മലപ്പുറം: ഇന്ന് ശ്രീകൃഷ്ണ ജയന്തി. കണ്ണന്റെ കാല്‍ത്തള കിലുക്കം കാതോര്‍ത്തിരിക്കുകയാണ് നഗരഗ്രാമ വീഥികള്‍. ഉള്‍ഗ്രാമങ്ങളില്‍ പോലും തോരണങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു, അന്തരീക്ഷമാകെ കാവി നിറംചൂടിയിരിക്കുന്നു. ഒരോ ചെറുകേന്ദ്രങ്ങളിലും മനോഹര താല്കാലിക ക്ഷേത്രങ്ങളുമൊരുക്കി ശ്രീകൃഷ്ണജയന്തിയില്‍ കൃഷ്ണ ഭക്തിയുടെ ആത്മാര്‍ച്ചനയില്‍ സ്വയം സമര്‍പ്പിക്കുകയാണ് ബാലഗോകുലം പ്രവര്‍ത്തകര്‍. സംഘശക്തിയുടെ ബാല്യയൗവനങ്ങള്‍ രാവും പകലും നീണ്ട പ്രയത്നങ്ങളിലൂടെ നെയ്തെടുത്ത അവതാരരൂപങ്ങളുടെ കലാവിഷ്കാരങ്ങള്‍ ഇന്നത്തെ ശോഭായാത്രയില്‍ ദൃശ്യമാകും. മറ്റെങ്ങും കാണാത്ത നാട്ടുകൂട്ടായ്മകള്‍ ശോഭായാത്രകളുടെ മുന്നൊരുക്കത്തിനായി സജീവമാണ് എല്ലാറ്റിലും ഉപരിയായ് ജാതിമത കക്ഷിഭേദമന്യേ ഓരോ കുടുംബത്തിലെയും പൊന്നോമനകളെ കണ്ണനായി മയില്‍പ്പീലി ചൂടിച്ച് അണിയിച്ചൊരുക്കി അവരുടെ കളി ചിരികള്‍ കണ്‍നിറയെ കാണാന്‍ കാത്തിരിക്കുകയാണ്. ‘ഉണ്ണിക്കണ്ണന് മനസില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റു വേണമോ മക്കളായി’ എന്ന ജ്ഞാനപ്പാനയിലെ വരികള്‍ ദു:ഖമനുഭവിക്കുന്നവര്‍ക്ക് ഈ കാലഘട്ടത്തിലും ആശ്വാസമേകുകയാണ്. ഇത്തരം വിശ്വാസമൂല്യങ്ങള്‍ ബാലഗോകുലം പോലുള്ള സാംസ്കാരിക സംഘടനകള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് വിഷം പുരട്ടിയ മാറിടങ്ങളുമായി സമൂഹത്തിലെ പുതു തലമുറകളെ നശിപ്പിക്കാനിറങ്ങുന്ന പൂതനമാരെ പടിക്ക് പുറത്താക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്റെ നവ സന്ദേശം ‘തൈവെക്കാം തണലേകാം താപമകറ്റാം’ എന്നതാണ് ബാലഗോകുലം ബാലമനസുകളിലേക്കിട്ടു കൊടുക്കുന്ന ചിന്ത. ഇവര്‍ വിചാരിക്കണം ഇനി ആഗോള താപനത്തില്‍ നിന്ന് രക്ഷനേടാന്‍.
നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, കാളികാവ്, മഞ്ചേരി, മലപ്പുറം, കോട്ടയ്ക്കല്‍, ഊരകം, തിരൂര്‍, എടപ്പാള്‍, പൊന്നാനി, പരപ്പനങ്ങാടി, വളാഞ്ചേരി, താനൂര്‍ എന്നിവിടങ്ങളില്‍ മഹാശോഭായാത്രകള്‍ നടക്കും.
പുല്‍പ്പറ്റ: ദശാവതാരം ആദ്ധ്യാത്മിക സത്സംഗവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. 21-ാമതു സത്സസംഗത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മുത്തുകുടകള്‍, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ അലങ്കരിച്ച ഭഗവത് വിഗ്രഹത്തോടുകൂടി നടത്തപ്പെടുന്ന നാമജപഘോഷയാത്രയും നടത്തും. സഹസ്രനാമജപം, ശ്രീകൃഷ്ണാവതാര കഥാകഥനം, കഥകളി പദങ്ങള്‍ അവതരണം, ഭക്തിഗാനസുധ, സത്സസംഗ സന്ദേശം, പ്രസാദ വിതരണം എന്നിവയും ഉണ്ടാകും.
നിലമ്പൂര്‍: മുതുകാട്, തെക്കുംപാടം, ചക്കാലക്കുത്ത്, വീട്ടിക്കുത്ത്. മണലൊളി, മയ്യന്താണി ഭാഗങ്ങളില്‍ നിന്നും വരുന്ന ശോഭായാത്രകള്‍ നാലുമണിക്ക് നടുവിലക്കളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ എത്തി മഹാശോഭായാത്രയായി പുറപ്പെട്ട് നഗരം ചുറ്റി കോവിലം റോഡില്‍കൂടി വിരാടൂര്‍ ക്ഷേത്രപരിസരത്ത് സമാപിക്കും.
മഞ്ചേരിയില്‍ ജില്ലാ കാര്യദര്‍ശി ടി.പ്രവീണ്‍, ജില്ലാ അദ്ധ്യക്ഷന്‍ എം.സി.കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കും.
തേഞ്ഞിപ്പലം: ശ്രീകൃഷ്ണജയന്തി ആഘോത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പതാകദിനത്തോടെ നാടെങ്ങും ഉത്സവഛായ ദൃശ്യമായി തുടങ്ങി. കൊടിതോരണങ്ങള്‍ ബോര്‍ഡുകള്‍ പോസ്റ്ററുകളും മറ്റും ഗ്രാമങ്ങളില്‍ പോലും നവചൈതന്യം പകരാനായുയര്ന്നു. വിവിധ കേന്ദ്രങ്ങളില്‍ ഗോപൂജകള്‍ നടന്നു. ഉറിയടിയും കായികമത്സരങ്ങളും ആഘോഷം വിത്യസ്തമാക്കും. ചെനക്കലങ്ങാടി പാപ്പനുര്‍ നീരോല്‍പാലം ചൊവ്വയില്‍ ശിവക്ഷേത്രം, കൊടുവായൂര്‍, ഒളകര പുത്തൂര്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ വിവിധ മത്സരങ്ങള്‍ നടന്നു. അഞ്ചിന് വൈകീട്ട് നടക്കുന്ന ശോഭായാത്രകള്‍ പ്രധാന കേന്ദ്രങ്ങളില്‍ സംഗമിക്കും. തുടര്‍ന്ന് മഹാശോഭയാത്രയായി സമാപനകേന്ദ്രങ്ങളിലെത്തിച്ചേരും. ശ്രീകൃഷ്ണ വേഷമിട്ട ഉണ്ണിക്കണ്ണന്മാര് ഗോപികാഗോപന്മാര്‍ നിശ്ചലദൃശ്യങ്ങള്‍ ഭജനസംഘങ്ങള്‍ എന്നിവ ശോഭായാത്രക്ക് മാറ്റ് കൂട്ടും. ശ്രീകൃഷ്ണ കഥാകഥനം പ്രസാദവിതരണം എന്നിവയുണ്ടാകും.
മലപ്പുറം: മലപ്പുറം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തൃപുരാന്തക ക്ഷേത്രപരിസരത്തു നിന്നും ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന മഹാശോഭായാത്ര കോട്ടപ്പടി ട്രാഫിക് ഐലന്റ് ചുറ്റി മണ്ണൂര്‍ ശിവക്ഷേത്രത്തില്‍ വൈകിട്ട് 5.30ന് സമാപിക്കും.
കോട്ടക്കല്‍: വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന ശോഭായാത്ര, ചൂനൂര്‍ അമ്പാടി ബാലഗോകുലത്തിന്റെ ചൂനൂര്‍ പട്ടത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്രയോടു കൂടി ചേര്‍ന്ന് പണിക്കര്‍ കുണ്ട്, കാവതികളം വഴി കോട്ടയ്ക്കല്‍ വിശ്വംഭര ക്ഷേത്രത്തിലെത്തിച്ചേരും.വിശ്വംഭര ക്ഷേത്ര പരിസരത്ത് എത്തിച്ചേര്‍ന്ന ചൂനൂര്‍, ഇന്ത്യനൂര്‍,കോട്ടൂര്‍, ആമപ്പാറ, തോക്കാമ്പാറ, കൈപ്പള്ളിക്കുണ്ട്, പാണ്ഡമംഗലം എന്നീ ഏഴു ശോഭായാത്രകള്‍ സംഗമിക്കും. തുടര്‍ന്ന് മഹാശോഭായാത്ര നഗരപ്രദക്ഷിണത്തിന് ശേഷം കോട്ടയ്ക്കല്‍ പാണ്ഡമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും.
ഒതുക്കുങ്ങല്‍: ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷജയന്തി ശോഭായാത്ര കൊളത്തുപറമ്പ് മഹിളാ സമാജ പരിസരത്തുനിന്നും വൈകുന്നേരം നാലിന് ആരംഭിക്കും
മറ്റത്തൂര്‍: മറ്റത്തൂര്‍ മുനമ്പത്ത് ചോലയില്‍ ശ്രീഭഗവതി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും വൈകുന്നേരം 3.30നു ആരംഭിക്കുന്ന ശോഭായാത്ര ഒതുക്കുങ്ങള്‍, ചെറുകുന്ന് വഴി കൊളത്തൂപറമ്പില്‍ നാല് മണിക്ക് എത്തിച്ചേരുകയും ചെറുകുന്ന് ക്ഷേത്രത്തിലെ ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ സമാപിക്കും.
വേങ്ങര: ഊരകം കാരാത്തോട് നിവേദിത ബാലഗോകുലത്തിന്റെ ആഭിമു്യത്തില്‍ കാരാത്തോട് കരിങ്കാളി ക്ഷേത്രത്തില്‍ നിന്ന് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന ശോഭായാത്രയും കോട്ടുമല ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്രയും പൂളാപ്പീസ് കരിയാരം ശ്രീരഞ്ഞ്ജിനി ബാലഗോകുലത്തിന്റെ ശോഭായാത്രയും പൂളാപ്പീസിലെത്തി സംഗമിച്ച് പുത്തന്പീടികയിലെത്തും. ഊരകം അയോധ്യാശ്രീരാമചന്ദ്രദുര്ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ നിന്നും വൈകുന്നേരം 3നു ആരംഭിക്കുന്ന സരസ്വതി ബാലഗോകുലത്തിന്റെ ശോഭായാത്ര പുത്തന്‍പീടികയിലെത്തി കോട്ടുമല, കരിയാരം, കാരാത്തോട് ശോഭായാത്രകളുമായി സംഗമിച്ച് മഹാശോഭായാത്രയായി ഊരകം പഞ്ചായത്ത്, യാറംപടി വഴി പാറക്കണ്ണി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ആറിന് സമാപിക്കും.
കാട്യേക്കാവ് പാര്‍ത്ഥസാരഥി ബാലഗോകുലത്തിന്റെ ആഭിമു്യത്തില്‍ വേങ്ങര അമ്മാഞ്ചേരിക്കാവില്‍ നിന്നും വൈകിട്ട് 3നു ആരംഭിക്കുന്ന ശോഭായാത്ര വേങ്ങര മാര്‍ക്കറ്റ് റോഡ് വഴി പുഴച്ചാല്‍ എത്തി കാട്യേക്കാവ് ഭഗവതി കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ വൈകുന്നേരം ആറിന് സമാപിക്കും.
മക്കരപ്പറമ്പ്: പഴമള്ളൂര്‍ ദ്വാരകാ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്ര മൂന്ന് മണിക്ക് കോഴിയൂര്‍ ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് പഴമള്ളൂര്‍ സിറ്റി, സമൂസപ്പടി വഴി വറ്റലൂര്‍ അയ്യപ്പക്ഷേത്രത്തിലെത്തി വറ്റലൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്രയുമായി സംഗമിച്ച് പഴമള്ളൂര്‍ കോഴിയൂര്‍ ശിവക്ഷേത്രത്തില്‍ ആറ് മണിക്ക് സമാപിക്കും.
കോഡൂര്‍: വലിയാട് ശ്രീദുര്‍ഗ്ഗാ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്ര പൂത്രക്കോവില്‍ വിഷ്ണു ക്ഷേത്രത്തില്‍ നിന്നും വൈകിട്ട് മൂന്നിമ് ആരംഭിച്ച് വലിയാട് പാറമ്മല്‍ കോട്ടത്തൊടി വഴി പൂത്രക്കോവിലില് ആറിന് സമാപിക്കും.
പൊന്മള: പൊന്മള മേല്‍മുറി അഭിമന്യൂ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്ര പൊന്മള മേല്‍മുറി മഹാദേവക്ഷേത്രത്തില്‍ നിന്നും വൈകിട്ട് മൂന്നി ആരംഭിച്ച് പറങ്കിമൂച്ചിക്കല്‍ വഴി കുറുപ്പിന് പടിയിലെത്തും കുറുപ്പിന്‍പടി നരേന്ദ്ര ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയുമായി കുറുപ്പിന് പടിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി പൊന്മള മഹാദേവക്ഷേത്രത്തില്‍ സമാപിക്കും.
ചേങ്ങോട്ടൂര്‍: ശ്രീകൃഷ്ണ ബാലഗോകുലം ചേങ്ങോട്ടൂര്‍, ചട്ടിപ്പറമ്പ് മഹാലക്ഷ്മി ബാലഗോകുലം, ആക്കപ്പറമ്പ് തൃപുരാന്തകന്‍കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള നിന്നുള്ള ശോഭായാത്ര ചട്ടിപ്പറമ്പിലെത്തി.മഹാശോഭായാത്രയായി വൈകിട്ട് ആറിന് ചേങ്ങോട്ടൂര്‍ ശിവക്ഷേത്രത്തില്‍ സമാപിക്കും.
തോട്ടപ്പായ: ഭവാനി ബാലഗോകുലം, തെക്കേക്കര വൃന്ദാവനം ബാലഗോകുലം എന്നിവയുടെ ശോഭായാത്രകള്‍ സംഗമിച്ച് മണ്ണഴി സുബ്രഹ്മണ്യന് കോവില്‍ പ്രദക്ഷിണം ചെയ്ത് മണ്ണഴി ശിവക്ഷേത്രത്തില്‍ വൈകിട്ട് ആറിന് സമാപിക്കും.
പെരുമണ്ണ ക്ലാരി: ക്ലാരി കാര്യവട്ടത്ത് ശ്രീ ശിവപാര്‍വ്വതി ബാലഗോകുലത്തിന്റെയും ക്ലാരിമൂച്ചിക്കല്‍ കൃഷ്ണകൃപ ബാലഗോകുലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇരു ക്ഷേത്രങ്ങളില്‍ നിന്നും ഉച്ചക്ക് 2.30ന് ശോഭായാത്ര ആരംഭിക്കുന്നു. ക്ലാരിമൂച്ചിക്കല്‍ വെച്ച് ഇരുശോഭായാത്രകളും സംഗമിച്ച് മഹാശോഭയാത്രയായി കുറുക ശ്രീ ഐവെന്ത്രന്കാവ് ക്ഷേത്രത്തിലെത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: