കോട്ടയം: കോട്ടയംഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരനായകന്‍ പണ്ഡിറ്റ് നാരായണദേവ് സ്വാതന്ത്യസമര ചരിത്രത്തിലെ അശ്വമേധമായിരുന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി എം.എന്‍.ഗോപാലകൃഷ്ണപ്പണിക്കര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറ മാതൃകയാക്കണം. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന മുട്ടമ്പലത്തെ വസതിയായ ശ്രീനികേതനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് നാരായണദേവ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് ഡോമിനിയന്‍ പദവി വേണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കേസരി ലാലാലജ്പത് റായി ലാഹോര്‍ റയില്‍വേസ്‌റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ റാവലിയുടെ സംഘാടകരിലൊരാളായിരുന്നു നാരായണദേവ്. ഭാഗത് സിംഗിനെ തൂക്കിലേറ്റുവാന്‍ ലാഹോര്‍ പട്ടണത്തിനടുത്തുള്ള റിയാം വാലാ ജയിലിലേക്ക് കൊണ്ടുപോയപ്പോള്‍ റയില്‍വേ സ്‌റ്റേഷനില്‍ ഭഗത്സിംഗിനരികിലെത്തി ഭാരത്്മാതാ കീ ജയ്എന്ന് വിളിക്കാന്‍ ധൈര്യപ്പെട്ട വിപ്ലവനായകന്‍ കൂടിയായിരുന്നു അദ്ദേഹമെന്നും ഗോപാലകൃഷ്ണപ്പണിക്കര്‍ പറഞ്ഞു. പി.ജെ.ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അനില്‍തോട്ടുപുറം, റീബാ വര്‍ക്കി, നാസര്‍ റാവുത്തര്‍, സിറിയക്, ശങ്കര്‍ലാല്‍, പാസ്‌ക്കല്‍ ജോസഫ്, വരുണ്‍, തങ്കച്ചന്‍, ഡോ.ശശീന്ദ്രദേവ്, ഇന്ദിരാകുമാരി എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.
















