നിലമ്പൂര്‍: യുഡിഎഫിലെ തമ്മിലടി മൂലം നഗരസഭയുടെ ഭരണം പൂര്‍ണ്ണമായി സ്തംഭിച്ച അവസ്ഥയില്‍. ലീഗും കോണ്‍ഗ്രസും പരസ്പരം ആരോപണങ്ങളുമായി പ്രത്യക്ഷയുദ്ധം നടത്തുമ്പോഴും സിപിഎം പിന്തുണയോടെ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് സുരക്ഷിതായാണ്. നിലമ്പൂരിലെ സിനിമാ തിയറ്ററുകളുടെ പേരില്‍ നികുതിവെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ പരാതിക്കാര്‍ സിപിഐ കൗണ്‍സിലര്‍മാരാണ്. നഗരസഭാ സെക്രട്ടറിയെ ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
കാലങ്ങളായി നിലമ്പൂരിലെ ലീഗും കോണ്‍ഗ്രസും രണ്ടുതട്ടിലാണ്. ഇപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുന്നു. കൗണ്‍സില്‍ യോഗങ്ങളില്‍ പോലും മുന്നണി ബന്ധം മറന്ന് ഇരുകൂട്ടരും ശത്രുക്കളെ പോലെ ഏറ്റുമുട്ടുകയാണ്. നഗരത്തില്‍ പാര്‍ക്കിംങ് സൗകര്യമൊരുക്കാതെ പോലീസിനെ കൊണ്ട് ജനങ്ങളെ ദ്രോഹിപ്പിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിക്കുന്നത്. ഇത് പോലീസും നഗരസഭയും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നഗരസഭയിലെ കോടികളുടെ അഴിമതി പുറത്തുവന്നിട്ടും സിപിഎം മൗനം പാലിക്കുകയാണ്. എന്നാല്‍ സിപിഐയുടെ രണ്ട് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. നിലമ്പൂരിലും കോമാലി സഖ്യമുണ്ടെന്ന സിപിഎം വിമതരുടെ ആരോപണം വ്യക്തമാകുന്നതാണ് നിലവിലെ സംഭവവികാസങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: