മാനന്തവാടി: മാനന്തവാടിയിലെ വിദേശമദ്യശാല അടച്ചു പൂട്ടാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
കേരള-കര്‍ണ്ണാടകാ അതിര്‍ത്തി പ്രദേശമായ മാനന്തവാടിയില്‍ സര്‍ക്കാര്‍ സംവിധാനത്തിലുള്ള മദ്യവിപണനം നിലച്ചാല്‍ കര്‍ണ്ണാടകയിലെ മദ്യലോബികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സംസ്ഥാന അതിര്‍ത്തിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുള്ള കര്‍ണ്ണാടകത്തിലെ കുട്ടത്താണ് കൂണ് മുളച്ചു പൊന്തിയതു പോലെ മദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്പ്രിറ്റില് വ്യാജ കളറുകള്‍ ചേര്‍ത്തു ഫ്രൂട്ടി കടലാസു പാക്കറ്റുകളില്‍ വിലകുറച്ച് വില്‍ക്കുന്ന വ്യാജ മദ്യമാണ് ഇവിടങ്ങളില്‍ ലഭ്യമാകുന്നത്. അതിര്‍ത്തിയിലെ വ്യാജമദ്യ വില്പന കേന്ദ്രങ്ങളിലേക്ക് വയനാട്ടില്‍ നിന്നുള്ള ആളുകളെ എത്തിക്കാന്‍ പ്രത്യേക വാഹന സര്‍വീസ് തന്നെയുണ്ട്. മാനന്തവാടി ബീവറേജസ് മദ്യശാല പൂട്ടിയാല്‍ ഇവിടെ നിന്നുള്ളവര്‍ കര്‍ണാടകയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അവിടെയുള്ള മദ്യലോബി. കേരളത്തിലെ മദ്യനിരോധനം മുതലെടുത്ത് കര്‍ണ്ണാടകത്തിലെ മദ്യമാഫിയകള്‍ പുതിയ ലൈസന്‍സുകള്‍ക്കായി നെട്ടോട്ടമോടുന്നതിനിടയിലാണ് അവര്‍ക്ക് സഹായകരമെന്നോണം ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം വന്നിരിക്കുന്നത്.
ഭൂരിപക്ഷ ആദിവാസി മേഖലയായ തിരുനെല്ലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആദിവാസി ജീവിതം അതീവ ദുഷ്ക്കരമാകുകയും വ്യാജ മദ്യത്തിന്റെയും കഞ്ചാവുള്‍പ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കളുടെയും വ്യാപനം വര്‍ധിക്കുമെന്നും ഈ സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ വ്യാജ മദ്യ ലോബികളെ നിയന്ത്രിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും ശ്രീജിത്ത് പെരുമന ആവശ്യപ്പെട്ടു. ബാവലിയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ബാറുകളും മദ്യശാലകളും അഡ്വ. ശ്രീജിത്ത് പെരുമനയുടെ പോരാട്ടത്തിനൊടുവില്‍ മാസങ്ങള്‍ക്ക് മുന്‍പ് അടച്ചു പൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: