പോലീസ് പിടിയിലായ കടവി രഞ്ജിത്തും കൂട്ടാളികളും
തൃശൂര്‍: നഗരത്തിലെ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് ഗുണ്ടാതലവന്‍ കടവി രഞ്ജിത്തും സഹായികളുമുള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് വടിവാളും, നാടന്‍ ബോംബുകളും ഉള്‍പ്പെടെ ആയുധങ്ങളും കണ്ടെടുത്തു. മാറ്റാംപുറം പൂളായ്ക്കല്‍ സ്വദേശി കടവി വീട്ടില്‍ രഞ്ജിത്ത്(37), സംഘാംഗങ്ങളായ വരന്തരപ്പള്ളി പറമ്പന്‍ വീട്ടില്‍ മനോജ്(38), നടത്തറ കാച്ചേരി കനാലിനു സമീപം പൈനാടത്ത് സിജോ(29) നടത്തറ പള്ളിപ്പറമ്പില്‍ നെല്സണ്എന്ന മണ്ടു(22) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ ഉള്‍പ്പെട്ട ജിയോ എന്ന കറമ്പൂസും നിനോ എന്ന നെയ്മറും കഴിഞ്ഞ ദിവസം ഒല്ലൂര്‍ പൊലീസിന്റെ പിടിയിലായിരുന്നു. സംഘത്തിലെ ഗീവര്‍, കുട്ടി പ്രിന്‍സ്, തൊമ്മന് എന്നിവര്‍ ഓടിരക്ഷപ്പെട്ടു. ഇതോടെ തൃശൂര്‍ നഗരത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ബോംബറിലും, പൊലീസ് സംഘത്തെ ആക്രമിച്ച കേസിലും അറസ്റ്റിലായ ഗുണ്ടകളുടെ എണ്ണം ആറായി. സംഘത്തിലെ ഒമ്പത് പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാപിരിവു ചോദിച്ചതിന് പരാതിനല്‍കിയ അരണാട്ടുകരയിലെ ടിജോയെ അക്രമിക്കാന്‍ പോകുമ്പോഴാണ് കടവിയും സംഘവും നെടുപുഴ വെച്ച് അറസ്റ്റിലായത്.
ആറു പേരുണ്ടായിരുന്ന സംഘത്തിലെ കടവിയും മനോജും സിജോയുമാണ് ഇവിടെവെച്ച് പിടിയിലായത്.ബാക്കി മൂന്നുപേര്‍ രക്ഷപ്പെട്ടു. നെല്‍സണെ കഴിഞ്ഞ ദിവസം രാത്രി വെസ്റ്റ് പൊലീസ് പിടികൂടുകയായിരുന്നു. നെല്‍സണും ഒല്ലൂര്‍ പൊലീസ് പിടികൂടിയ നെയ്മറും ചേര്‍ന്നാണ് അരണാട്ടുകര ജോണ്‍സന്റെ വീട്ടിലും വിയ്യൂര്‍ സ്റ്റേഷനിലെ പൊലീസുകാരന് മനോജിന്റെ അവണൂരിലെ വീട്ടിലും അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കടവിയും സംഘവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ, പടക്കമെറിയാന്‍ എത്തിയ ബൈക്ക്, ആയുധങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.കടവിയുടെ ഭാര്യയുടെ പേരിലുള്ളതാണ് ഓട്ടോറിക്ഷ. എ.സി.പി ഷാഹുല്‍ ഹമീദ്,വെസ്റ്റ് സി.ഐ വി.കെ രാജു, നെടുപുഴ എസ്.ഐ ഷാജി, അഡിഷണല്‍ എസ്.ഐ മാരായ രാജന് ജോസഫ്, പ്രത്യേക സംഘത്തിന്റെ അംഗങ്ങളായ എ.എസ്.ഐ ബിനന്‍,സീനിയര്‍ സി.പി.ഒ. അനില്‍. സി.പി.ഒ മനോജ്, അലന്, റെനീഷ്,സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: