ഗുരുവായൂര്‍: ക്യൂകോംപ്ലക്സിന്റെ പേരില്‍ 30 വ്യാപാരികളെ കുടിയൊഴിപ്പിക്കാനുള്ള ദേവസ്വം നീക്കത്തിനെതിരെ ഗുരുവായൂരിലെ ബഹുജന പിന്തുണയോടെ വ്യാപാരികള്‍ ഇന്ന് രാവിലെ 10 മുതല്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തുന്നു. മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് സമരപരിപാടിക്ക് രൂപം നല്‍കിയത്.
മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടു മതി ക്യൂ കോംപ്ലക്സ് നിര്‍മിക്കാനെന്ന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കാതെയാണ് ക്യൂ കോംപ്ലക്സുമായി ദേവസ്വം മുന്നോട്ട് പോകുന്നതെന്ന് വ്യാപാരികള്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ട ക്യൂ കോംപ്ലക്സിന്റെ പ്ലാന്‍ നഗരസഭ അംഗീകരിച്ചിട്ടില്ല. വ്യാപാരികളെ വഴിയാധാരാമാക്കുന്ന വിധത്തിലുള്ള ക്യൂകോംപ്ലക്സ് പദ്ധതിക്കെതിരെ ഗുരുവായൂരില്‍ എതിര്‍പ്പ് ശക്തമാണ്. നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തെക്കെ നടയില്ഡ സ്ഥലം ഏറ്റെടുക്കലും പ്ലാന്‍ തയ്യാറാക്കലും കഴിഞ്ഞിരുന്ന പദ്ധതി അട്ടിമറിച്ചാണ് ടി.വി.ചന്ദ്രമോഹന് ചെയര്‍മാനായ യു.ഡി.എഫ് ഭരണ സമിതി കിഴക്കെനടയില്‍ 126 കോടി ചിലവില്‍ ക്യൂകോംപ്ലക്സ് നിര്‍മിക്കാന്‍ പദ്ധതി കൊണ്ടുവന്നതെന്നും വ്യാപാരികള്‍ ആരോപിച്ചു.
സര്‍വകക്ഷി യോഗത്തില്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ടി.എന്‍. മുരളി അധ്യക്ഷത വഹിച്ചു. പി. യതീന്ദ്രദാസ് (ഡി.സി.സി ജന. സെക്ര.), എം.സി. സുനില്‍കുമാര്‍ (സി.പി.എം ലോക്കല്‍ സെക്ര.), കെ.കെ.സുധീരന് (സി.പി.ഐ), അനീഷ് (ബി.ജെ.പി.), ആര്.എ. അബൂബക്കര്‍ (മുസ്ലിം ലീഗ്), സുരേഷ് വാര്യര്‍ (ജനതാദള്‍ എസ്), ആര്.വി. മജീദ് (സി.എം.പി), ആര്.രവികുമാര്‍ (കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്), ബിജേഷ് മാരാത്ത്, പി.എ. അരവിന്ദന്, ജി.കെ. പ്രകാശ്, മുഹമ്മദ് യാസിന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: