തൊടുപുഴ: കാര്‍ നിയന്ത്രണം വിട്ട് ചെക്ക്ഡാമിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളത്തില്‍ മുങ്ങിയ കാറില്‍ നിന്നും നാലംഗ സംഘത്തെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപെടുത്തി. ഇന്നലെ ഉച്ചക്ക് 12.30ഓടെ മൂലമറ്റം-വാഗമണ്‍ റൂട്ടില്‍ മണപ്പാടി ചെക്ക്ഡാമിലേക്കാണ് കാര്‍ മറിഞ്ഞത്. ചെന്നൈ സ്വദേശികളായ പഴനിയപ്പന്‍(45), ഭാര്യ ജയ(43), മകന്‍ ചൊക്കലിംഗം(15) എന്നിവരും കാര്‍ ഡ്രൈവര്‍ ആലപ്പുഴ തൈപ്പറമ്പില്‍ ഷിനുവുമാണ് കാറിലുണ്ടായിരുന്നു. ആലപ്പുഴയില്‍ നിന്നും പുറപ്പെട്ട സംഘം വാഗമണ്‍ സന്ദര്‍ശിച്ച ശേഷം മൂലമറ്റത്തിന് വരും വഴിയാണ് അപകടം. കുത്തനെയുള്ള കയറ്റിറക്കങ്ങളും വളവുകളുമുള്ള പാതയിലെ സ്ഥല പരിചയമില്ലാത്തതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കാഞ്ഞാര്‍ പോലീസ് സൂചിപ്പിച്ചു. മണപ്പാടിക്കു സമീപം കുത്തനെയുള്ള ഇറക്കത്തിനും വളവിനും സമീപമാണ് ചെക്ക്ഡാം. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നും മുപ്പതടിയോളം താഴെയുള്ള ചെക്ക്ഡാമിലേക്കാണ് പതിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ പന്തലാടിക്കല്‍ അപ്പച്ചന്‍, മകന്‍ ജോയല്‍, കുര്യാലപ്പുഴ സാബു എന്നിവരും സമീപത്തുണ്ടായിരുന്ന കല്ല് പണിക്കാരും ചേര്‍ന്നാണ് വെള്ളത്തില്‍ മുങ്ങിയ കാറില്‍ നിന്നും നാല് പേരെയും രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ അതു വഴി വന്ന വാഹനത്തില്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല.
ചെറുതോണി: മഹാരാഷ്‌ട്രയില്‍ നിന്നും വന്ന ലോറി മറ്റൊരു ലോറിയില്‍ ഇടിച്ച് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. മഹാരാഷ്‌ട്രയില്‍ നിന്ന് നെടുങ്കണ്ടം സപ്ലൈക്കോയിലേക്ക് കടലയുമായി വന്നലോറിയാണ് ചെറുതോണി ഇറക്കത്തുവച്ച് നിയന്ത്രണംവിട്ട് കട്ടപ്പനയ്‌ക്ക് പോകുകയായിരുന്ന മറ്റൊരു ലോറിയില്‍ ഇടിച്ചത്. രണ്ട് ലോറിയിലെ ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റു. മഹാരാഷ്‌ട്രയില്‍ നിന്നും എത്തിയ ലോറി ഇടിയുടെ ആഘാതത്തില്‍ പെരിയാറിന്റെ സംരക്ഷണ ഭിത്തിക്ക് സമീപമാണ് നിന്നത്. അത്ഭുതകരമായാണ് ലോറി ആറ്റിലേക്ക് വീഴാതിരുന്നത്. ചെറുതോണി റോഡരുകില്‍ നൂറോളം ഓട്ടോറിക്ഷകള്‍ തിരക്കേറിയ കാല്‍നട യാത്രക്കാര്‍ ഉള്ള സമയത്താണ് ഈ ദുരന്തം ഉണ്ടായത്. ക്രെയിന്‍ ഉപയോഗിച്ച് വാഹനം പാലത്തില്‍നിന്നും നീക്കി. രണ്ട് വര്‍ഷം മുന്‍പ് വിവാഹത്തിന് പോയി മടങ്ങിയ ട്രാവല്‍ ബസ് ചെറുതോണി പാലത്തില്‍നിന്ന് മറിഞ്ഞ് 2 പേര്‍ മരിച്ചിരുന്നു.
















