പൊന്‍കുന്നം: കര്‍ഷകദിനത്തില്‍ വിദ്യാര്‍ഥികളും പരിസ്ഥിതി സ്‌നേഹികളും പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രമുറ്റത്തെ പ്ലാവ് മുത്തശിയുടെ തണലില്‍ ഒത്തുചേര്‍ന്നു.
കാലപ്പഴക്കം കൊണ്ടു കേടുപാടുകള്‍ സംഭവിച്ച പ്ലാവിന് ആറു മാസം മുമ്പ് വൃക്ഷായുര്‍വേദ വിധിപ്രകാരം ചികിത്സ നല്‍കിയിരുന്നു. ചികിത്സാകാലാവധി അവസാനിച്ച ചിങ്ങം ഒന്നിനാണു സാന്ത്വനത്തണലില്‍ ഒത്തുകൂടാം എന്ന പേരില്‍ കൂട്ടായ്‌മ സംഘടിപ്പിച്ചത്.
ഇളങ്ങുളം ശ്രീധര്‍മശാസ്താ ദേവസ്വം സ്‌കൂള്‍, വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി, പുതിയകാവ് ദേവസ്വം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മാമരത്തിനു സാന്ത്വനം വൃക്ഷചികിത്സയും കൂട്ടായ്‌മയും നടന്നത്. കൂട്ടായ്‌മയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
പുതിയകാവ് ദേവസ്വം പ്രസിഡന്റ് ആര്‍. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്ലാവ് ജയന്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ. എം.എസ്. മോഹന്‍ മുഖ്യപ്രഭാഷണം നടത്തുകയും പ്ലാവ്ജയനെ ആദരിക്കുകയും ചെയ്തു. വനമിത്ര അവാര്‍ഡ് ജേതാവ് കെ. ബിനു, സംഘാടകസമിതി കോര്‍ഡിനേറ്റര്‍ എസ്. അഭിലാഷ്, വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍ എസ്. ബിജു, ഒയിസ്‌ക ഇന്റര്‍നാഷണല്‍ കോട്ടയം ചാപ്റ്റര്‍ സെക്രട്ടറി ഗോപകുമാര്‍ കങ്ങഴ, ബ്ലോക്ക് പഞ്ചായത്തംഗം എ. ആര്‍. സാഗര്‍, സംസ്ഥാന യൂത്ത് കമ്മീഷനംഗം അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.ജി. ജയചന്ദ്രകുമാര്‍, ദേവസ്വം സെക്രട്ടറി കെ.എസ്. ജയകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
യോഗത്തിനു ശേഷം പ്ലാവ്ജയന്‍ വിദ്യാര്‍ഥികളുമായി സംവാദം നടത്തി. ചോദ്യങ്ങളില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇദ്ദേഹം രചിച്ച പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. മധുരപലഹാര വിതരണവും നടന്നു.
















