തൃശൂര്‍: തെരുവ് നായ്ക്കളുടെ ഭീകരത തിരുവനന്തപുരത്ത് ഒരു വീട്ടമ്മയുടെ ജീവനെടുത്തിട്ടും അധികൃതര്‍ക്ക് നിസ്സംഗത. തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും രാത്രിയാത്ര കാല്‍നടക്കാര്‍ക്ക് പേടിസ്വപ്നമാണ്. തെരുവില്‍ അലയുന്ന നായ്ക്കള്‍ കൂട്ടംചേര്‍ന്ന് ഏത് നിമിഷവും ആക്രമിക്കാം. മാസങ്ങള്‍ക്ക് മുമ്പ് സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പരിസരത്തും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇവിടെ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭീതി വിതറിയാണ് തെരുവ് നായ്ക്കള്‍ വിലസുന്നത്. തെരുവ് നായയുടെ ആക്രമണമേറ്റാല്‍ കുത്തിവെപ്പെടുക്കാന്‍ ആവശ്യത്തിന് സംവിധാനങ്ങളില്ലാത്തതും ജനങ്ങളെ ഭീതിയിലാക്കുന്നു. ജില്ലയില്‍ പേവിഷത്തിനെതിരെ കുത്തിവെപ്പെടുക്കുന്നത് മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും മാത്രമാണ്. രണ്ടിടത്തും മരുന്ന് സ്റ്റോക്കില്ലാത്തതുമൂലം മാസങ്ങളായി ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. തൃശൂരില്‍ മരുന്നില്ലെങ്കില്‍ പിന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയാണ് കുത്തിവെപ്പ് എടുക്കുന്നത്. തെരുവ് നായ്ക്കളെ പിടികൂടാനോ നിയന്ത്രിക്കാനോ യാതൊരു സംവിധാനവും തദ്ദേശ ഭരണസ്ഥാപനങ്ങളും ജില്ലാഭരണകൂടവും ഏര്‍പ്പെടുത്തിയിട്ടില്ല. പ്രതിഷേധം ശക്തമാകുമ്പോള്‍ താല്‍ക്കാലികമായി ചില നടപടികള്‍ സ്വീകരിക്കുമെന്നല്ലാതെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കാകുന്നില്ല. തിരുവനന്തപുരം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: