തൃശൂര്‍: സ്വാതന്ത്ര്യദിനാചരണത്തിന് പകരം ദേശീയദിനം ആചരിക്കണമെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്.മധു. സ്വാതന്ത്ര്യം കിട്ടിയദിനം എന്നുപറയുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് അടിമതത്തത്തെക്കുറിച്ചാണ് ലോകത്ത് സ്വാതന്ത്ര്യദിനം ആചരിക്കുന്ന ഒരേയൊരുരാജ്യം ഭാരതമായിരിക്കുമെന്നും മധു പറഞ്ഞു. ആഗസ്റ്റ് 15 ദേശീയദിനമായാണ് ആചരിക്കേണ്ടത്.
രാജ്യത്തെക്കുറിച്ച് അഭിമാനമുള്ള തലമുറ ഇല്ലാതെ പോയതാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വളര്‍ച്ചക്ക് തടസ്സമായത്. മെക്കാളെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും നടപ്പാക്കുന്നത്. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നു. അതേ നയമാണ് പിന്നീട് അധികാരത്തില്‍വന്ന കോണ്‍ഗ്രസ്സും ചെയ്തത്. സ്വാതന്ത്ര്യസമരത്തിന്റെ യഥാര്‍ത്ഥചരിത്രം വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചന്ദ്രശേഖര്‍ ആസാദിനെപ്പോലെയുള്ള ധീരനായ ബലിദാനിയുടെ സ്മൃതികുടീരത്തില്‍ ആദ്യമായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇതിന് മുമ്പുണ്ടായിരുന്ന ഭരണാധികാരികളെല്ലാം ആസാദിനെപ്പോലുള്ളവരുടെ ത്യാഗത്തെ അവഗണിക്കുകയായിരുന്നു. വിദ്യാഭ്യാസ പദ്ധതിയില്‍ നിന്ന് ദേശീയമൂല്യങ്ങള്‍ ചോര്‍ന്ന് പോയതാണ് ഭാരതത്തിലെ യുവതലമുറക്കിടയില്‍ ദേശസ്നേഹം ഇല്ലാതാകാന്‍ കാരണമായത്. മൗദൂദിയന്‍ ആശയങ്ങള്‍ പിന്തുടരുന്നവരും മാര്‍ക്സിസ്റ്റുകളും മെക്കാളെയിസ്റ്റുകളും ദേശീയത എന്ന സങ്കല്പത്തിന് എതിരാണ്. ബ്രിട്ടീഷുകാരന് സൃഷ്ടിച്ചതാണ് ഭാരതമെന്നാണ് ഈ മൂന്നുകൂട്ടരും വാദിക്കുന്നത്. എന്നാല്‍ മാനവ സംസ്കൃതിയുടെ അതിപ്രാചീന രേഖകളായ വേദത്തില്‍തന്നെ ഭാരതമെന്ന രാഷ്ട്രത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും ഡോ. മധു ചൂണ്ടിക്കാട്ടി. തൃശൂര്‍ മഹാനഗരത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അഖണ്ഡഭാരതദര്ശനം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വിചക്ഷണനായ ഡോ.അജിത്രാജ അദ്ധ്യക്ഷനായിരുന്നു. മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് രക്ഷാബന്ധന് ചടങ്ങും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: