കൊടകര : മേളകലാസംഗീതസമിതിയുടെ ആറാംവാര്ഷികാഘോഷവും സുവര്‍ണമുദ്രസമര്‍പ്പണവും കൊടകര പൂനിലാര്‍ക്കാവ് കാര്‍ത്തിക ഭജനമണ്ഡപത്തില്‍ നടന്നു. ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എം.നാരായണന് അധ്യക്ഷത വഹിച്ചു. സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര മുതിര്‍ന്ന കൊമ്പ് കലാകാരന് എരവത്ത് രാമന്‍നായര്‍ക്കും തിമില കലാകാരന് ചാലക്കുടി മണിക്കും സംഗീതസംവിധായകന് വിദ്യാധരന് സമ്മാനിച്ചു.
ചടങ്ങില്‍ മുതിര്‍ന്ന വാദ്യകലാകാരന്മാരായ കരവട്ടേടത്ത് നാരായണമാരാര്‍, ചക്കംകുളം അപ്പുകുട്ടന്മാരാര്, ആലുക്കല്‍ ഗോപാലന്നായര് എന്നിവരെ പത്മശ്രീ പെരുവനം കുട്ടന്മാരാര് ആദരിച്ചു. മാധ്യമനിരൂപകന്‍ അഡ്വ.എ.ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. സമിതിപുറത്തിറക്കിയ വാദ്യകലാകാരന്മാര്ക്കുള്ള പ്രോഗ്രാംഡയറിയുടെ പ്രകാശനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.അമ്പിളി മേളകലാകാരന്‍ പെരുവനം സതീശന്‍മാരാര്‍ക്ക് നല്കി പ്രകാശനം ചെയ്തു.
ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രസിഡണ്ട് കെ.രാജഗോപാല്‍ ചെണ്ടകലാകാരനായ കൂപ്പാട്ട് രാമന്നായര്ക്ക് ചികിത്സാധനസഹായവിതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എസ്.സുധ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. പഞ്ചായത്തംഗങ്ങളായ എം.ഡി.നാരായണന്, മിനിദാസന്‍, പൂനിലാര്‍ക്കാവ് ദേവസ്വം പ്രസിഡണ്ട് എം.എല്‍.വേലായുധന്നായര്, കാവില്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡണ്ട് ടി.കരുണാകരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കൊടകര ഉണ്ണി സ്വാഗതവും തൃക്കൂര് ഗോപാലകൃഷ്ണന്മാരാര് നന്ദിയും പറഞ്ഞു. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: