പത്തനംതിട്ട: വിജിലന്‍സിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശോധനയും സര്‍വേയും നടന്നു. സംസ്ഥാനത്തൊട്ടാകെ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം നടന്ന പരിശോധനയാണ് ഇന്നലെ ജില്ലയില്‍ നടന്നത്.ജില്ലാ പട്ടികജാതി വികസന ഓഫീസ്, ആര്‍ടിഒ ഓഫീസ്, പൊതുമരാമത്ത് ഓഫീസസ്, അടൂര്‍ ഗവണ്മെന്റ് ആശുപത്രി, കോന്നി ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ 27 ഓഫീസുകളിലാണ് പരിശോധന നടന്നത്.
രാവിലെ 10.5ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തുമ്പോള്‍ പ്രസിഡന്റും വികലാംഗനായ ക്ളാര്‍ക്കും ഒരു താല്‍ക്കാലിക ജീവനക്കാരിയും മാത്രമാണുണ്ടായിരുന്നത്. സെക്രട്ടറിയും യു. ഡി. ക്ളാര്‍ക്കും മറ്റും ഓഫീസില്‍ വന്ന് ഒപ്പിട്ട ശേഷം റോയല്‍ ഓഡിറ്റോറിയത്തിലെ സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു. പരിശോധനയറിഞ്ഞ് ഇവര്‍ തിരികെയെത്തുകയായിരുന്നു.
ജീവനക്കാരുടെ ഹാജര്‍നില, പൊതുജന സൗകര്യങ്ങള്‍, സര്‍ക്കാരുമായി സംബന്ധിച്ച അറിയിപ്പുകളുടെ പ്രസിദ്ധപ്പെടുത്തല്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ടു തയാറാക്കി. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കും. ഡിവൈഎസ്പി പി. ഡി. രാധാകൃഷ്ണപിള്ള, ഇന്‍സ്പെക്ടര്‍മാരായ ആര്. ജയരാജ്, ബൈജുകുമാര്‍, മുഹമ്മദ് ഇസ്മയില്‍, എസ്ഐമാരായ സുഭാഷ്, സുരേഷ്, രാധാകൃഷ്ണന്, അജി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: