കോഴഞ്ചേരി: അഷ്മിരോഹിണി വള്ളസദ്യയ്യ്ക്ക് ആറന്മുള ഒരുങ്ങി. ഇന്ന് രാവിലെ 11.30 ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഭദ്ര ദീപം തെളിയിക്കുന്നതോടെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് തുടക്കമാകും. പാഞ്ചജന്യം മൂഴക്കുന്ന ശ്രീകൃഷ്ണനെ സ്തുതിച്ചുകൊണ്ടും കര്‍മ്മയോഗത്തിന്റെ കഥകളുടെ ഭീഷ്മപര്‍വ്വവും ഭക്തന്റെ സമര്‍പ്പണത്തിന്റെ കഥ പറയുന്ന കുചേലഗതിയും വഞ്ചിപ്പാട്ടുകളില്‍ പാടിസ്തുതിച്ചുകൊണ്ട് കരക്കാര് നാലമ്പലത്തിന് വലംവയ്ക്കും. തുടര്‍ന്ന് ഭൂമിയില്‍ വെറും നിലത്തിരുന്ന് തൂശനിലയിട്ട് ഭക്തരും പള്ളിയോടങ്ങളിലെത്തിയ കരക്കാരും അന്നദാനം സ്വീകരിക്കും. മഹാസദ്യയില്‍ ഭഗവാനും അന്നദാനത്തിന്റെ പങ്കാളിയാകുന്നുണ്ടെന്നാണ് വിശ്വാസം.
പാചക വിദഗ്ദ്ധന് പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന പാചക തൊഴിലാളികളാണ് വിഭവങ്ങള്‍ ഒരുക്കുന്നത്. 450 പറ അരിയുടെ ചേറാണ് വള്ളസദ്യയ്ക്കായി ഒരുക്കുന്നത്. ശ്രീകൃഷ്ണജയന്തിനാളില്‍ ഭക്തനും ഭഗവാനും ഒന്നിച്ചിരുന്ന് അന്നമുണ്ണുന്ന പുണ്യമാണ് അഷ്ടമിരോഹിണി സമൂഹ വള്ളസദ്യയുടെ വിശ്വാസം. അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള സംഭാവനകള്‍ സമര്‍പ്പിക്കുന്നതിന് ക്ഷേത്രത്തില്‍ ഇന്ന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
വള്ളസദ്യയുടെ ഭാഗമായി പൊലീസും പള്ളിയോട സേവാസംഘവും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പള്ളിയോടങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാപ്റ്റന്മാരുടെ യോഗത്തില്‍ നേരത്തേതന്നെ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെല ഭാഗമായി ജീവന് രക്ഷാ ഉപാധികള്‍ അവര്‍ പള്ളിയോടങ്ങളില്‍ കരുതും. അഗ്നിശമന സേനയും ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
വള്ളസദ്യ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട എല്ലായിടത്തും പള്ളിയോടത്തില്‍ വരുന്നവരുള്‍പ്പെടെ സദ്യയില്‍ പങ്കെടുക്കുന്നവരെയും സുരക്ഷാ ക്യാമറകളുടെ സഹായത്തോടെ നിരീക്ഷിക്കും. മോഷണം പോലെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനാണിത്. ക്ഷേത്രത്തിലേക്ക് കയറുന്നതിനും പുറത്തേക്ക് ഇറങ്ങുന്നതിനും രണ്ട് വഴികളും ഇതിനാവശ്യമായ സൂചന ബോര്‍ഡുകളും ഒരുക്കിയിട്ടുണ്ട്.
അഷ്ടമിരോഹിണി സമൂഹ വള്ളസദ്യയുടെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേനടയിലും പടിഞ്ഞാറെ നടയിലും ഉള്‍പ്പെടെ ചെറിയ റോഡികളില്‍ ഗതാഗതം നിയന്ത്രിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: