ശൈശവ വിവാഹത്തിന്റെ ഇരയായി ഒടുവില്‍ രാജ്യത്തെ മിടുക്കിയായ വോളിബോള്‍ പ്ലെയര്‍ എന്ന ഖ്യാതി ഏറ്റുവാങ്ങിയ പെണ്‍കുട്ടി ചന്ദ ജാട്ട്. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലെ ഫാലിചന്ദ ഗ്രാമത്തിലായിരുന്നു ചന്ദ ജനിച്ചത്. യാഥാസ്ഥിതിക സാമൂഹിക ചുറ്റുപാടില്‍ വളര്‍ന്ന ചന്ദയ്ക്ക് തന്റെ സ്വപ്നങ്ങളെയെല്ലാം മാറ്റിനിര്‍ത്താന്‍ ശീലിക്കേണ്ടിവന്നു. പകരം ആ ചെറുപ്രായത്തില്‍ ഭര്‍തൃവീട്ടിലെ ജോലികള്‍ എല്ലാം ചെയ്ത്, ഗാര്‍ഹിക പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരിക. അതൊക്കെ ചിന്തിക്കാന്‍ പോലും ചന്ദയ്ക്ക് സാധിച്ചിരുന്നില്ല.
അതുകൊണ്ടുതന്നെ അവള് സാധാരണ പെണ്കുട്ടികളെപ്പോലെയാവാന് തയ്യാറായതുമില്ല. എന്തിനും അവള്‍ക്ക് അമ്മയുടെ പിന്തുണയുണ്ടായിരുന്നു. ഒന്നരവയസ്സുള്ളപ്പോഴായിരുന്നു ചന്ദയുടെ വിവാഹം. കൗമാരത്തിലേക്ക് കടന്നപ്പോള്‍ മുതല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അന്ത്യശാസനം വന്നു, ചന്ദയെ ഭര്തൃവീട്ടിലെത്തിക്കുന്നതിനായി. അന്നവള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. പഠനം പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം ഭര്‍ത്താവിന്റെ അമ്മയുടെ നിര്‍ബന്ധത്തിന് മുന്നില്‍ ഉപേക്ഷിക്കേണ്ടി വന്നു.
ചന്ദ അവിടേയും പോരാട്ടം തുടര്‍ന്നു. പഠിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടു. അമ്മയും മുത്തശിയും സഹോദരങ്ങളും അവളുടെ പക്ഷത്തുനിന്നു. ഒരൊറ്റ വ്യവസ്ഥയോടെ അച്ഛനും വിദ്യാഭ്യാസം തുടരുന്നതിന് അനുമതി നല്കി. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയാലുടന്‍ ഭര്‍തൃവീട്ടിലേക്ക് പോകണമെന്നതായിരുന്നു അച്ഛന്റെ താക്കീത്.
പിന്നീടുള്ള കാലയളവ് ചന്ദയുടെ ജീവിതത്തെ തന്നെ മാറ്റി. വോളിബോള്‍ കളിക്കുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം അവള് കണ്ടെത്തി. അതൊരു വിരസമായ കളിയല്ലെന്ന് തിരിച്ചറിഞ്ഞു. ഒപ്പം കൂടുതല്‍ പരിശീലനം നേടേണ്ടതിന്റെ ആവശ്യകതയും. സ്കൂളില്‍ വോളിബോളിനോട് താല്പര്യമുള്ള കുറച്ചുകുട്ടികളേയും കൂട്ടി ചന്ദ സ്പോര്‍ട്സ് ടീച്ചറെ സമീപിച്ച്, വോളിബോളില്‍ ശരിയായ പരിശീലനം വേണമെന്നാവശ്യപ്പെട്ടു. എന്നാല്‍ അത്തരത്തിലൊരു നീക്കത്തെ വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ എതിര്‍ക്കുമെന്ന് മനസ്സിലാക്കിയ അദ്ധ്യാപകന്, കുട്ടികളോട് അച്ഛന് ഒപ്പിട്ട സമ്മതപത്രം കൊണ്ടുവന്നാല്‍ അതേപ്പറ്റി ആലോചിക്കാമെന്ന് പറഞ്ഞ് മടക്കിയയച്ചു.
തന്റെ അച്ഛന് ഒരിക്കലും ഒപ്പിട്ടുതരില്ലെന്ന് ചന്ദയ്ക്ക് അറിയാമായിരുന്നു. ഇതിന്റെ പേരില്‍ അവളുടെ അമ്മയെ വരെ അയാള്‍ മര്‍ദ്ദിച്ചു. ഒടുവില്‍ അച്ഛനെ ധിക്കരിക്കാന്‍ തന്നെ ചന്ദ തീരുമാനിച്ചു. അച്ഛന്റെതെന്ന പേരില്‍ വ്യാജ ഒപ്പിട്ടു ടീച്ചറിന് നല്കി. അതൊരു ധീരകൃത്യം തന്നെയായിരുന്നു,അതോടൊപ്പം തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചുവടുവയ്പ്പും.
അധികം വൈകാതെതന്നെ താനൊരു നല്ല വോളിബോള്‍ കളിക്കാരിയാണെന്ന് ചന്ദ തെളിയിച്ചു. അടങ്ങാത്ത അഭിനിവേശമായിരുന്നു ആ കളിയോട് ഉണ്ടായിരുന്നത്. വിവിധ തലത്തിലുള്ള ടൂര്‍ണമെന്റുകളില്‍ ചന്ദ മത്സരിച്ചുതുടങ്ങി. അതുകൊണ്ടുതന്നെ യാത്ര ചെയ്യേണ്ടതായും വന്നു. ട്രക്ക് ഡ്രൈവറായ അച്ഛന് അറിയാതെയായിരുന്നു യാത്രകള്‍. അമ്മയുടെ മൗനാനുവാദം മാത്രമായിരുന്നു ചന്ദയ്ക്ക് പിന്‍ബലം.
അതേസമയം കായികരംഗത്ത് കഴിവ് വര്‍ധിപ്പിച്ചപ്പോള്‍ പഠനത്തില്‍ നിന്നും അവള് പിന്നാക്കം പോയി. ഫലമോ പത്താം ക്ലാസ് പരാജയം. എന്നാല്‍ വീണ്ടും പഠിക്കാനും പരീക്ഷയെഴുതാനും ഒന്നും തയ്യാറായില്ല. അവര്‍ക്ക് സ്വന്തമായുണ്ടായിരുന്ന കൃഷിയിടത്തില്‍ മറ്റും കുടുംബാംഗങ്ങള്‍ക്കൊപ്പം അവളും കൃഷിപ്പണി ചെയ്തു. അതോടൊപ്പം മറ്റൊന്നുകൂടി ചന്ദ പഠിച്ചെടുത്തു-മോട്ടോര്‍ ബൈക്ക് റൈഡിങ്.
അങ്ങനെയിരിക്കെയാണ് ചന്ദ സന്നദ്ധ സംഘടനയായ വികല്പ് സന്‍സ്ഥാനിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയാകുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കുന്നതിനും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നതിനും സന്നദ്ധയായി ചന്ദയും വികല്പിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. താന്‍ അനുഭവിക്കുന്നതിന് സമാനമായ പ്രശ്നം അനുഭവിക്കുന്ന നിരവധി പേരുണ്ടെന്ന് അവള് മനസ്സിലാക്കി. പാതിയില്‍ ഉപേക്ഷിച്ച പഠനം പൂര്‍ത്തിയാക്കുന്നതിനും സ്പോര്‍ട്സ് തുടരുന്നതിനും തീരുമാനിച്ചു. കായിക പരിശീലകയാകുകയെന്നതായിരുന്നു ചന്ദയുടെ ലക്ഷ്യം.
കൂടാതെ തൊട്ടടുത്ത ഗ്രാമങ്ങളിലെ, പഠനം പൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സമീപിച്ച് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അവരെ ധരിപ്പിച്ചു. ഇതിന്റെ ഫലമായി 100ഓളം പെണ്‍കുട്ടികളെ പഠനത്തിന്റെ വഴിയെ കൊണ്ടുവരാന്‍ സാധിച്ചു.
വോളിബോള്‍ കളിക്കാന്‍ താല്പര്യമുള്ള പെണ്‍കുട്ടികളെ കണ്ടെത്തി അവര്‍ക്കും പരിശീലനം നല്കി.
അച്ഛന് അറിയാതെയായിരുന്നു കളിയോടുള്ള ഇഷ്ടം അവള് കൊണ്ടുനടന്നത്. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗേള്‍സ് ക്യാമ്പെയിനും തായ്വാനിലെ ദ ഗാര്ഡന് ഓഫ് ഹോപ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേ പരിപാടിയില്‍ പങ്കെടുക്കുന്നതിനും ചന്ദയ്ക്ക് സാധിച്ചു. അച്ഛനെ ധിക്കരിച്ചുകൊണ്ടായിരുന്നു വിദേശത്തേക്കുള്ള യാത്ര. 2015 ലെ കമ്യൂണിറ്റി ഡെവലപ്മെന്റ് പുരസ്കാരവും ചന്ദ സ്വന്തമാക്കി. ഏഷ്യന്‍ ഗേള്‍സ് ക്യാമ്പെയിന്റെ ബ്രാന്‍ഡ് അംബാസഡറായും ചന്ദ തിരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ ചന്ദയെ അച്ഛനും അംഗീകരിക്കാന്‍ തുടങ്ങി. ഇന്ന് പത്തോളം ഗ്രാമങ്ങളിലെ പെണ്‍കുട്ടികളെ ചന്ദ വോളിബോള്‍ പഠിപ്പിക്കുന്നു. കൂടാതെ വികല്പിന്റെ സ്പോര്‍ട്സ് ഫോര്‍ എമ്പവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായും പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: