പുതുക്കാട്: കോര്‍പ്പറേഷനിലെ മാലിന്യങ്ങള്‍ ചെങ്ങാലൂര്‍ മാട്ടുമലയില്‍ തള്ളാനുള്ള നീക്കത്തെ തുടര്‍ന്ന് മേഖലയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാകുന്നു. നേത്യത്വം മാലിന്യ പ്രശ്നത്തില്‍ ശക്തമായ ഇടപെടല്‍ നടത്താതായതോടെ പ്രദേശവാസികളായ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സിപിഐ യിലേക്ക് ചേരുകയായിരുന്നു.മാട്ടുമലയില്‍ വേരോട്ടം ഇല്ലാതിരുന്ന സിപിഐ ബ്രാഞ്ച് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തതോടെ ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. മാലിന്യ പ്രശ്നത്തില്‍ സിപിഐയുടെ ഇടപെടലുകളും പാര്‍ട്ടിയുടെ പോഷക സംഘടനയായ കിസാന്‍ സഭയുടെ സമര പ്രഖ്യാപനങ്ങളും ക്യാപയ്നുകളും നടത്തിയത് പ്രദേശവാസികളില്‍ പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു. സിപിഎം ന് ഏറെ സ്വാധീനമുള്ള മേഖലയില്‍ സിപിഐയുടെ വളര്‍ച്ച മണ്ഡലം എല്‍ഡിഎഫ് കമ്മിറ്റിയില്‍ ഇതിനോടകം ചര്‍ച്ചയായി മാറിക്കഴിഞ്ഞു.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് മാട്ടുമലയിലെ പുറമ്പോക്ക് ഭൂമി കോര്പ്പറേഷന് എഴുതി കൊടുത്തത്.ഇതോടെ കോര്പ്പറേഷന് പരിധിയിലെ മാലിന്യം തള്ളാനുള്ള ഇടമായി മാട്ടുമലയെ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സംസ്ഥാനവും കോര്‍പ്പറേഷനും ഭരിക്കുമ്പോഴും മാലിന്യപ്രശ്നത്തില്‍ സിപിഎം വിമുഖത കാണിക്കുന്നുവെന്നാണ് ഇപ്പോഴത്തെ ആരോപണം.കഴിഞ്ഞ ദിവസം രാത്രി മാട്ടുമലയില്‍ എത്തിയ മന്ത്രി സി.രവീന്ദ്രനാഥ് മാട്ടുമലയിലെ നെല്ലിമല സംരക്ഷിക്കുമെന്ന ഉറപ്പ് മാത്രമാണ് നല്‍കിയത്. എന്നാല്‍ നെല്ലിമലയിലെ മാലിന്യ പ്രശ്നത്തെകുറിച്ച് മന്ത്രി സംസാരിക്കാതിരുന്നതിലും ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്.സിപിഎം ന്റെ മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് മന്ത്രിയെ പ്രാദേശിക നേതാക്കള്‍ മാട്ടുമലയില്‍ എത്തിച്ചത്.എന്നാല്‍ മാലിന്യ പ്രശ്നത്തില്‍ മന്ത്രി വ്യക്തമായ തീരുമാനം പറയാതിരുന്നതും പാര്‍ട്ടി പ്രവര്‍ത്തകരെ അങ്കലാപ്പിലാക്കുന്നുണ്ട്.ഇതിനിടെ കര്‍ഷക ദിനത്തില്‍ കിസാന്‍സഭ മാട്ടുമലയില്‍ നടത്തുന്ന മനുഷ്യചങ്ങലയോടെ സിപിഎം നേതൃത്വം നല്കുന്ന കോര്പ്പറേഷന് ഭരണസമിതി മാട്ടുമലയില്‍ മാലിന്യം തള്ളാനുള്ള നീക്കത്തില്‍ നിന്നും പിന്മാറുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: