പാര്‍ത്തീനിയം ചെടികള്‍
തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലാ കളനിയന്ത്രണ സംയോജിത പദ്ധതി ദേശീയ പാര്‍ത്തീനിയം ബോധവല്കരണ വാരത്തിന്റെ ഭാഗമായി കൊഴിഞ്ഞാമ്പാറ, ഒല്ലൂക്കര ബ്ലോക്കകളിലെ കര്‍ഷകര്‍ക്കു വേണ്ടിയും കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും പാര്‍ത്തീനിയം അവബോധന പരിപാടികള്‍ സംഘടിപ്പിച്ചു. പാര്‍ത്തീനിയം കളയുടെ വ്യാപനം തടയുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് കര്‍ഷകര്‍ക്ക് മുന്നറിയിപ്പു നല്കി. തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ കൃഷിയിടങ്ങളിലും റോഡരികിലും റെയില്‍ പാതയോരങ്ങളിലും ഒരു വന്‍ വിപത്തായി തീര്‍ന്ന പാര്‍ത്തീനിയം എന്ന വിഷക്കള കേരളത്തിലും വേരുപിടിക്കുകയാണ്. കോണ്‍ഗ്രസ് പച്ച, ക്യാരറ്റ് കള, വെള്ളത്തൊപ്പി,തുടങ്ങിയ പേരുകളില്‍ അറിയപെടുന്ന കളയാണ് പാര്‍ത്തീനിയം. തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്ന തിരുവനന്തപുരം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലും കര്‍ണാടകത്തോട് ചേര്‍ന്നു കിടക്കുന്ന വയനാട്ടിലും പാര്‍ത്തീനിയത്തിന്റെ അധിനിവേശമു!ണ്ട്.
മനുഷ്യരില്‍ ആസ്ത്മ, തൊലിപുറത്തുള്ള അലര്‍ജി എന്നിവയ്ക്ക് പാര്‍ത്തീനിയം ചെടിയിലുള്ള പാര്ത്തീന് എന്ന വിഷ വസ്തു കാരണമാകാറുണ്ട്. ചിലരില്‍ ശ്വാസനാള സംബന്ധമായ അലര്‍ജിക്കും പാര്‍ത്തീനിയം കാരണമാകുന്നു. തുടര്‍ച്ചയായ തുമ്മല്‍, കണ്ണിലൂടെ വെള്ളം വരുക എന്നിവ പാര്‍ത്തീനിയം അലര്‍ജിയുടെ ലക്ഷണങ്ങളാണ്.
കന്നുകാലികള്‍, ആട്, പന്നി തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ പാര്‍ത്തീനിയം കഴിക്കനിടയായാല് അലര്‍ജി പിടിപെടാനുള്ള സാദ്ധ്യതയുണ്ട്. കന്നുകാലികളുടെ വായിലും നാക്കിലും മോണയിലും കുരുക്കള്‍ ഉണ്ടാവുകയും, ആമാശയം, വൃക്ക, കരള്‍, സ്തനങ്ങള്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് കേട് സംഭവിക്കുകയും ചെയ്തേക്കാം. പശുക്കളുടെ പാലില്‍ പാര്ത്തീന് യാതൊരു മാറ്റവുമില്ലാതെ കാണപ്പെടുന്നതിനാല്‍ പാര്‍ത്തീനിയം തിന്ന പശുക്കളുടെ പാല് കുടിക്കുന്നതും അപകടകരമാണ്.
പാര്‍ത്തീനിയം ഹിസ്റ്ററോഫോറസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപെടുന്ന ചെറിയ ശിഖരങ്ങളുള്ള ഈ ഏക വര്‍ഷ ചെടി ഏകദേശം 1.5 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. വെള്ള നിറത്തിലുള്ള ധാരാളം പൂക്കളും ഓരോ ചെടിയിലും ഇരുപത്തയ്യായിരം വരെ വിത്തുകളും ഉദ്പാധിപ്പിക്കുന്നു.
പുഷ്പിക്കുന്നതിനു മുന്‍പായി വേരോടെ പിഴുതുമാറ്റുക, പറിച്ചെടുത്ത ചെടികള്‍ കമ്പോസ്റ്റിനു വിധേയമാക്കുക, മെക്സിക്കന്‍ വണ്ട് എന്ന മിത്ര കീടത്തെ ഉപയോഗിക്കുക, ഗ്ലൈഫോസേറ്റ്(1.0 % – 1.5 %) , മെട്രിബൂസിന് (0.3% 0.5%) എന്നീ കളനാശിനികള്‍ ഉപയോഗിക്കുക എന്നീ മാര്‍ഗങ്ങള്‍ പാര്‍ത്തീനിയത്തെ നിയന്ത്രിക്കുവാന്‍ ഉപയോഗപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: