പത്തനംതിട്ട: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സൗഹൃദ സന്ദേശം വിളിച്ചോതി നടന്ന ശ്രീ കൃഷ്ണജയന്തി ആഘോഷം ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. ഈവര്‍ഷത്തെ ആഘോഷപരിപാടികള്‍ തൈവെയ്ക്കാം തണലേകാം താപമകറ്റാം- എന്ന സന്ദേശമാണ് സമൂഹത്തിലെത്തിച്ചത്. ഇതിന്റെ ഭാഗമായി വിവിധതരം വൃക്ഷത്തൈകള്‍ നാടിന്റെ നാനാഭാഗങ്ങളിലും നട്ടുപിടിപ്പിച്ചു. പ്രകൃതിയുമായി ഇണങ്ങുന്ന പ്രചരണ സാമഗ്രികളാണ് പൂര്‍ണ്ണമായും കൃഷ്ണജയന്തി ആഘോഷത്തിന് ഉപയോഗിച്ചത്. പ്ലാസ്റ്റിക്ക് കൊടിതോരണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. ശോഭായാത്ര കടന്നുപോകുന്ന വീഥികളില്‍ ഗതാഗത തടസ്സമുണ്ടാകാതിരിക്കാനും സംഘാടകര്‍ പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എല്ലാ സ്ഥലങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലിയാണ് പങ്കെടുത്തത്. ആഘോഷപരിപാടികളെ അട്ടിമറിക്കാന്‍ ജില്ലയിലും സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സമൂഹത്തിന്റെ വിവിധ ശ്രേണിയില്പെട്ടവര് ശ്രീകൃഷ്ണജയന്തി ശോഭായാത്രകളില്‍ പങ്കാളികളായത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ആഘോഷപരിപാടികളുടെ പ്രചരണത്തിനായി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ പലതവണ നശിപ്പിക്കപ്പെട്ടു. ഇത്തരം സംഭവങ്ങളില്‍ പോലീസ് നിഷ്ക്രിയമായിരുന്നെന്ന ആക്ഷേപവും ശക്തമായിരുന്നു. പല പ്രദേശങ്ങളിലും സിപിഎംപ്രവര്‍ത്തകരുടെ ഭീഷണിയും പ്രലോഭനങ്ങളും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ആഘോഷത്തില്‍ പങ്കാളികളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: