയാണ് ഇന്നലെ വൈകിട്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ വി.കെ തോമസിന്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്. പിടികൂടിയ മണ്ണണ്ണയില്‍ 1800 ലിറ്റര്‍ മത്സ്യഫെഡിന്റെ പമ്പുകളില്‍ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും നല്‍കുന്നതിനായുള്ള വെള്ള മണ്ണണ്ണയും 2000 ലിറ്റര്‍ റേഷന്‍ കടകള്‍ വഴി പൊതുവിതരണത്തിനായുള്ള മണ്ണണ്ണയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഘം പരിശോധിക്കാനായി എത്തിയ ഉടനെ കടയലെ ഏജന്‍സീസിലെ ജീവനക്കാര്‍ ഓടി രക്ഷപെട്ടു. സബ്ബ്‌സീഡി മണ്ണണ്ണ കരിച്ചന്തയില്‍ വിറ്റഴിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് റെയിഡ് നടത്തിയത്. പിടികൂടിയ മണ്ണണ്ണ സിവില്‍ സപ്ലൈയുടെ കരുനാഗപ്പള്ളിയിലെ മൊത്തവിതരണ ഡിപ്പോയിലേക്ക് മാറ്റി.
















