ലോകമെങ്ങും വിശ്രുതമായ പെരുവനത്തിന്റെ പെരുമയെ തേച്ചുമിനുക്കിയെടുക്കുവാന്‍ യത്നിക്കുന്ന അനേകരില്‍ ഒരുവനാവുക എന്നത് ഭാഗ്യം തന്നെയാണ്. ആ ദേശത്തുവളര്ന്നവര്ക്ക് മനസ്സുമുഴുവന്‍ നിറഞ്ഞ താളമാണ്.
കലാഗ്രാമമായ പെരുവനം തട്ടകത്തില്‍ ഉള്‍ക്കൊണ്ട മേളപ്രമാണിമാരില് കൊട്ടിന്റെ തനത് സൗന്ദര്യം നിലനിര്‍ത്തുന്ന പഴുവില്‍ രഘുവിന്റെ ദിനം വരുന്നു. അന്തിക്കാട് പ്രദേശത്തെ മേളഭ്രാന്തന്മാരായ ഒരു സംഘത്തെ വാര്‍ത്തെടുത്തിട്ട് ഇരുപത് വര്‍ഷം കഴിഞ്ഞു. അവരെല്ലാം ഇന്ന് മേളത്തിന്റെ ഉള്‍ക്കാഴ്ചയില്‍ ഉള്‍ക്കൊണ്ടുകഴിഞ്ഞു.
തൃശിവപേരൂരിന്റെ മേളരംഗങ്ങളില് ഇവര്‍ ശക്തമായ സ്വാധീനം നേടിക്കഴിഞ്ഞു. കാരണം മികച്ച ഗുരുവിന്റെ വരദാനത്താലാണിത്.
വാദ്യരംഗത്ത് സിദ്ധിയാര്ജ്ജിച്ചതിനാല് ഒരുകലാകാരന്റെ കഴിവ് വികസിച്ചെന്ന് കണക്കാക്കാനാവില്ല. അതിന്റെ സമ്പ്രദായ വിശുദ്ധിയെ പുതിയ തലമുറക്കാരെ മനസ്സിലാക്കി വളര്‍ത്തിയെടുക്കുക എന്നത് ശ്രമകരമാണ്. അത് സാധിക്കുവാനായാല് പൂര്ണതയിലേക്കുയരുവാനുള്ള ഒന്നാം വഴിയാണ്.
ഇക്കാര്യത്തില്‍ പഴുവില്‍ രഘുമാരാര്‍ മിടുക്കന് തന്നെയാണ്. ഏവര്‍ക്കും സ്വീകാര്യനായി പൂരപ്പറമ്പുകളില്‍ നായകനായിത്തീര്ന്നത് കഠിനാദ്ധ്വാനത്തിന്റെ കാന്തിയാലാണ്. പെരുവനത്തെ മണ്മറഞ്ഞ ആശാന്മാര്ക്കൊപ്പം നിരക്കാനായ ഭാഗ്യം ഈ കലാകാരന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.
കഥകളിക്കൊട്ടിന്റെ കാവ്യസൗന്ദര്യം സ്വായത്തമാക്കിയത് വൈഭവപൂര്ത്തീകരണത്തിന് ഏറെ സ്വാധീനമായി.
എണ്ണം പറഞ്ഞ മേളം, നിലയുറപ്പിച്ച ദേവസവിധത്തില്‍ നിന്നും പ്രയോഗിച്ച് വലുതായത് കീര്‍ത്തിയിലേക്ക് കടക്കാനുള്ള വഴിയായിത്തീര്‍ന്നു. പെരുവനത്തിന്റെ മേളമികവിന്റെ മാലയില്‍ എണ്ണമായെന്നുമാത്രമല്ല ശിഷ്യര്‍ക്കും ഈ രംഗത്ത് തെളിയുവാന്‍ പഴുവില്‍ രഘു വേദിയൊരുക്കി. കൂടെനിര്‍ത്തി ശിഷ്യരെ വശങ്ങളുടെ വീരരസങ്ങളെ അറിയിക്കുവാനായി എന്നത് രഘുവിന്റെ ഭാഗ്യമാണ്.
മുപ്പത്തഞ്ചുവര്ഷത്തിലേറെയായി ചെണ്ടയുമായി യാത്രതുടങ്ങിയിട്ട്.
കൈയും കോലും സ്വാദുപകരുന്ന പഞ്ചാരിയാലും വീരം വഴിയുന്ന പാണ്ടിയും കൊട്ടിവളര്‍ന്നു. അനുബന്ധമായ മറ്റുമേഖലകളേയും പഠിച്ച് പ്രയോഗിക്കുവാനും രഘുവിന് സാധിച്ചു. ഒട്ടേറെ ബഹുമതികള്‍ തേടി ഉയരത്തിലേക്ക് പ്രയാണം തുടരുമ്പോഴാണ് അന്തിക്കാട്ടെ അരുമ ശിഷ്യന്മാര് വീരശൃംഖല അണിയിക്കുകയാണ് ഇന്ന്. ഗുരുവായൂരപ്പന്റെ തന്ത്രി തിരുമനസ് ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് സജ്ജന സമക്ഷം അണിയിക്കുന്ന ഈ ബഹുമതി കലാകാരന്റെ യശസ്സിന് പൊന്‍തൂവലാവും.
തായമ്പകയും കേളിയും മാത്രമല്ല, ക്ഷേത്രത്തിനകത്തെ കലശാദികള്ക്കുള്ള പാണി തുടങ്ങിയ ഗഹനവിഷയങ്ങളിലും കൂസല്‍ കൂടാതെ പ്രവര്‍ത്തിക്കുവാന്‍ ഈ വിശാരദന് കഴിയും. ഒരു മാരാര്ക്കുവേണ്ടതെല്ലാമുള്ള പഴുവില്‍ രഘുവിനെ വരുംകാല മേളപ്പുരകളും വരവേല്ക്കുവാന് കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: