സ്വന്തം ലേഖകന്‍
കട്ടപ്പന: മുന്നറിപ്പില്ലാതെ കട്ടപ്പന വില്ലേജിലെ പട്ടയ നടപടികള്‍ നിര്‍ത്തിവച്ചു. പഞ്ചായത്തായിരുന്ന കട്ടപ്പന മുനിസിപ്പാലിറ്റിയായതോടെയാണ് പട്ടയ നടപടികള്‍ നിയമ കുരുക്കിലായത്.
മുന്‍പ് ഉടുമ്പഞ്ചോല താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന കട്ടപ്പന പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറിയതോടെ പട്ടയം നല്‍കാന്‍ ബാധകമാകേണ്ട ഭൂപതിവ് ചട്ടങ്ങള്‍ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതിനാലാണ് പട്ടയനടപടികള്‍ നിര്‍ത്തിവെച്ചത്. ഭൂപതിവ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പട്ടയനടപടികള്‍ തുടരണമെങ്കില്‍ സര്‍ക്കാരില്‍ നിന്നു വ്യക്തമായ ഉത്തരവ് ലഭ്യമാക്കണമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ കഴിഞ്ഞ നാലാം തീയതി റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എന്നിവര്‍ക്ക് കത്തയച്ചു. ഇപ്പോള്‍ ഇടുക്കി താലൂക്കിലാണ് കട്ടപ്പന വില്ലേജ് ഉള്‍പ്പെടുന്നത്. എന്നാല്‍ മുന്‍പ് ഉടുമ്പന്‍ചോല താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന കട്ടപ്പന വില്ലേജ് കാര്‍ഡമം ഹില്‍ റിസേര്‍വില്‍ ഉള്‍പെട്ടതാണെന്നും കേന്ദ്ര വന സംരക്ഷണ നിയമം ബാധകമാണെന്നും 1993 ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം മാത്രമേ പട്ടയം അനുവദിക്കാന്‍ കഴിയൂ എന്നും ജില്ലാ കളക്ടറുടെ റിപ്പോട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കട്ടപ്പന പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറിയതോടെ ഭൂപതിവ് ചട്ടങ്ങളില്‍ ബാധകമാക്കേണ്ട വ്യവസ്ഥകളില്‍ അവ്യക്തത നിലനില്‍ക്കുകയാണെന്നും ആയതിനാല്‍ ഇക്കാര്യത്തില്‍ ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ ഇടുക്കി താലൂക്കിലായ കട്ടപ്പ
ന വില്ലേജിന്റെ 10 ശതമാനത്തില്‍ താഴെയാണ് ഏലക്കൃഷിയുള്ളത്.ഡെപ്യൂട്ടി തഹസിദാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പട്ടയ നടപടികള്‍ നിര്‍ത്തിയത്. പട്ടയം നല്‍കാനായി നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച പട്ടയ ഫയലുകള്‍ ഇപ്പോള്‍ തടഞ്ഞു വച്ചിരിക്കുകയാണ്. കട്ടപ്പന മുനിസിപ്പാലിറ്റിയായതോടെ ഭൂപതിവ് അധികാരി ജില്ലാ കളക്ടര്‍ ആയിമാറി. പഞ്ചായത്തായിരുന്നപ്പോള്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്നു പട്ടയം നല്‍കിയിരുന്നത്. പട്ടയ നടപടികള്‍ നിര്‍ത്തിവച്ചതോടെ ആളുകള്‍ ഓഫീസുകള്‍ കയറിയിറങ്ങി വിഷമിക്കുകയാണ്.
















