പാലപ്പിള്ളി : ഹാരിസണ്‍ മലയാളം കമ്പനി തോട്ടത്തിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ്ജവേലി നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. കാരികുളം എസ്റ്റേറ്റ് അതിര്‍ത്തിയില്‍ ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് കമ്പനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി വേലി സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ ജീവഹാനിയുണ്ടാകാത്ത അളവിലുള്ള വൈദ്യുതിയാണ് കടത്തിവിടേണ്ടത്, എന്നാല്‍ കഴിഞ്ഞയാഴ്ച സൗരോര്ജ്ജവേലിയില് കുടുങ്ങിയ പശു ചത്തിരുന്നു.
ഇതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. കുട്ടികളും വളര്‍ത്തുമൃഗങ്ങളും വേലിയില്‍ തൊടുന്നത് വലിയ ദുരന്തങ്ങള്ക്കിടയാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നു.
സൗരോര്ജ്ജവേലിക്കുപുറത്ത് കമ്പിവേലിയോ മറ്റു സുരക്ഷാ സംവിധാനങ്ങളോ സ്ഥാപിക്കണമെന്നാണ് ചട്ട എന്നാല്‍ കമ്പനി അധികൃതര്‍ അതിനു തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വനാതിര്‍ത്ഥിയില്‍ വന്യമൃഗങ്ങളും പ്രദേശത്ത് മേയുന്ന പശുക്കളും തോട്ടത്തില്‍ കടക്കാതിരിക്കാനാണ് സാധാരണ വൈദ്യുതി വേലി സ്ഥാപിക്കുന്നത്. എന്നാല്‍ കൂടിയ അളവില്‍ വൈദ്യുതി കടത്തിവിടുന്നുവെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
സര്‍ക്കാരില്‍ നിന്ന് കോടതി ഉത്തരവ് വഴി കമ്പനിക്കു ലഭിച്ച 13 ഹെക്ടര്‍ വനഭൂമിയാണ് വേലി കെട്ടി തിരിച്ചിരിക്കുന്നത്. പുനര്‍നടീല്‍ നടത്തുവാന്‍ ഇവിടെയുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് കമ്പനി വനംവകുപ്പിനെ സമീപിച്ചിരുന്നെങ്കിലും വകുപ്പ് അനുമതി നല്‍കിയിരുന്നില്ല. നേരത്തേ കമ്പനി കൈവശം വെച്ചിരുന്ന സ്ഥലം വനഭൂമിയായതിനാല്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനി മാനേജ്മെന്റ് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: