വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂരില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു. അന്വേഷണം നടക്കുന്നുവെന്ന് പറയുന്നതല്ലാതെ ഒരാളെപ്പോലും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ കരൂപ്പടന്ന പാരിജാതപുരം ശിവവിഷ്ണുസ്വാമി ക്ഷേത്രത്തില്‍ പട്ടാപ്പകലാണ് മോഷണം നടന്നത്. തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന പൂജാപാത്രങ്ങളും ദീപസ്തംഭവുമാണ് മോഷണം പോയത്. പൂമംഗലത്തെ കല്പറമ്പ് വെങ്ങാട്ടുംപിള്ളി ശിവക്ഷേത്രത്തില്‍ ഓഫീസ് മുറി കുത്തിത്തുറന്നാണ് അലമാരയിലുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്നത്.
ക്ഷേത്രത്തില്‍ നടക്കുന്ന കലശപൂജക്കുള്ള സംഭാവനതുകയും വഴിപാടായി ലഭിച്ച സ്വര്‍ണവുമാണ് മോഷണം പോയത്. കാട്ടൂരിലും ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചു. നടവരമ്പിലെ ഒരു വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ഈ കേസുകളിലൊന്നും കുറ്റവാളികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ മേഖലയില്‍ രാത്രികാല പട്രോളിങ്ങ് നടത്തണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: