ഇരിങ്ങാലക്കുട : നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മ്മിച്ച ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് റോഡില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. നഗരമധ്യത്തില്‍ കാടുപിടിച്ച് കിടന്നിരുന്ന ഞവരിക്കുളം ശുചീകരിച്ചും നിരവധി പരിസ്ഥിതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും കുറഞ്ഞകാലം കൊണ്ട് ശ്രദ്ധേയമായ ഇരിങ്ങാലക്കുട ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നടുറോഡില്‍ സ്പൂണ്‍ റേസ്, ബൈക്ക് സ്ലോ റേസ് തുടങ്ങിയ മത്സരങ്ങള്‍ നടത്തി വ്യത്യസ്തമായ രീതിയില്‍ സമരം സംഘടിപ്പിച്ചത്.
ഇരിങ്ങാലക്കുട നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നഗരസഭ മുന്‍കൈയ്യെടുത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണമാരംഭിച്ച റോഡാണ് കുണ്ടുംകുഴിയുമായി കിടക്കുന്നതെന്നും റോഡുപണി പൂര്‍ത്തിയാക്കാന്‍ നഗരസഭയ്ക്ക് കഴിയില്ലെങ്കില്‍ എം.എല്‍.എയോ, ജില്ലാ ഭരണകൂടമോ ഇടപെട്ട് പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിച്ച് ബൈപ്പാസ് റോഡ് തുറന്നുകൊടുക്കണമെന്നും നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മ ആവശ്യപ്പെട്ടു.
യോഗത്തില്‍ സന്ദീപ് പോത്താനി, ജീസ് ലാസര്‍, ഡോ.എല്‍.പി. അനില്‍കുമാര്‍, മുസ്തഫ തോപ്പില്‍, ടെല്‍സണ്‍ കോട്ടോളി, ജെയിംസ് അക്കരക്കാരന്‍ എന്നിവര്‍ സംസാരിച്ചു. എം.എസ്. ഹരികൃഷ്ണന്, ആല്‍ജോ ജോസഫ്, ജോയല്‍ തട്ടില്‍, രഞ്ജിത്ത് രാമചന്ദ്രന്, മിനി ജോസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: