കല്‍പ്പറ്റ : സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡറേഷനു കീഴില്‍ വയനാട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ നന്മ സ്റ്റോറുകളും പൂട്ടിയത് കുത്തകകളെ സഹായിക്കാനെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇരുളം, കാപ്പിസെറ്റ്, അമരക്കുനി, ആണ്ടൂര്‍, കുമ്പളേരി, മാണ്ടാട്, പൊഴുതന, പള്ളിക്കുന്ന്, ഇരുമനത്തൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒന്‍പത് സ്റ്റോറുകളാണ് പൂട്ടിയത്. ഇതോടെ ഇവിടങ്ങളിലെ 18 താത്കാലിക തൊഴിലാളികള്‍ക്കും ജോലി ഇല്ലാതാവുകയും പ്രദേശങ്ങളിലെ നാട്ടുകാര്‍ക്ക് ന്യായവിലക്ക് ലഭ്യമായിരുന്ന അവശ്യസാധനങ്ങളും കിട്ടാതായിരിക്കുകയാണ്.
ഇരുളം, പള്ളിക്കുന്ന്, മാണ്ടാട് എന്നിവിടങ്ങളിലെ സ്റ്റോറുകളാണ് ഏറ്റവും ഒടുവില്‍ അടച്ചത്. ഗ്രാമീണ മേഖലകളില്‍ പൊതുവിപണിവിലയുടെ ഇരുപത് ശതമാനം കുറവില്‍ നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കുന്ന സഹകരണ പൊതുവിതരണ സംവിധാനമായ കണ്‍സ്യൂമര്‍ ഫെഡറേഷന് നന്മ സ്റ്റോര്‍ ഗ്രാമീണര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു.
എല്ലാം ശരിയാക്കിതുടങ്ങിയ ഇടതുപക്ഷ സര്‍ക്കാര്‍ ദാരിദ്രരുടെമേലും ശരിയാക്കല്‍ ആരംഭിച്ചതായും ബിജെപി ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി.
സാധാരണക്കാര്‍ക്ക് ഗുണകരമായ നന്മ സ്റ്റോര്‍ അടച്ചുപൂട്ടുകയും അതേസമയം ഓണ്‍ലൈന്‍ മദ്യവില്‍പനയിലൂടെയും മറ്റും ജനങ്ങളെ ലഹരിക്കടിമയാക്കുകയുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. തൊഴിലാളികളെയും പിരിച്ചുവിടാനുള്ള രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായാണ് നന്മ•സ്റ്റോറുകള്‍ അടച്ചിടാനുള്ള നീക്കത്തിന് പിന്നിലെന്നും യോഗം വിലയിരുത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. മോഹന്‍ ദാസ്, പി.ജി. ആനന്ദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: