തിരുവല്ല: തിരുവല്ല ചന്തക്കടവ് വാട്ടര്‍പാര്‍ക്ക് പുനഃര്‍നിര്‍മ്മാണം അനിശ്ചിതത്വത്തിലേക്ക്. ജില്ലാ കളക്ടറായിരുന്ന ഡോ. എസ് ഹരികിഷോര്‍ ചന്തക്കടവ് പാര്‍ക്ക് പുനഃര്‍നിര്‍മ്മിക്കുന്നതിന് വിപുലമായ പദ്ധതി തയ്യാറാക്കാന്‍ നടപടികള്‍ നീക്കിയിരുന്നു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ പുനഃര്‍നിര്‍മ്മാണം നടത്താനാണ് നീക്കം നടന്നിരുന്നത്. കളക്ടര്‍ സ്ഥലംമാറി പോകുന്നതോടുകൂടി ഈ പദ്ധതി അകാലചരമം അടയാനാണ് സാദ്ധ്യത. വാഹനങ്ങള്‍ കുറവായിരുന്ന കാലഘട്ടം മുതല്‍ ജലഗതാഗതത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന
അപ്പര്‍ക്കുട്ടനാടന്‍ പ്രദേശങ്ങള്‍ക്ക് തിരുവല്ലയുമായ ബന്ധപ്പെടാന്‍ സാധിക്കുന്ന ഏറ്റവും എളുപ്പമുള്ള ജലഗതാഗത മാര്‍ഗ്ഗമായിരുന്നു ചന്തക്കടവിലേത്.
അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെ തിരുവല്ലായുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് ആവിശ്യമുള്ള എല്ലാ സാധനങ്ങളും എത്തിയിരുന്നത.് ജലഗതാഗതമാര്‍ഗ്ഗം ആയിരുന്നു. വ്യവസായ സ്ഥാപനമായ ട്രാവന്‍കൂര്‍ പഞ്ചസാര ഫാക്ടറിക്കുള്ള കരിമ്പും ജലഗതാഗതമാര്‍ഗ്ഗം അന്ന് എത്തിയിരുന്നത്. ഇതിന്റെയെല്ലാം ഉറവിടം അത്രത്തോളം പ്രാധാന്യമുള്ള തിരുവല്ലാ ചന്തക്കടവ് ആണെന്നാണ് പഴമക്കാര്‍ പറയുന്നത്.
കാലംമാറി ജലഗതാഗതത്തിന്റെയും ചന്തക്കടവിന്റെയും പ്രസക്തി നഷ്ടപ്പെട്ടു. റോഡ്മാര്‍ഗ്ഗമുള്ള ഗതാഗതത്തിന് പ്രാധാന്യം ലഭിച്ചു. ചന്തത്തോട് കാലക്രമേണ അവഗണിക്കപ്പെട്ടു. തോടിന്റെ ഇരുകരകളിലും ധാരാളം വീടുകള്‍ വന്നു. ഇതോടെ തോടും പരിസരങ്ങളും മലിനീകരിക്കപ്പെടുകയും ചെയ്തു. പോളയും, പായലും നിറഞ്ഞതോടെ തോട്ടിലെ ജലം കാണാത്ത അവസ്ഥ. ഇതിനിടയില്‍ പലയിടങ്ങളിലും അനധികൃത കൈയ്യേറ്റം, റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ തടയണകളുടെ നിര്‍മ്മാണം. ഇതോടെ ചന്തത്തോട്ടിലെ ഒഴുക്ക് പൂര്‍ണ്ണമായും നിലച്ചു. ഇതേ തുടര്‍ന്ന് ചന്തത്തോടിന്റെ നവീകരണത്തിന് മുറവിളികള്‍ ഉയര്‍ന്നു.
2001 ല്‍ അന്നത്തെ എം. എല്‍. എ. ആയിരുന്ന മാമ്മന്‍ മത്തായിയുടെ ശ്രമഫലമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചന്തത്തോട് പുനരുദ്ധരിച്ച് വാട്ടര്‍ പാര്‍ക്ക് നിര്‍മ്മിക്കുകയും ബോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനമായി. ഇതേതുടര്‍ന്ന് ചന്തത്തോട്ടില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചും, തോട്ടിലെ പോളകളും, പായലും നീക്കം ചെയ്തു. തുടക്കത്തില്‍ ആറില്പരം പെഡല്‍ ബോട്ടുകളും ഇവിടെയുണ്ടായിരുന്നു. നല്ല രീതിയില്‍ ആയിരുന്നു വാട്ടര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനവും. ഇടക്കാലത്ത് ചില പെഡല്‍ ബോട്ടുകള്‍ കേടാകുകയും, അറ്റകുറ്റപ്പണികള്‍ക്കായി കരയില്‍ കയറ്റുകയും ചെയ്യതതോടുകൂടി വാട്ടര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. വര്‍ഷങ്ങളായി ബോട്ടുകള്‍ കരയ്ക്കാണിരുപ്പ്. കെട്ടിടവും പരിസരങ്ങളും കാടുകയറി അനാഥമായ അവസ്ഥയിലും. ചന്തതോട്, പായലും, പോളയും നിറഞ്ഞ് ഒഴിക്കില്ലാത്ത അവസ്ഥയിലാണിപ്പോള്‍ പുതിയ നഗരസഭാ കൗണ്‍സില്‍ അടിയന്തിരമായി ഇടപ്പെട്ട് ചന്തതോട്ടിലെ മാലിന്യങ്ങള്‍ നീക്കുകയും, ഒഴുക്ക് ഇല്ലാത്തതിനുകാരണമായ തടയിണകള്‍ പൊളിച്ചു കളയുകയും ചെയ്യേണ്ടതാണ്. പരിസര വാസികളില്‍ ചന്തതോടിനെ മാലിന്യമുക്തമാക്കാനുള്ള ബോധവത്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നഗരസഭ ചെയ്യേണ്ടതാണ്. ചന്തതോട്ടിലെ വാട്ടര്‍ പാര്‍ക്ക് വീണ്ടും പ്രവര്‍ത്തന സജ്ജമാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ടെങ്കിലും നടപടിക്രമങ്ങളൊന്നും ഉണ്ടാകുന്നില്ല. ഇതിനിടയില്‍ ചന്തത്തോട് പാര്ക്കിന് ശാപമോക്ഷം നല്‍കുമെന്ന് കരുതിയിരുന്ന ജില്ലാ കളക്ടര്‍ സ്ഥലം മാറി പോകുന്നതോടുകൂടി പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന് ആശങ്ക ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: