ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനമായ ട്രഷറിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും നഗരസമദ്ധ്യത്തില് കാടുകയറിയ നിലയില്‍. ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള കച്ചേരി വളപ്പില്‍ സ്ഥിതി ചെയ്യുന്ന മുകുന്ദപുരം താലൂക്ക് ട്രഷറിയും, ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുമാണ് കാടുപിടിച്ച് അപകടാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നത്.
ഇഴജന്തുക്കളെയും ഭീതിയുണര്‍ത്തി നടക്കുന്ന നായകളെയും പേടിച്ചാണ് ജനങ്ങള്‍ ട്രഷറിയിലേക്കും കോടതിയിലേക്കും വരുന്നതെന്ന് ജീവനക്കാരും ട്രഷറിയിലേക്ക് വരുന്നവരും പറയുന്നു. കെട്ടിടങ്ങളുടെ ഉള്ളിലും പുറത്തും കാട് വളര്‍ന്ന് വലിയ മരങ്ങളായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാറ്റില്‍ മരം ഒടിഞ്ഞ് ഓട്ടോ റിക്ഷക്കു മുകളില്‍ വീണ് അപകടം സംഭവച്ചിരുന്നു. ബാര്‍ അസോസിയേഷന് പ്രവര്‍ത്തിക്കുന്നത് കെട്ടിടത്തിനു മുകളില്‍ ടാര്‍പായ വലിച്ചുകെട്ടിയിട്ടാണ്. മഴ പെയ്താല്‍ ഓഫീസില്‍ ചോര്‍ച്ചയാണെന്ന് ജീവനക്കാര്‍ പറയുന്നു.
രാത്രിയായാല്‍ അസാന്മാര്ഗ പ്രവര്‍ത്തനങ്ങളുടെയും സാമൂഹ്യദ്രോഹികളുടെയും വിഹാരകേന്ദ്രമായി കച്ചേരിവളപ്പ് മാറിയിട്ടുണ്ട്.കെട്ടിടങ്ങളുടെ അറ്റകുറ്റപണികളോ, പരിസരവും കെട്ടിടങ്ങളും വൃത്തിയാക്കാനോ ദേവസ്വം അധികൃതരോ, സര്‍ക്കാര്‍ അധികൃതരോ തയ്യാറാകാത്തതാണ് കച്ചേരി വളപ്പ് കാടായി മാറാന്‍ കാരണം. അനേകം പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കച്ചേരിവളപ്പ് സര്‍ക്കാരില്‍ നിന്ന് തിരികെ ലഭിച്ചിട്ട് യാതൊരു വക അറ്റകുറ്റപണികളോ ശുചീകരണപ്രവര്‍ത്തനങ്ങളോ നടത്താതെ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്ന അവസ്ഥയാണ് ഇന്നുള്ളത്.
ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. സിവില്‍ സ്റ്റേഷന് യാഥാര്‍ത്ഥ്യമായതോടുകൂടി മറ്റു കോടതികള്‍ മാറിയെങ്കിലും ട്രഷറിയും ചീഫ് ജുഡീഷ്യല്‍ മജീസ്ട്രേറ്റ് കോടതിയും ഇപ്പോഴും കച്ചേരിവളപ്പില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.ഇവ സിവില്‍സ്റ്റേഷനിലേക്ക് മാറി കച്ചേരി വളപ്പ് പൂര്‍ണ്ണമായും ദേവസ്വത്തിന് കൈമാറാന്‍ വൈകുന്നതിനെതിരെ ഹൈന്ദവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. നഗരമദ്ധ്യത്തിലെ കണ്ണായ സ്ഥലം ഇതുപോലെ കാടുപിടിച്ചും കെട്ടിടങ്ങള്‍ നശിച്ചുപോകുമ്പോഴും സംരക്ഷിക്കേണ്ട ദേവസ്വം അധികൃതരുടെ അനാസ്ഥ ആശ്ചര്യം ജനിപ്പിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: