നേട്ടങ്ങളില്‍ ചിലത്
$വിവിധ സുരക്ഷാ പദ്ധതികള്‍ക്കുള്ള സാമ്പത്തിക
സഹായങ്ങള്‍ ലഭ്യമാക്കാന്‍ 70 കോടി ജനങ്ങളെ
ആധാര്‍കാര്‍ഡുമായി ബന്ധപ്പെടുത്തി.
$ഊര്‍ജ്ജ മേഖലയിലെ വിപ്ലവം ശക്തമാകുകയാണ്. എല്‍ഇഡി
ബള്‍ബുകള്‍ മുമ്പ് 350 രൂപയ്ക്കാണ് നല്‍കിയിരുന്നത്.
ഇപ്പോള്‍ സര്‍ക്കാര്‍ 50 രൂപയ്ക്ക് നല്കുന്നു.
ഇതുവരെ 13 കോടി ബള്‍ബുകള്‍ വിതരണം ചെയ്തു.
77 കോടിയാണ് ലക്ഷ്യം. 70 കോടി ബള്‍ബുകള്‍ക്ക്
20,000 മെഗാ വാട്ട് വൈദ്യുതി ലാഭിക്കാനായി.
അതിലൂടെ 1.25 ലക്ഷം കോടി രൂപ ലാഭം.
$രാജ്യത്തിന്റെ മുക്കിലും മൂലയിലും വൈദ്യുതി എത്തിക്കാന്‍
വര്‍ഷം 50,000 കിലോ മീറ്ററില്‍ ലൈന്‍ വലിക്കുന്നുണ്ട്.
വൈദ്യുതിയില്ലാത്ത 18,000 ഗ്രാമങ്ങളാണ് ഉണ്ടായിരുന്നത്.
അവയില്‍ 10,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു.
$മുമ്പ് പ്രതിദിനം 70-75 മീറ്റര്‍ റോഡാണ്
രാജ്യത്തുണ്ടാക്കിയിരുന്നത്. ഇന്നത് 100 ആയി.
$കര്‍ഷകരുടെ വരുമാനം 2020-ല്‍ നിലവിലുള്ളതിന്റെ
ഇരട്ടിയാക്കും. പയര്‍വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പാദനം
ഒന്നര മടങ്ങ് വര്‍ദ്ധിപ്പിക്കും.
$എയര്‍ ഇന്ത്യ, ടെലികോം, ഷിപ്പിങ് കോര്പ്പറേഷന്
തുടങ്ങിയവ ലാഭത്തിലായി.
ഈനാട് ഹിംസ പൊറുക്കില്ല, ഭീകരത സഹിക്കില്ല. നാലു പതിറ്റാണ്ടായി നമ്മുടെ മണ്ണില്‍ ഭീകര പ്രവര്‍ത്തനത്തിനു ചോരയൊഴുക്കുന്നവര് ഒന്നും നേടിയിട്ടില്ലെന്ന് തിരിച്ചറിയണം, പ്രധാനമന്ത്രി നരേന്ദ്ര മോദി 70-ാം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുന്നറിയിപ്പു നല്കി. കാടുകളില്‍ മാവോയിസവും അതിര്‍ത്തികളില്‍ തീവ്രവാദവും മലമേഖലയില്‍ ഭീകരതയും നടത്തുന്നവര്‍ക്കുള്ള കനത്ത താക്കീതു നല്കിയ ചെങ്കോട്ട പ്രസംഗം, സര്‍ക്കാരിന്റെ നയവും തന്ത്രവും നിലപാടും നടപടികളും വിശദീകരിച്ചു-
പ്രസംഗത്തിലൂടെ:
നമുക്കു ബഹുസഹസ്രം വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. നമ്മുടെ സംസ്കാരം പല നൂറ്റാണ്ടത്തെ പൈതൃകമാണ്; വേദം മുതല്‍ വിവേകാനന്ദന് വരെ, ഉപനിഷത്ത് മുതല്‍ ഉപഗ്രഹം വരെ, സുദര്‍ശന ചക്രധാരി മോഹന്‍ മുതല്‍ ചര്‍ക്കാധാരി മോഹന്‍വരെ, മഹാഭാരതത്തിലെ ഭീമന് മുതല്‍ ഭീമാ റാവു അംബേദ്കര്‍ വരെ ആ ചരിത്രവും സംസ്കാരവും വ്യാപിച്ചിരിക്കുന്നു.
നമ്മുടെ സ്വാതന്ത്ര്യം ഒട്ടേറെപ്പേരുടെ ത്യാഗഫലമാണ്. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന് ഇനിയും ത്യാഗങ്ങള്‍ ഒട്ടേറെ വേണം. 125 കോടി ജനങ്ങള്‍ ധീരമായ, അര്‍പ്പണമുള്ള, അച്ചടക്കമുള്ള, കൃത്യമായ കടമ നിര്‍വഹിച്ചാലേ അതു സാധിക്കൂ. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റുവരെ ഗ്രാമപ്രധാന്‍ മുതല്‍ പ്രധാനമന്ത്രിവരെ സാധാരണക്കാര്‍ മുതല്‍ സമ്പന്നര്‍വരെ ഒരേപോലെ കടമ ചുമലിലേറ്റി, കൃത്യമായും പൂര്‍ണ്ണമായും നിര്‍വഹിച്ചേ അത് സാധ്യമാകൂ.
നമുക്ക് എണ്ണമറ്റ പ്രശ്നങ്ങളുണ്ട്, പക്ഷേ അതു പരിഹരിക്കാന്‍ ഇവിടെ 125 കോടി തലച്ചോറുമുണ്ട്.
സദ്ഭരണത്തിന്റെ യാത്രയില്‍ ഈ സര്‍ക്കാര്‍ ഒട്ടേറെ ചെയ്തു, ചെയ്യുന്നു, ഇനിയും ചെയ്യും. രണ്ടരവര്‍ഷത്തിനിടെ ചെയ്ത കര്‍മ്മങ്ങളുടെ വിശദാംശങ്ങള്‍ നല്കണമെങ്കില്, ചെങ്കോട്ടയിലെ ഈ സുപ്രധാന വേദിയില്‍, ആഴ്ചകളോളം സംസാരിക്കേണ്ടിവരും. അതിനാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന സംസ്കാരത്തെക്കുറിച്ച് പറയാം. നയങ്ങളെക്കുറിച്ചും, സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെയും തീരുമാനത്തെയും കുറിച്ചും.
സദ്ഭരണം എനിക്ക് സാധാരണക്കാരന്റെ ജീവിതം ആധാരമാക്കിയാണ്. ആശുപത്രികളില്‍ ചികിത്സയ്ക്ക് മൂന്നും നാലും മണിക്കൂറുകള്‍ കാത്തുനില്ക്കുന്ന കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ചികിത്സാ സംവിധാനം ആശുപത്രികളില്‍ എളുപ്പമാക്കുന്നു. നിലവില്‍ രാജ്യത്തെ 40 പ്രമുഖ ആശുപത്രികളില്‍ നടപ്പായി.
പുതിയ സാങ്കതിക വിദ്യ നമുക്കുണ്ട്. അതുപയോഗിക്കുകയേ വേണ്ടൂ. റെയില്‍വേയില്‍ മുമ്പ് മിനിട്ടില്‍ 2000 ടിക്കറ്റാണ് ലഭിച്ചിരുന്നത്. ഇന്ന് 15,000 ആയി. ഇടത്തരക്കാര്‍ക്ക് വരുമാന നികുതിയെന്നു കേട്ടാല്‍ ഭയമായിരുന്നു. അതും മാറി. സ്ഥിതിഗതികള്‍ മാറ്റണം, ഞാന്‍ അതിന് ശ്രമിക്കുകയാണ്, തീര്‍ച്ചയായും ഞാന്‍ മാറ്റും.
സുതാര്യത സദ്ഭരണത്തില്‍ അനിവാര്യമാണ്. പാസ്പോര്‍ട്ട് കിട്ടാന്‍ മുമ്പ് മാസങ്ങള്‍ വേണമായിരുന്നു. ഇപ്പോള്‍ ഒന്നുരണ്ടാഴ്ചമതി. കഴിഞ്ഞവര്‍ഷം ഒന്നേ മുക്കാല്‍ കോടി പാസ്പോര്ട്ടുകള് കൊടുത്തു. സുരാജ്യത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് സുവേഗവും വേണം. കമ്പനിയോ നിര്‍മാണശാലയോ തുടങ്ങാനുള്ള അനുമതിക്ക് മുന്‍പ് ആറുമാസം വേണ്ടിയിരുന്നു മുമ്പ്. അതേരാജ്യത്ത്, അതേ ഉദ്യോഗസ്ഥര്‍ അതേ നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് 24 മണിക്കൂറിനകം തീരുമാനമെടുക്കുന്നു. ജൂലൈയില്‍ മാത്രം, 900 രജിസ്ട്രേഷന് നടന്നു.
ഇതാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. ഭരണം മാറിവരും, സംവിധാനവും രാജ്യവും തുടര്‍ച്ചയാണ്. പുരോഗതി എന്ന പദ്ധതി പ്രകാരം മാസത്തിലൊരിക്കല്‍ ഞാന്‍ പദ്ധതികള്‍ അവലോകനം ചെയ്യുന്നു. ഏഴരലക്ഷം കോടി രൂപയുടെ 119 പദ്ധതികള്‍ മുന്‍കാല സര്‍ക്കാരുകളുടേതായി പൂര്ത്തിയാകാതുണ്ട്. ഇതെല്ലാം പൂര്‍ത്തിയാക്കും.
പലതും 20 വര്‍ഷം മുതല്‍ 35 വര്‍ഷം മുമ്പ് തുടങ്ങിയതാണ്. മുന്‍ സര്‍ക്കാരുകള്‍ 10 ലക്ഷം കോടിയിലേറെ ചെലവാക്കി തുടങ്ങിയ, ഒരു ഫലവും കാണാത്ത 270 പദ്ധതികളെങ്കിലുമുണ്ട്. ഇതെല്ലാം കുറ്റകരമായ പാഴ്ചെലവുകളാണ്.
ഈ വര്‍ഷം രാജ്യം രാമാനുജാചാര്യയുടെ 1000-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നു. മഹാത്മജിയുടെ ഗുരു ശ്രീമദ് രാജ്ചന്ദ്രജിയുടെ 150-ാം ജന്മവര്ഷം, ഗുരുഗോവിന്ദ് സിംഹിന്റെ 350-ാം ജന്മവര്ഷം, പണ്ഡിറ്റ് ദീന് ദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി എന്നിവ ആഘോഷിക്കുന്നു. രാമാനുജാചാര്യയെക്കുറിച്ചു പറയുമ്പോള്‍, നാം ഈശ്വരന്റെ എല്ലാ ഭക്തരേയും ജാതിയോ വര്‍ഗ്ഗമോ നോക്കാതെ സേവിക്കണമെന്ന് അദ്ദേഹം പറഞ്ഞത് ഓര്‍മ്മിക്കണം. ഗാന്ധിജിയും അംബേദ്കറും രാമാനുജാചാര്യനും ഭഗവാന് ബുദ്ധനും നമ്മുടെ പുരാണ ഗ്രന്ഥങ്ങളും ആത്മീയ ഗുരുക്കന്മാരും സാമൂഹ്യ ഐക്യത്തിനുള്ള സന്ദേശമാണ് നല്‍കിയത്.
സമൂഹം വിഘടിച്ചാല്‍, രാജ്യം ചിതറും, ഉന്നതരും താഴ്ന്നവുമായി, സ്പൃശ്യരും അസ്പൃശ്യരുമായി വിഭജിക്കപ്പെടും, സാഹോദര്യം നിലനിര്ത്താനാകാതെവരും. ഇതെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാമൂഹ്യവിപത്തുകളാണ്, ഇവ കാലപ്പഴക്കം ചെന്നാല്‍ പരിഹാരമില്ലാത്ത വിപത്താകും. ഉശിരില്ലാത്ത സമീപനം പ്രശ്ന പരിഹാരമാകില്ല. ഇത് 125 കോടി ജനങ്ങളുടെ ഉത്തരവാദിത്തമാണ്. സര്‍ക്കാരും സമൂഹവും ചേര്‍ന്നുവേണം ഈ സാമൂഹ്യ വിപത്തുകള്‍ക്ക് പരിഹാരം കാണാന്‍.
നമുക്ക് ഒന്നായി ഈ സാമൂഹ്യ വിപത്തിനെ നേരിടാം. നമ്മള് സ്വയം ഈ വിപത്തുകള്‍ക്കു മേല്‍ ഉയരണം. സമൂഹം ശക്തമാക്കാതെ, ശക്തമായ ഭാരതം സാധ്യമല്ല. അതിന് സാമ്പത്തിക പുരോഗതി മാത്രം പോരാ. സുശക്ത സമൂഹം കരുത്തുറ്റ സാമൂഹ്യ നീതിയിലേ ഉണ്ടാക്കാനാവൂ. അതിനാല്‍ സാമൂഹ്യ നീതിയില്‍ ഊന്നല്കൊടുക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. ദളിതരോ, പിന്നാക്കക്കാരോ, ചൂഷിതരോ, അവഗണിക്കപ്പെട്ടവരോ, ആദിവാസി സഹോദരങ്ങളോ, ഗ്രാമീണ ജനതയോ, നഗരവാസികളോ, സാക്ഷരരോ നിരക്ഷരരോ, എളിയവരോ പ്രമുഖരോ ആരൊക്കെയായാലും അവരെല്ലാം ഉള്‍പ്പെട്ട 125 കോടി ജനത ചേര്‍ന്നാണ് നമ്മുടെ കുടുംബം രൂപപ്പെടുന്നത്. നാമെല്ലാം ഒരേ ദിശയില്‍ പ്രവര്‍ത്തിച്ച് നമ്മുടെ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകണം.
ജനസംഖ്യയില്‍ 65 ശതമാനം യുവാക്കളുള്ള നമ്മുടെ രാജ്യത്തിന് അസാധ്യമായതെന്താണ്. അവരില്‍ 80 കോടി ജനത 35 വയസ്സില്‍ താഴെയുള്ളവരാണ്. അതിനാല്‍ നമ്മുടെ യുവാക്കള്‍ക്ക് തൊഴിലും അവസരവും ഉണ്ടാക്കുക പ്രധാനമാണ്.
പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി വരികയാണ്. സമൂഹത്തിലെ അവസാനത്തെയാളിനും ക്ഷേമം ഉറപ്പാക്കുന്ന അന്ത്യോദയമായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്ത ലക്ഷ്യം. യുവാക്കള്‍ക്ക് വിദ്യാഭ്യാസം, നൈപുണ്യം, അവന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിനുള്ള അവസരം ലഭ്യമാകണമെന്ന് അദ്ദേഹം പറയുമായിരുന്നു.
രാജ്യത്തെ 80 കോടി യുവാക്കളുടെ ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ നമുക്ക് ഒട്ടേറെ പദ്ധതികളുണ്ട്. നമ്മുടെ റോഡ് ശൃംഖല വര്‍ദ്ധിക്കുന്നു, രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നു, നമ്മളാണ് ഏറ്റവും വലിയ സോഫ്റ്റ്വേര്‍ കയറ്റുമതിക്കാര്‍, രാജ്യത്ത് 50 മൊബൈല്‍ ഫോണ്‍ നിര്‍മ്മാണക്കമ്പനികളുണ്ട്, ഇതെല്ലാം യുവാക്കള്‍ക്ക് അവസരമൊരുക്കുകയാണ്.
ഹിംസയുടെ വഴിയില്‍ സുശക്തഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാവില്ല. ഇന്നിപ്പോള്‍ കാടുകളില്‍ മാവോയിസത്തിന്റെയും, അതിര്‍ത്തികളില്‍ തീവ്രവാദത്തിന്റെയും, മലമേഖലകളില്‍ ഭീകരതയുടെയും പേരില്‍ തോളില്‍ തോക്കേന്തിയവര്‍ നിരപരാധികളെ കൊന്നു കളിക്കുന്നു. നമ്മുടെ മാതൃമണ്ണിനെ 40 വര്‍ഷമായി ചോരയില്‍ മുക്കിയിട്ടും ഭീകരതയുടെ വഴിയില്‍ പോകുന്നവര്‍ക്ക് ഒരു നേട്ടവും ഉണ്ടാക്കാനായിട്ടില്ല.
ആ യുവാക്കളെ ഞാന്‍ ഒന്നോര്‍മ്മിപ്പിക്കാം, ഈ രാജ്യം ഹിംസ പൊറുപ്പിക്കുകയോ ഭീകരത സഹിക്കുകയോ ചെയ്യില്ല. മാവോവാദത്തിന് അടിയറവ് പറയില്ല. അവരെ ഞാന്‍ ഗുണദോഷിക്കുകയാണ്, നിങ്ങള്‍ക്ക് മുഖ്യധാരയിലേക്കു മടങ്ങാന്‍ ഇനിയും സമയമുണ്ട്. നിങ്ങളുടെ രക്ഷിതാക്കളുടെ സ്വപ്നത്തെക്കുറിച്ച് ആലോചിക്കുക, അവരുടെ ആശയും പ്രതീക്ഷയും സഫലമാക്കുക, ശാന്തി സന്തുഷ്ട ജീവിതം നയിക്കുക, അക്രമത്തിന്റെ വഴി ആര്‍ക്കും നേട്ടമുണ്ടാക്കിക്കൊടുക്കില്ല.
മാനുഷികത ഉള്‍ക്കൊള്ളുന്നവരും ഭീകരത പ്രോത്സാഹിപ്പിക്കുന്നവരും ഏതുതരക്കാരാണ്? പെഷവാറില്‍ നിരപരാധികളായ പിഞ്ചു സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഭീകരര്‍ കൂട്ടക്കശാപ്പു ചെയ്തപ്പോഴത്തെ രണ്ടു ചിത്രങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച്, മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവരോടും ഈ ലോകത്തോടും എനിക്ക് ചിലതു പറയാനുണ്ട്. പെഷവാറിലേത് ഭീകരാക്രമണമായിരുന്നു. അതറിഞ്ഞ്, ഭാരത പാര്‍ലമെന്റ് കണ്ണീരണിഞ്ഞു, ഭാരതത്തിലെ വിദ്യാലയങ്ങള്‍ കരഞ്ഞു, ഭാരതത്തിലെ ഓരോ വിദ്യാര്‍ത്ഥിയും പെഷവാര്‍ സംഭവത്തില്‍ ഭയചകിതരായി. കൊല്ലപ്പെട്ട ഓരോ കുട്ടിയും ഞങ്ങളുടെ ഹൃദയത്തേയും വേദനിപ്പിച്ചു. ഇത് ഞങ്ങളുടെ മാനുഷികതയുടെ സംസ്കാരം കൊണ്ടായിരുന്നു. പക്ഷേ, ചുറ്റും നോക്കുക, ചിലര്‍ ഭീകരതയെ മഹത്വവല്‍ക്കരിക്കുകയാണ്.
നിരപരാധികള്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ ആഘോഷിക്കുന്നു. ഭീകരതയില്‍നിന്ന് പ്രചോദനംകൊണ്ട എന്തൊരു ജീവിതമാണത്? ഭീകരതയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന എന്തുതരം സര്ക്കാരുകളാണത്? ലോകം ഈ രണ്ടു വ്യത്യാസവും ശരിയായി മനസ്സിലാക്കിക്കൊള്ളും, എനിക്കതുമതി.
ഇന്ന് ഈ ചെങ്കോട്ടയില്‍നിന്ന്, ചിലര്‍ക്ക് പ്രത്യേകം സാദരം നന്ദിയറിയിക്കാനുമുണ്ട്. പാക്കധിനിവേശ കശ്മീരിലെ ഗില്‍ജിത്തിലും ബലൂചിസ്ഥാനിലും നിന്നുള്ള, അതിര്‍ത്തിക്കപ്പുറത്തു താമസിക്കുന്ന, ഞാനിതുവരെ കണ്ടിട്ടില്ലാത്ത, ജനങ്ങള്‍ കഴിഞ്ഞ കുറേ ദിവസമായി ഭാരതത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ എന്നെ അഭിനന്ദിക്കുന്നു, സ്നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നു. ഇത് 125 കോടി പൗരന്മാര്ക്കുള്ളതാണ്.
ഈ ബഹുമതി 125 കോടി ജനങ്ങള്‍ക്കര്‍ഹതപ്പെട്ടതാണ്. അവരുടെ വികാരം ഉള്‍ക്കൊണ്ട് ബലൂചിസ്ഥാനിലെ, ഗില്‍ജിത്തിലെ, പാക്കധിനിവേശ കശ്മീരിലെ ജനതയ്ക്ക് ഹൃദ്യമായി നന്ദി പറയുന്നു.
രാജ്യസ്വാതന്ത്ര്യത്തിന് ബലിദാനികളായവരില്നിന്ന് പ്രചോദനംകൊണ്ട്, പുതിയ ഉത്സാഹത്തോടെ, പുതിയ ഊര്‍ജ്ജത്തോടെ, പുതിയ ദൃഢനിശ്ചയത്തോടെ നമുക്കു മുന്നോട്ടു പോകാം. രാജ്യത്തിനുവേണ്ടി ജീവന് നല്കാന് നമുക്കവസരം കിട്ടിയില്ല, എന്നാല്‍ നമുക്ക് രാജ്യത്തിനായി ജീവിക്കാന്‍ അവസരമുണ്ടായിരിക്കുന്നു. നമ്മുടെ ജീവിതം നാടിന് സമര്‍പ്പിക്കുക. നമ്മുടെ കടമകള്‍ നിറവേറ്റുക. ഒരേ സമൂഹം നിര്‍മ്മിക്കാന്‍, ഒരേ സ്വപ്നം കാണാന്‍, ഒരേ തീരുമാനമെടുക്കാന്‍, ഒരേ ദിശയില്‍ നീങ്ങാന്‍, ഒരേ ലക്ഷ്യത്തിലെത്താന്‍ നാം വന്‍കുതിപ്പു നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: