പത്തനംതിട്ട: പകിട്ടാര്‍ന്ന പരേഡും, വിദ്യാര്‍ഥികളുടെ ദേശീയത വിളിച്ചോതിയ കലാപരിപാടികളും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളെ ആവേശത്തിലാഴ്ത്തി. തകര്‍ത്തുപെയ്ത മഴയിലും ആവേശം ചോരാതെ പൊതുജനങ്ങളും ആഘോഷത്തില്‍ പങ്കാളികളായി.
രാവിലെ എട്ടിന് പരേഡിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. 8.10ന് പരേഡ് കമാന്‍ഡര്‍ സുരേഷ് പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.15ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കറും 8.20ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം സി.സജീവും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. 8.25ന് മുഖ്യാതിഥിയായ മന്ത്രി മാത്യു ടി.തോമസ് എത്തി. 8.30ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വര്‍ണാഭമായ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് മുഖ്യാതിഥി ദേശീയ പതാക ഉയര്‍ത്തി വന്ദിച്ചു. യൂണിഫോമിലുള്ള എല്ലാ ഓഫീസര്‍മാരും ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. 8.35ന് മന്ത്രി മാത്യു ടി.തോമസ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു. 8.40ന് പരേഡ് മാര്‍ച്ച് പാസ്റ്റ് നടന്നു. പത്തനംതിട്ട എ.ആര് പ്ലാറ്റൂണിനെ റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ അശോകനും ലോക്കല്‍ പോലീസിനെ എസ്.ഐ. ബോബി വര്‍ഗീസും വനിതാ പോലീസിനെ എസ്.ഐ ലീലാമ്മയും എക്സൈസ് പ്ലാറ്റൂണിനെ എക്സൈസ് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാറും വനം വകുപ്പിന്റെ പ്ലാറ്റൂണിനെ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്.രാജുവും ഫയര്‍ ഫോഴ്സ് വിഭാഗത്തെ സ്റ്റേഷന് ഓഫീസര്‍ വിനോദ്കുമാറും നയിച്ചു. അമൃത സ്കൂള്‍ ബാന്‍ഡിനെ ഐശ്വര്യയും പത്തനംതിട്ട മാര്‍ത്തോമ്മ എച്ച്.എസ്.എസ് എന്‍സിസി വിഭാഗത്തെ ക്രിസ്ത്യന്‍ ജോസും തൈക്കാവ് ജിഎച്ച്എസ്എസ് എസ്പിസി സീനിയര്‍ വിഭാഗത്തെ മാത്യു കെ.ടോമും ഐരവണ്‍ പിഎസ്വിപിഎംഎച്ച്എസ്എസ് എസ്പിസി സീനിയര്‍ വിഭാഗത്തെ നിതിന്‍ ജോര്‍ജ് തോമസും പുല്ലാട് എസ്വിഎച്ച്എസ് എസ്പിസി ജൂനിയര്‍ വിഭാഗത്തെ പല്ലവി ആര്.നായരും കടമ്പനാട് വിവേകാനന്ദ ഗേള്‍സ് ഹൈസ്കൂള്‍ എസ്പിസി വിഭാഗത്തെ രേഖ ഡിയും തട്ട എന്‍എസ്എസ് എച്ച്എസ് എസ്പിസി ജൂനിയര്‍ വിഭാഗത്തെ കൃഷ്ണ വിനോദും കൈപ്പട്ടൂര്‍ സെന്റ് ഗ്രിഗോറിയസ് ബാന്റിനെ ജ്യോതി ലക്ഷ്മിയും മൈലപ്ര എച്ച്എസ്എസ് എസ്പിസിയെ ശബരിയും മല്ലശേരി സെന്റ് മേരീസ് ആര്‍ഇഎംഎച്ച്എസ് സ്കൗട്ട്സിനെ ഷൈന്‍ വി.തോമസും കോന്നി ആര്‍വിഎച്ച്എസ് സ്കൗട്ട്സിനെ അജിന് തോമസും പ്രമാടം നേതാജി എച്ച്എസ്എസ് സ്കൗട്ട്സിനെ അരവിന്ദും മല്ലശേരി സെന്റ് ്മേരീസ് ഗൈഡ്സിനെ നിയ പ്രിന്‍സും ഇലന്തൂര്‍ ജിവിഎച്ച്എസ്എസ് റെഡ്ക്രോസിനെ രേഷ്മയും വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ബാന്റിനെ വിഷ്ണുവും നയിച്ചു. 8.50ന് മുഖ്യാതിഥി സ്വാതന്ത്ര്യദിന സന്ദേശം നല്കി. തുടര്‍ന്ന് പത്തനംതിട്ട അമൃത വിദ്യാലയത്തിലെ വിദ്യാര്‍ഥികളും വെച്ചൂച്ചിറ നവോദയയിലെ 350 ഓളം കുട്ടികളും ദേശീയത തുളുമ്പി നില്ക്കുന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. സെറിമോണിയല്‍ പരേഡിന്റെ ചുമതല പത്തനംതിട്ട എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പി.കെ. അനില്‍കുമാറിനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: