ചിലപ്പോള്‍ ചിലരെല്ലാം അങ്ങനെയാണ് അല്ലെ? ആദ്യം ചെയ്യേണ്ടിയിരുന്നത് അല്ലെങ്കില്‍ ചെയ്യാമായിരുന്നത് അവസാനത്തേക്ക് ആക്കുക. ആദര്‍ശം പലപ്പോഴും ആവശ്യകതയനുസരിച്ച് മാറ്റുകയൊക്കെ കാണാന്‍ പറ്റാറുണ്ടല്ലോ-ജോണി എന്റെ സുഹൃത്തായിരുന്നു. ആയിരുന്നു എന്നതല്ല ഇന്നും ആണ് എന്നതാണ് ശരി. തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി കേരളത്തില്‍ അറിയപ്പെടുന്ന ഒരദ്ധ്യാപകന്റെ കീഴില്‍ ഗവേഷണം നടത്തുകയായിരുന്നു അന്ന് അവന്.
അന്ന് എന്ന് പറഞ്ഞാല്‍ ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പ് എന്നര്‍ത്ഥം. ശരാശരിക്കും താഴെ നില്ക്കുന്ന കുടുംബം. നാല് സഹോദരിമാര്‍. രണ്ട് സഹോദരിമാരുടെ വിവാഹം കഴിഞ്ഞു. മറ്റുസഹോദരിമാര് വിവാഹപ്രായം എത്തി നില്ക്കുന്നു. അച്ഛന് രോഗി. അമ്മ വീട്ടുജോലിക്കുപോകുന്നു. വിദ്യാഭ്യാസം ഉള്ളയാള്‍ ജോണിയാണ്. ജോലികിട്ടിയാല്‍ കുടുംബം രക്ഷപെട്ടു.
ഏതോ ഒരു പ്രണയപരാജയം കാരണം വിവാഹമേ വേണ്ടെന്നുവച്ചിരിക്കുകയാണ് ജോണി. കോളേജ് അദ്ധ്യാപകനാകുക. അതായിരുന്നു ലക്ഷ്യം.
ആദ്യം വലിയ ഈശ്വരവിശ്വാസിയൊക്കെയായിരുന്നു ജോണി. പിന്നെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ പ്രായത്തിന്റെ തമാശ പോലെ ജോണി യുക്തിവാദിയായി. വീണ്ടും പ്രായം മാറിയപ്പോള്‍ ആത്മീയവാദി.
പക്ഷെ-
മറ്റൊരുമാറ്റം. ക്രിസ്തുമതത്തില്‍ ജനിച്ച ജോണി ഇടവകയിലെ ഏറ്റവും പ്രിയപ്പെട്ട മതവിശ്വാസിയായിരുന്നു ഒരു കാലത്ത്. എങ്കില്‍ ഇപ്പേള്‍ അങ്ങനെയല്ല- ക്രിസ്തുമതത്തില്‍ വിശ്വാസമില്ല. പള്ളിയില്‍ പോകാറില്ല. താല്പര്യം ഹൈന്ദവതത്വങ്ങളോടും ഭാരതീയ ദര്ശനങ്ങളോടുമാണ്. ‘ ഞാന്‍ പാപിയാകുന്നു എന്നാണ് ഞാന്‍ ജനിച്ച മതം പഠിപ്പിക്കുന്നത്. ഞാനതില്‍ വിശ്വസിക്കുന്നില്ല. ഞാനെന്നത് ആത്മാവല്ലെ. ആത്മാവെങ്ങനെ പാപിയാകും”? അയാളുടെ ചോദ്യം അതായിരുന്നു.
വായനയും ചിന്തയുമായി മുന്നേറവെ വീണ്ടും അയാള്‍ ഒരു പെണ്‍കുട്ടിയില്‍ അനുരക്തനായി. ക്രിസ്തുമത വിശ്വാസിയായ പെണ്‍കുട്ടി. ഗേളി! ഗേളിയുടെ വീട്ടുകാരും കടുത്ത പള്ളി വിശ്വാസികളാണ്. രണ്ട് സഹോദരന്മാര്ക്കുള്ള ഏക സഹോദരി.
പ്രേമജ്വരബാധിതനായി നടക്കും കാലം. ഗേളി അറിയിച്ചു-എന്റെ വിവാഹം ഉടനെ നടക്കാന്‍ പോവുകയാണ്. ജോണി എന്തെങ്കിലും ചെയ്യണം’. അങ്ങനെയാണ് പ്രശ്നപരിഹാരത്തിനായി ജോണി സുഹൃത്തുക്കളായ ഞങ്ങളെ സമീപിച്ച് തന്റെ പ്രണയത്തെക്കുറിച്ച് പറയുന്നത്.
എന്താണ് ഒരു പോംവഴി!. ജോണിയുടെ വീട്ടില്‍ ഞങ്ങള്‍ കാര്യങ്ങള്‍ അറിയിച്ചു.’ ജോണിക്ക് ജീവിക്കണമെങ്കില്‍ ഞങ്ങള്‍ ജോലി ചെയ്യണം. അപ്പോള്‍ ഒരു വിവാഹം കൂടിയായാല്‍’ അവര്‍ ന്യായമായും സംശയിച്ചു.
പക്ഷെ, എന്തുചെയ്യും.
‘ എന്തായാലും എനിക്കവളില്ലാതെ ജീവിക്കാനാവില്ല. ഇല്ലെങ്കില്‍ ഞാന്‍ ജീവിതം തന്നെ വേണ്ടെന്നുവയ്ക്കും’ ജോണി പറഞ്ഞു. ഇന്നലെ വരെ കടുത്ത ആദര്‍ശവും ഇത്തരം കാര്യങ്ങളെ ലഘൂകരിച്ചും തത്വചിന്ത തട്ടിവിട്ട ഞങ്ങളുടെ സുഹൃത്ത്. ഇപ്പോള്‍ തത്വചിന്തക്കാരന്റെ നിലപാട്?ഞങ്ങള്‍ക്ക് വിശ്വിസിക്കാന്‍ പ്രയാസം തോന്നി. എന്തായാലും സുഹൃത്തിന്റെ കാര്യമല്ലെ- വീട്ടുകാര്‍ ഒരുവിധം സമ്മതിച്ചു.
മകനെ നഷ്ടപ്പെടുന്നതിലും നല്ലതല്ലെ ഒരാളുടെ ഭാരം കൂടി ഏറ്റെടുക്കുന്നത്. ഗേളി കാര്യം അവളുടെ വീട്ടില്‍ അവതരിപ്പിച്ചു. ഇവര്‍ തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു ആദ്യത്തെ പ്രശ്നം. എന്തായാലും ഇനിയത് ആര്‍ക്കും മാറ്റാനാവില്ലല്ലോ. തൊഴില്‍ രണ്ടാമത്തെ പ്രശ്നം. ജോണി ഉടന്‍ തൊഴില്‍ കണ്ടുപിടിക്കാന്‍ പോകുന്നു. അതുവരെ ഞങ്ങളുടെ ഒരു സുഹൃത്തിന്റെ പബ്ലിക്കേഷന്‍ കമ്പനിയില്‍ ജോലി ചെയ്യും എന്ന ഉറപ്പ്.
പക്ഷെ, കീറാമുട്ട് അതല്ല. പള്ളിയില്‍ വച്ച് വിവാഹം നടത്തണം.
‘ അത് നടക്കില്ല. വിട്ടുവീഴ്ചയ്ക്കില്ലാതെയായി ജോണി. ‘ പള്ളി ചീട്ടില്ലാതെ വിവാഹം കഴിച്ചയക്കില്ല’ അവരുടെ കുടുംബം കട്ടായം പറഞ്ഞു.
ഞങ്ങള്‍ സുഹൃത്തുക്കള്‍ പള്ളി ചീട്ടിന്റെ കാര്യത്തിനായി കയറിയിറങ്ങി. വികാരിയച്ചന് പറഞ്ഞു.’ അരമനയില്‍ നിന്ന് അനുവാദം കിട്ടിയാല്‍ ഞാന്‍ തരാം’. ഞങ്ങള്‍ അരമനയില്‍ പിതാവിന്റെ സെക്രട്ടറിയെ പോയി കണ്ടു. അദ്ദേഹം ക്ഷോഭിച്ചു.
‘എന്തായിത്. വെള്ളരിക്കാപ്പട്ടണമോ. പള്ളിക്ക് ചില ചിട്ടവട്ടങ്ങളുണ്ട്. ആരായാലും ശരി, പള്ളിയില്‍ വരണം. ഇത്രയും കാലത്തെ പിഴയടക്കണം. കുമ്പസാരിക്കണം. എന്നിട്ട് നമുക്ക് നോക്കാം. ആദ്യം വികാരിയച്ചന് ശുപാര്‍ശ ചെയ്യട്ടെ. കാര്യം അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കലായി. ‘കുമ്പസാരമോ’ അതെന്റെ ജീവിതത്തിലുണ്ടാവില്ല. കുമ്പസാരിക്കാന്‍ ഞാന്‍ പാപിയല്ലല്ലോ’. ജോണി.
ഒരു ഒത്തുതീര്‍പ്പ് ശ്രമം എന്ന നിലയില്‍ ഞങ്ങള്‍ കാര്യങ്ങള്‍ പറയാന്‍ ഒരു സായാഹ്നത്തില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. തടികേടാകാതെ ഞങ്ങള്‍ പോന്നുവെന്നുമാത്രം. അതിനും കാരണം ഞങ്ങളുടെ കൂടെ ളോഹയിട്ട ഒരച്ഛനു(ജോണിയുടെ മറ്റൊരു സുഹൃത്ത്) ഉണ്ടായിരുന്നതുകൊണ്ടുമാത്രം.
വിളിച്ചറക്കിക്കൊണ്ടുവന്നാലോ. അതായി ചിന്ത. അതിന് ഗേളി തയ്യാറല്ല. പിന്നെ? കുറച്ചു മൃദുസമീപനമുള്ള ഗേളിയുടെ മൂത്തസഹോദരനെ കണ്ടു സംസാരിച്ച് പതംവരുത്തി. ഒരു ദിവസം സഹോദരിയുമായി അവനെത്തി. ജോണി തന്റെ മൂത്ത സഹോദരിയേയും സഹോദരി ഭര്‍ത്താവിനെയും കാണുന്നു. ഞങ്ങള്‍ സുഹൃത്തുക്കളും. ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് ആശ്രമനിയമപ്രകാരം വിവാഹം നടന്നു!. ഞാന്‍ പിതാവിന്റെ സ്ഥാനത്തുനിന്ന് കന്യാദാനം നടത്തി.
ഒന്നാം വിവാഹം!.
വിവാഹം കഴിഞ്ഞ് ആശ്രമസദ്യയുണ്ട് മടങ്ങുമ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞു. ‘ ഏത് നിരീശ്വരവാദിയും ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഈശ്വരനില്‍ വിശ്വസിച്ചുപോകും മോഹന്‍’. ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ ഏത് ഈശ്വരവിശ്വാസിയും ജീവിതത്തില്‍ ഒരു പ്രവാശ്യമെങ്കിലും ഈശ്വരനില്ലെന്ന് വിശ്വസിച്ചു പോകാറില്ലെ!. മനസ്സിന്റെ കല്പനകള് തെറ്റുമ്പോള്‍ ഉണ്ടാകുന്ന ഒരഭിപ്രായം അതിലും കൂടുതല്‍ വിലയുണ്ടോ ഈ അഭിപ്രായത്തിന്’.
പക്ഷെ, സുഹൃത്തിന്റെ വിവാഹം ഇവിടെ തീര്‍ന്നില്ല.
മൂന്ന് ദിവസത്തിനകം വിവാഹം കഴിച്ചയാള്‍ വേറെ വിവാഹം കഴിച്ചിട്ടില്ലെന്ന ഉറപ്പ് ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷിപത്രമായി നല്‍കണമായിരുന്നു. ജോണിക്കത് കിട്ടാന്‍ ബുദ്ധിമുട്ടായി. പലരോടും വിവാഹകഥ പറയാന്‍ വിഷമം. അറിയാത്തവര്‍ സാക്ഷ്യപത്രം നല്കാന് വിസമ്മതിച്ചു. ഒടുവില്‍ ഒരാഴ്ച കഴിഞ്ഞ് ഒരുവിധം സംഘടിപ്പിച്ച് ആശ്രമത്തില്‍ എത്തിയപ്പോള്‍ ആശ്രമം അധികാരി പറഞ്ഞു-‘ അഞ്ചുദിവസം വരെ നോക്കി. ഞങ്ങളത് കാന്‍സല്‍ ചെയ്തു.
വീണ്ടും വിവാഹം. ജോണിയും ഗേളിയും തമ്മില്‍ തന്നെ!. നടന്നത് തൃപ്പൂണിത്തുറ രജിസ്റ്റര്‍ ഓഫീസില്‍.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടന്നു. രണ്ടാം വിവാഹം.
പക്ഷെ, അതിനുശേഷവും എന്തോ സാങ്കേതിക പ്രശ്നം വന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല. ഇതിനകം ഗേളിയുടെ വീട്ടുകാര്‍ ഏതാണ്ട് അറിഞ്ഞ മട്ടായി. ഗേളിക്കും മൂത്തസഹോദരനും പ്രശ്നങ്ങളായി. എന്നാല്‍ നാലാളറിഞ്ഞു വിവാഹം കഴിക്കുക. എന്നിട്ട് ഗേളിയെ ജോണിയുടെ വീട്ടില്‍ താമസിപ്പിക്കുക. അതായി തീരുമാനം.
അത്യാവശ്യം ബന്ധുക്കളേയും നാട്ടുകാരേയും വിളിച്ചുകൂട്ടി. ജോണിയുടെ വീട്ടില്‍ വിവാഹ പന്തല്‍ കെട്ടി. സദ്യ ഒരുങ്ങി. ഒരുനാള്‍ ജോണിയുടേയും ഗേളിയുടേയും വിവാഹം നാലാള് മുന്നില്‍ നടന്നു. അങ്ങനെ ജോണി ഗേളിയെ മൂന്നാമതും മിന്നുകെട്ടി. വിവാഹത്തിന് എന്തൊക്കെയാ ബദ്ധപ്പാട്, അല്ലെ?. ഗേളിയേയും കൊണ്ട് ജോണി വീട്ടിലെത്തി. തല്ക്കാലം ഗേളി ജോണിയുടെ അമ്മയുടെ സംരക്ഷണത്തില്‍ ജീവിക്കാന്‍ തുടങ്ങി.
ജോണി ജോലിക്കും ശ്രമിച്ചു. ആദ്യം രാജഗിരി കോളേജില്‍ ഗസ്റ്റ് അദ്ധ്യാപകനായി ജോലി ലഭിച്ചു. ഗേളിയുടെ വീട്ടുകാരുമായുള്ള ബന്ധം മൂ്ത്ത സഹോദരനുമായിട്ടായിരുന്നു ഇതുവരെ എങ്കില്‍ അതില്‍ നിന്നും മാറ്റം വരാന്‍ തുടങ്ങി. ഗേളിയുടെ മാതാപിതാക്കള്‍ മകളെ കാണാനെത്തിത്തുടങ്ങി.
ജോണിക്ക് സ്ഥിരനിയമനം വേറൊരു കോളേജില്‍ തരപ്പെട്ടു. അയാള്‍ക്ക് ബന്ധുവീട്ടില്‍ പ്രവേശനമായി. ബന്ധുത്വം ദൃഢമാകാന്‍ തുടങ്ങി. ഏതാനും മാസം കഴിഞ്ഞപ്പോഴാണ് അതുകൂടി നടന്നത്. പള്ളി ചീട്ടൊക്കെ റഡിയാക്കി. കുമ്പസാരങ്ങളും വേണ്ട നിയമങ്ങളും പാലിച്ചു. ജോണി ഗേളിയുടെ ഇടവക പള്ളിയില്‍ പോയി വീണ്ടും വിവാഹം നടത്തി.
അങ്ങനെ നാലാം വിവാഹവും നടന്നു. ഇതറിഞ്ഞ ഞങ്ങള്‍ ജോണിയോട് ചോദിച്ചു.’ ചങ്ങാതി ഇത് ആദ്യം ചെയ്തിരുന്നെങ്കില്‍ എത്ര ബദ്ധപ്പാട് ഒഴിവാക്കാമായിരുന്നു. ഞങ്ങള്‍ക്കെങ്കിലും ഇങ്ങനെ ബദ്ധപ്പെടാതെ കഴിക്കാമായിരുന്നല്ലോ’?
ജോണി അര്‍ത്ഥരഹിതമായി പുഞ്ചിരിച്ചു.
ഇടശ്ശേരി ഒരിക്കല്‍ എഴുതി-യുക്തിവാദി തന്റെ മകനെ മന്ത്രവാദിയുടെ അടുത്തുകൊണ്ടുപോവുകയായിരുന്നു. അസുഖം മാറ്റാന്‍. ഇതുകണ്ട് പരിചയക്കാരനായ മറ്റൊരു യുക്തിവാദി ചോദിച്ചു. ഇത് നമുക്ക് ചേര്‍ന്നതാണോ?. ഈ ചോദ്യത്തിന് യുക്തിവാദി പറഞ്ഞ മറുപടി, ഇത് എന്റെ മകനല്ലെ. മറ്റൊരാളുടെ മകനായിരുന്നെങ്കില്‍ എനിക്കും ഇതേ ചോദ്യം ചോദിക്കാമായിരുന്നു. ഇക്കാര്യത്തില്‍ ഇതത്ര സാമ്യപ്പെടുത്താമോ? അറിയില്ല.
ജോണിക്ക് ഒരു മകന് ജനിച്ചു. മാമോദീസ നടത്തി!.
‘എനിക്കൊരു കുട്ടിയുണ്ടായാല്‍ ഞാന്‍ ഒരു മതത്തിലും വളര്‍ത്തില്ല’. അതായിരുന്നു ജോണിയുടെ മുന്‍ നിലപാട്!.
പണ്ടൊരിക്കല്‍ ഒരു വിഖ്യാതന്‍ പറയുകയുണ്ടായി- ‘ ഇരുപത്തഞ്ച് വര്‍ഷം കൊണ്ട് അമ്മ ഉണ്ടാക്കിയെടുക്കുന്ന സ്വഭാവം മാറ്റാന്‍ ഭാര്യയ്ക്ക് ഇരുപത്തഞ്ച് ദിവസം തന്നെ ധാരാളം എന്ന്’. ഈ അടുത്ത നാളിലാണ് ജോണി പുതിയ വീടുവച്ചത്. വെഞ്ചരിക്കാന്‍ എത്തിയത് പഴയ സുഹൃത്തായ അച്ചന്. അദ്ദേഹം എന്നെ കണ്ട് ചിരിച്ചു. ഞാനും.
ആ ചിരിയില്‍ എല്ലാം ഉണ്ടായിരുന്നു. ജോണിയെ കുറ്റപ്പെടുത്തേണ്ടതില്ല. അയാളുടെ തീരുമാനങ്ങള്‍ മറ്റാരേയും നന്നായോ ദോഷകരമായോ ബാധിക്കുന്നുമില്ല. അയാളുടെ ജീവിതത്തെ മാത്രം ബാധിക്കുന്ന തീരുമാനങ്ങള്‍ തന്നെ!. എന്നാല്‍ അയാളുടെ അവസാന തീരുമാനം ആദ്യം എടുത്തിരുന്നെങ്കിലോ?.
പക്ഷെ-ഒരാദര്‍ശം, ജീവിതത്തെ മറ്റൊന്നാക്കി തീര്‍ക്കാവുന്ന തീരുമാനം എത്രപെട്ടന്ന് ഉപേക്ഷിക്കാനാവുന്നു. അത് വിശ്വസിച്ച് കൂടെനില്‍ക്കുന്ന സുഹൃത്തുക്കള്‍ എത്രപെട്ടന്ന് വിഡ്ഢികളാക്കപ്പെടുന്നു!. എന്തും വിശ്വസിക്കുന്നതിന് മുമ്പ്, പ്രവര്‍ത്തിക്കുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കേണ്ടതല്ലെ. ജോണി പലവട്ടം അഭിപ്രായം മാറിയേക്കാം. ആ അഭിപ്രായത്തിനൊപ്പം നീങ്ങിയവരോ? വാക്ക് മനസ്സാണ്;ദൈവമാണ്;അതിലെ വിശ്വസ്തത?!. വിശ്വസ്തത എന്നതിന് ഒരു പുതുക്കാഴ്ചപ്പാടിലേക്കും ഇത് നയിക്കുന്നില്ലെ?.
സ്വതന്ത്ര ചിന്താഗതിയെ തടസ്സപ്പെടുത്തുമ്പോള്‍, സാഹസികതയെ തടസ്സപ്പെടുത്തുമ്പോള്‍ പുരോഗതിയെത്തന്നെയല്ലെ തടസ്സപ്പെടുത്തുന്നത്. വിവേകത്തിന്റെയും സമാധാനത്തിന്റേയും പേരില്‍ സാഹസികതയെ തടസ്സപ്പെടുത്തിയിരുന്നെങ്കില്‍ പലതും നേടാനാവില്ലായിരുന്നു.
സ്പെയിനിലെ രാജ്ഞിയായ ഇസബെല്ല, കൊളംബസിനെ പുതിയ മാര്‍ഗ്ഗം കണ്ടുപിടിക്കുന്നതിന് അജ്ഞാതസമുദ്രത്തിലേക്ക് പറഞ്ഞയച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ അമേരിക്ക ഇന്നും അജ്ഞാതഭൂഖണ്ഡമായി തുടരില്ലായിരുന്നോ?.
അതുകൊണ്ടുതന്നെ ബൈബിളില്‍ ലൂക്കാ സുവിശേഷം അഞ്ചാം അദ്ധ്യായം നാലാംവരി പറയുന്നു-
‘ആഴത്തിലേക്ക് നീങ്ങി, നിങ്ങളുടെ വലയെറിയുക’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: