പത്തനംതിട്ട: വ്യത്യസ്ഥ വിഭവങ്ങള്‍ സമ്മാനിക്കുന്ന ചക്ക മഹോത്സവത്തിന് തിരക്കേറുന്നു. മുനിസിപ്പല്‍ ഗ്രൗണ്ടിലെ ചക്ക മഹോല്സവത്തില് അവതരിപ്പിക്കപ്പെട്ട ‘ചക്ക ഊണ്’ ഇതിനോടകം സൂപ്പര്‍ഹിറ്റായികഴിഞ്ഞു. ചക്ക പ്രേമികള്‍ കൂട്ടത്തോടെ എത്തിയതോടെ ഊണു വിളമ്പി ആദ്യ മണിക്കൂറുകളില്‍ തന്നെ വിഭവങ്ങള്‍ കാലിയാവുകയാണ്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നുമണിവരെയാണ് സംഘാടകര്‍ ചക്ക ഊണിന് സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ചക്ക ഊണ് തീര്‍ന്നു. പിന്നീട് ആഹാരം കഴിക്കാനെത്തിയവര്‍ ഊണിന് പകരം ചക്ക വിഭവങ്ങള്‍ കഴിച്ചു മടങ്ങി. അഞ്ഞൂറ് പേര്‍ക്കാണ് ഊണ് തയാറാക്കിയതെന്നും തിരക്ക് കൂടിയതിനാലാണ് തികയാതെ പോയതെന്നും സംഘാടകര്‍ പറഞ്ഞു. ഇതിനിടെ, കാണികളുടെ അഭ്യര്‍ത്ഥന മാനിച്ച് ചക്കപ്പഴം തീറ്റ മല്‍സരം വീണ്ടും സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജാക്ക് ഫ്രൂട്ട് പ്രമോഷന് കണ്‍സോര്‍ഷ്യം. കഴിഞ്ഞ ദിവസം നടന്ന ചക്കപ്പഴം തീറ്റ മല്‍സരത്തില്‍ വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനവും നല്കി. വീണ്ടും മല്‍സരം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ എത്തിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഇന്ന് ചക്കപ്പഴം തീറ്റ മല്‍സരം നടത്താന്‍ തീരുമാനിച്ചത്. മല്‍സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9846400492 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. മനസും വയറും നിറയ്ക്കുന്ന കാഴ്ചകളുമായി പുരോഗമിക്കുന്ന ചക്കഫെസ്റ്റില്‍ ഓരോദിവസം കാണികളുടെ തിരക്കേറുകയാണ്. അര്‍ബുദത്തിനുള്‍പ്പെടെ പ്രതിരോധ മാര്‍ഗമായ ചക്കയുടെ വിപണന സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് പ്രദര്‍ശനം. കോഴിക്കോടന്‍ ചക്ക ഹല്‍വ, കല്‍പ്പാത്തിയിലെ അയ്യര്‍ സ്പെഷല്‍ ചക്ക പപ്പടം, ചക്കപായസം, ചോക്ക്ലേറ്റുകള്‍, പത്ത് കൂട്ടം വിഭവങ്ങളൊരുക്കി ചക്ക ഊണ്, ചക്കദോശ തുടങ്ങി ചക്ക കൊണ്ടുള്ള 300ഓളം ഉല്‍പ്പന്നങ്ങള്‍ മേളയിലുണ്ട്. എല്ലാ സീസണിലും വിളയുന്ന ഓള് സീസണ് പ്ലാവിന് തൈകള്‍ക്ക് ആവശ്യക്കാരേറെയാണ്. മണ്ണാശേരില്‍ അഗ്രികള്‍ച്ചറല്‍ ഫാം ഒരുക്കുന്ന പതിനഞ്ചോളം വ്യത്യസ്ത ഇനത്തില്‍പ്പെട്ട പ്ലാവിന് തൈകളും വില്പനയ്ക്കായുണ്ട്. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത വലിപ്പത്തിലും രുചിയിലുമുള്ള ചക്കകളാണ് മേളയിലെ താരങ്ങള്‍. ചക്ക അറിവുകള്‍ നിറഞ്ഞ ചിത്രങ്ങള്‍, ചക്കകളുടെ പ്രദര്‍ശനം എന്നിവയും മേളയുടെ ഭാഗമാണ്. ജാക്ഫ്രൂട്ട് പ്രമോഷന് കണ്‍സോര്‍ഷ്യം, സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചക്കമഹോത്സവം 28ന് സമാപിക്കും. രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: