കല്‍പ്പറ്റ : കേരളാ-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന കുടക് ജില്ല, മൈസൂര്‍ ജില്ല തുടങ്ങിയ ഭാഗങ്ങളില്‍ മദ്യമാഫിയകള്‍ താവളമാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളാ അതിര്‍ത്തിയില്‍നിന്നും 50 മീറ്റര്‍ ദൂരെ നാഗര്‍ഹോളൈ ടൈഗര്‍ റിസര്‍വ്വിനുള്ളിലെ മച്ചൂരിലാണ് വിലക്കുകളെല്ലാം മറികടന്ന് കഴിഞ്ഞദിവസം മദ്യശാല തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ബാവലിയില്‍നിന്നും മൂന്ന് കിലോമീറ്ററും പുല്‍പ്പള്ളി മരക്കടവില്‍ നിന്നും മീറ്ററുകളും മാത്രമാണ് ഈ മദ്യശാലകളിലേക്കുള്ളത്. കേരളത്തില്‍ നിന്നുമുള്ളവരെ മദ്യശാലയിലേക്ക് കൊണ്ടുവരുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമായി തോണികളും തയ്യാറാക്കിയിട്ടുണ്ട്.
മദ്യാശാലയാണെന്നുള്ള ബോര്‍ഡോ, ലൈസന്‍സ് നമ്പറോ ഒന്നും പ്രദര്‍ശിപ്പിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. ആദിവാസി കോളനികളില്‍ നിന്നും മീറ്ററുകളുടെ മാത്രം വ്യത്യാസത്തില്‍ പ്രൈമറി സ്കൂളിന്റെ സമീപത്തായാണ് സ്ഥാപനം തുറന്നത്. ബാവലിയില്‍ നിന്നും മുപ്പത് മീറ്റര്‍ അകലെ മച്ചൂരില്‍ പുതിയതായി മറ്റൊരു മദ്യശാലക്കും അനുമതി നല്‍കിയിട്ടുണ്ട്.
വയനാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ മദ്യശാലകള്‍ തുറക്കുന്നത് കാരണം ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് വയനാടന്‍ ജനതയാണ്. ആദിവാസികള്‍ അടക്കമുള്ള ജനസമൂഹം ഇപ്പോള്‍ തന്നെ മദ്യത്തിന് അടിമയായി തീരുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്. നിര്‍ലോഭമായി മദ്യം ലഭിക്കാനുള്ള സാഹചര്യം കൂടുന്നതുവഴി അതിര്‍ത്തി ഗ്രാമങ്ങളിലേക്കുള്ള മദ്യപാനികളുടെ ഒഴുക്ക് വര്‍ദ്ധിക്കുകയും ഇത് സാമൂഹത്തിന്റെ സമാധാന അന്തരീക്ഷം തകരുന്നതിനും കാരണമാകുന്നു. കേരള സര്‍ക്കാരിന്റെ അവ്യക്തമായ മദ്യനയമാണ് അന്യസംസ്ഥാനങ്ങള്‍ മുതലെടുക്കുന്നത്. മദ്യനയത്തില്‍ വ്യക്തമായ കാഴ്ചപ്പാടുകളും ഉറച്ച സമീപനങ്ങളും സ്വികരിച്ചാല്‍ മാത്രമെ ഇതിനെ തടയുവാന്‍ സാധിക്കുകയുള്ളു. ഇതിന് മുഖ്യമന്ത്രി അടക്കമുള്ള ആളുകള്‍ ഇടപ്പെട്ടുകൊണ്ട് കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അടിയന്തിരമായി അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ അഖില്‍ പ്രേം അദ്ധ്യക്ഷത വഹിച്ചു. ജിതിന് ഭാനു, പ്രശാന്ത് മലവയല്‍ , ധനില്‍ കുമാര്‍ , സുജിത, അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: