പത്തനംതിട്ട: ചുട്ടിപ്പാറയില്‍ പെണ്‍കുട്ടികള്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേരെ പത്തനംതിട്ട പോലിസ് കസ്റ്റഡിയിലെടുത്തു.ബാക്കിയുള്ള വര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതിപ്പട്ടികയിലുള്ള ഏഴുപേരും വിദ്യാര്‍ത്ഥികളാണ്. ഇവരെല്ലാവരും പത്തനംതിട്ട നഗരത്തിന് സമീപമുള്ള സ്കൂളിലെ പ്ലസ്വണ്, പ്ലസ്ടൂ വിദ്യാര്‍ഥികളാണ്. പിടിയിലായവരെ ഇന്നു തിരുവല്ലയിലെ ജുവനൈല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങിന് പഠിക്കുന്ന പെണ്‍കുട്ടികള്‍ ക്ലാസിനു കയറാതെ ചുട്ടിപ്പാറ കാണാനായി എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ആണ്‍കുട്ടികള്‍ മദ്യം നല്‍കിയെന്നാണ് പെണ്‍കുട്ടികള്‍ പോലിസിനോട് പറഞ്ഞത്. ആണ്‍കുട്ടികളില്‍ ഒരാളുമായി പെണ്‍കുട്ടികള്‍ക്ക് മുന്പരിചമുണ്ടായിരുന്നു. ഇയാള്‍ നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്നും മൊഴി നല്‍കിയിരുന്നു. ചുട്ടിപ്പാറയുടെ വടക്കുവശത്തുള്ള കുന്നിന് ചെരിവിലേക്ക് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോയാണ് മദ്യം നല്‍കിയത്. എന്നാല്‍, ഈ മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. ആണ്‍കുട്ടികള്‍ വിളിച്ചതനുസരിച്ച് പെണ്‍കുട്ടികള്‍ ചുട്ടിപ്പാറയിലേക്ക് ചെല്ലുകയായിരുന്നുവെന്ന സൂചനകളും പോലിസിന് ലഭിച്ചിട്ടുണ്ട്. ആറംഗ വിദ്യാര്‍ഥിനികള്‍ക്കാണ് മദ്യം നല്‍കിയത്. വിദ്യാര്‍ഥിനികളില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. പ്രായപൂര്‍ത്തിയാവാത്ത നാലു പെണ്‍കുട്ടികളാണ് മദ്യം കഴിച്ചതെന്നാണ് പോലിസ് ഭാഷ്യം. ഇതേത്തുടര്‍ന്ന് പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍കുട്ടികളെ കേസിലെ സാക്ഷികളാക്കാനാണ് പോലീസിന്റെ തീരുമാനം. മദ്യലഹരിയിലായ പെണ്‍കുട്ടികളില്‍ ഒരാള്‍ കുഴഞ്ഞുവീണതോടെ ബാക്കിയുള്ളവര്‍ ബഹളംവച്ച് സമീപവാസികളുടെ സഹായംതേടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈദ്യപരിശോധനയില്‍ വെള്ളം ചേര്‍ക്കാതെയുള്ള മദ്യമാണ് പെണ്‍കുട്ടികളുടെ അകത്തുചെന്നതെന്ന് കണ്ടെത്തിയതായും അറിയുന്നു. അതേസമയം, മദ്യത്തിനു പുറമെ ആണ്‍കുട്ടികളുടെ കൈവശം സിഗരറ്റും ബീഡിയും ഉണ്ടായിരുന്നതായി പോലിസ് കണ്ടെത്തി. ഇവരുടെ പക്കല്‍ നിന്നും മദ്യം കണ്ടെത്തിയിട്ടില്ല. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചതിനാണ് പോലിസ് കേസെടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: