വരന്തരപ്പിള്ളി: പാലപ്പിള്ളി തോട്ടങ്ങളിലെ മാലിന്യപ്രശ്നത്തില്‍ പഞ്ചായത്ത് അധികൃതരുടെ പരിശോധന പ്രഹസനമായി.പരിശോധനക്കെത്തിയ എട്ടംഗ ഉപസമിതി മലിനീകരണം നേരിട്ട് കണ്ടിട്ടും നടപടിയെടുക്കാതെ മടങ്ങി.
പഞ്ചായത്ത്, കൃഷി, ആരോഗ്യ വകുപ്പ് അധികൃതര്‍ പാലപ്പിള്ളി ഹാരിസണ്‍ മലയാളം, ജൂങ്ടോളി കമ്പനികളുടെ നാലു ഫാക്ടറികളിലാണ് പരിശോധന നടത്തിയത്. ജൂങ് ടോളി കമ്പനിയുടെ മൈസൂര്‍, പാലപ്പിള്ളി എസ്റ്റേറ്റുകളിലെ മലിനജലം കുറുമാലി പുഴയിലേക്കും പാലപ്പിള്ളി പിള്ളത്തോടിലേക്കും ഒഴുക്കുന്നത് കണ്ടെത്തിയെങ്കിലും പരിശോധന സംഘം അധികൃതര്‍ക്ക് മുന്നറിയിപ്പു നല്‍കുക മാത്രമാണ് ചെയ്തത്. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നാല് ഫാക്ടറികളും അടച്ചു പൂട്ടുന്നതിനുള്ള സ്റ്റോപ്പ് മെമ്മോയുമായി എത്തിയ സംഘമാണ് നടപടിയെടുക്കാതെ തിരിച്ചു പോന്നത്.
മുന്‍കരുതലുകളില്ലാതെ നടന്നു വരുന്ന മലിനീകരണവും കളനാശിനിയെന്ന പേരില്‍ നടക്കുന്ന വിഷപ്രയോഗവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പരിശോധന സംഘം നടപടിയെടുക്കാന്‍ തയ്യാറായില്ല. റബ്ബര്‍ സംസ്കരണം നടക്കുന്ന ഫാക്ടറികളിലെ മാലിന്യമാണ് ശുദ്ധീകരിക്കാതെ പുറത്തേക്കൊഴുക്കുന്നത്.കമ്പനികള്‍ പൂട്ടുന്നത് തൊഴിലാളികളെ ബാധിക്കുമെന്നതിനാല്‍ പ്രശ്ന പരിഹാരത്തിന് നിശ്ചിത ദിവസത്തെ സമയ പരിധി നല്‍കുകയായിരുന്നുവെന്ന് വരന്തരപ്പിളളി പഞ്ചായത്ത് പ്രസിഡന്റ് ഔസേഫ് ചെരടായി പറഞ്ഞു. സമയപരിധി പൂര്‍ത്തിയായിട്ടും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുരക്ഷിതത്വം ഉറപ്പാക്കാത്തപക്ഷം നടപടിയെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അറുനൂറോളം തൊഴിലാളികളാണ് കമ്പനികളില്‍ പണിയെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: