കുമളി: മദ്യ ലഹരിയില്‍ കെഎസ്ആര്‍റ്റി ബസ് കണ്ടക്ടറെ ആക്രമിച്ച സഹോദരങ്ങളെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. വളളക്കടവ് മഞ്ചുമല വേഴക്കാട്ട്കുന്നേല്‍ ശശികുമാര്‍(40), സഹോദരന്‍ ചക്കുപളളം മേനോന്‍മേട് സ്വദേശി ഉദയന്‍(36) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ കോട്ടയത്ത് നിന്നും കുമളിക്ക് വന്ന കെഎസ്ആര്‍റ്റിസി ബസിലെ എം-പാന്‍ കണ്ടക്ടര്‍ ചക്കുപളളം ബീനിഷ് ലൂക്കോസിനാണ് (30) മര്‍ദ്ദനമേറ്റത്ത്.
തര്‍ക്കത്തെതുടര്‍ന്ന് കുമളി പഞ്ചായത്ത് ബസ്റ്റാന്റില്‍ എത്തിയപ്പോള്‍ ടിക്കറ്റ് മീഷ്യന്‍ ബലമായി വാങ്ങി കണ്ടക്ടറുടെ തലയ്‌ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അറുപത്തിയാറാംമൈല്‍ സ്വകാര്യ ആശുപത്രി ഭാഗത്ത് നിന്നും മദ്യലഹരിയില്‍ വാഹനത്തില്‍ കയറിയ സഹോദരങ്ങള്‍ ടിക്കറ്റ് എടുക്കുകയും ബാലന്‍സ് തുകയെ ചൊല്ലിയുണ്ടായ തര്‍ക്കവുമാണ് പ്രശ്‌നത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. അടിയുടെ ആഘാതത്തില്‍ ചെവിക്ക് അഞ്ച് തുന്നല്‍ വേണ്ടിവന്നു. കണ്ടക്ടറെ പീരുമേട് ഗവണ്‍മെന്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടിക്കറ്റ് മെഷീന്‍ പൂര്‍ണ്ണമായും തകര്‍ന്നു. കുമളി എസ്‌ഐ റ്റി.ഡി പ്രജീഷിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
















