ഇരിങ്ങാലക്കുട: മാപ്രാണം സ്വദേശിയുടെ കാര്‍ തട്ടിയെടുത്ത് തമിഴ്നാട്ടില്‍ വില്‍പ്പന നടത്തിയ കേസിലെ പ്രതി വരന്തരപ്പിള്ളി മണ്ണംപേട്ട മങ്ങാട്ടുശ്ശേരി വീട്ടില്‍ സജീവന് എന്ന കണ്ണനെയാണ് ഇരിങ്ങാലക്കുട ഡി വൈ എസ് പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാപ്രാണം ആറ്റുപുറത്ത് തങ്കപ്പന് നായരുടെ മകന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാര്‍, മകന്റെ സുഹൃത്തുക്കള്‍ വഴി പ്രതികള്‍ കൈക്കലാക്കുകയും കാര്‍ തമിഴ് നാട് നാഗര്‍കോവിലില്‍ എത്തിച്ച് വില്‍പ്പന നടത്തുകയുമായിരുന്നു.
കാര്‍ കാണാതായതിനെ തുടര്‍ന്ന് തങ്കപ്പന് നായര്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണത്തില്‍ 7 പ്രതികള്‍ ഉള്‍പ്പെട്ടതായി അറിവായി. കൃത്യത്തിനു ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. പ്രതികളെ രഹസ്യമായി നിരീക്ഷിക്കുന്നതിനിടയിലാണ് പ്രതി അറസ്റ്റിലായത്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ് ടി സുരേഷ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സി ഐ മനോജ്, എഎസ്ഐ സുരേഷ്, അനില്‍ തോപ്പില്‍, എസ്സിപിഒ കെ എ ഹബീബ്, മുഹമ്മദ് അഷറഫ്, എം കെ ഗോപി, മുരുകേഷ് കടവത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ 6 പ്രതികളെ കൂടി അറസ്റ്റ് ചെയ്യുവാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: