കല്‍പ്പറ്റ : സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡറേഷനു കീഴില്‍ വയനാട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ നന്മ സ്റ്റോറുകളും പൂട്ടി. ഇരുളം, കാപ്പിസെറ്റ്, അമരക്കുനി, ആണ്ടൂര്‍, കുമ്പളേരി, മാണ്ടാട്, പൊഴുതന, പള്ളിക്കുന്ന്, ഇരുമനത്തൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒന്‍പത് സ്റ്റോറുകളാണ് പൂട്ടിയത്. ഇതോടെ ഇവിടങ്ങളിലെ 18 താത്കാലിക തൊഴിലാളികള്‍ക്കും ജോലി ഇല്ലാതായി. ഇരുളം, പള്ളിക്കുന്ന്, മാണ്ടാട് എന്നിവിടങ്ങളിലെ സ്റ്റോറുകളാണ് ഏറ്റവും ഒടുവില്‍ അടച്ചത്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ ജില്ലാതലത്തില്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരത്തിനൊരുങ്ങുകയാണ്.
പൊതുവിപണിയില്‍ നിത്യോപയോഗസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനു തടയിടുകയെന്ന ലക്ഷ്യവുമായി കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡറേഷന് 2012ല്‍ സംസ്ഥാനവ്യാപകമായി ആരംഭിച്ചതാണ് നന്മ സ്റ്റോറുകള്‍. ദിവസക്കൂലി അടിസ്ഥാനത്തില്‍ ഓരോ സ്റ്റോറിലും രണ്ട് ജീവനക്കാര്‍ക്കാണ് നിയമനം നല്‍കിയിരുന്നത്. ഗ്രാമീണ മേഖലകളില്‍ പൊതുവിപണിവിലയുടെ 20 ശതമാനം കുറവില്‍ നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കുന്ന സഹകരണ പൊതുവിതരണ സംവിധാനം എന്ന നിലയിലാണ് കണ്‍സ്യൂമര്‍ ഫെഡറേഷന് നന്മ സ്റ്റോര്‍ പദ്ധതി വിഭാവനം ചെയ്തിരുന്നത്. 2012 ഫെബ്രുവരിയില്‍ വെള്ളിക്കുളം, പേപ്പതി, ചാലക്കുടി എന്നിവിടങ്ങളിലാണ് ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ അടക്കം ലഭ്യമാക്കി സ്റ്റോറുകള്‍ ആദ്യം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,000 സ്റ്റോറുകള്‍ക്ക് പദ്ധതിയിട്ട ഫെഡറേഷന് ഘട്ടങ്ങളായി ആയിരത്തോളം എണ്ണമാണ് തുറന്നത്. ഇതില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന 754 എണ്ണത്തില്‍ വിറ്റുവരവ് നന്നേ കുറഞ്ഞവ പൂട്ടാനാണ് ഫെഡറേഷന് തീരുമാനം. ആദ്യഘട്ടത്തില്‍ വിവിധ ജില്ലകളിലായി ഇരുനൂറോളം സ്റ്റോറുകളാണ് അടയ്ക്കുന്നത്.
ഓണ്‍ലൈന്‍ മദ്യവില്പനയ്ക്ക് കോപ്പുകൂട്ടൂന്ന ഫെഡറേഷന് നന്മ സ്റ്റോറുകള്‍ക്ക് ഷട്ടര്‍ ഇടുന്നത് വിവാദമായിട്ടുണ്ട്. ഫെഡറേഷനുകീഴിലുള്ള സ്ഥാപനങ്ങളില്‍ 2011 ഡിസംബര്‍ 30നുശേഷം ദിവസവേതാനാടിസ്ഥാനത്തില്‍ നിയമിച്ച മുഴുവന്‍ തൊഴിലാളികളെയും പിരിച്ചുവിടാനുള്ള രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായാണ് നന്മ•സ്റ്റോറുകള്‍ അടച്ചിടാനുള്ള നീക്കത്തെ കാണുന്നതെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് എ.സി.രമേഷ്, കണ്‍വീനര്‍ എസ്.വി.അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.
ഭേദപ്പെട്ട വിറ്റുവരവ് ഉണ്ടായിരുന്നുവെന്നാണ് വയനാട്ടില്‍ പൂട്ടിയ സ്റ്റോറുകള്‍. കല്പറ്റ, മാനന്തവാടി, മീനങ്ങാടി, പനമരം എന്നിവിടങ്ങളിലെ ത്രിവേണി സ്റ്റോറുകള്‍, മീനങ്ങാടി കൃഷ്ണഗിരിയിലെ പാക്കിംഗ് കേന്ദ്രം, മീനങ്ങാടിയിലെ നീതി വിതരണ കേന്ദ്രം എന്നിവിടങ്ങളില്‍ യു,ഡി.എഫ് ഭരണകാലത്ത് നിയമനം ലഭിച്ച 17 ദിവസക്കൂലിക്കാരും പിരിച്ചുവിടല്‍ ഭീഷണിയിലാണ്. ഇതിനെതിരെ ശക്തമായി രംഗത്തുവരാനാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം. തൊഴില്‍നഷ്ടം നേരിടുന്നവരുടെ യോഗം അടുത്തദിവസം വിളിച്ചുചേര്‍ത്ത് സമരമുറ പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: