പത്തനംതിട്ട: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യകള്‍ക്ക് തിരക്കേറുന്നു. വഴിപാട് വള്ളസദ്യകളുടെ ബുക്കിങ്ങ് പുരോഗമിക്കുമ്പോള്‍ 450 വഴിപാട് വള്ളസദ്യകളാണ് ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്. അഭീഷ്ട സിദ്ധിക്കായി നടത്തുന്ന വഴിപാട് വള്ളസദ്യകള്‍ ഈ വര്‍ഷം ഒക്ടോബര്‍ രണ്ട് വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്നതിന് ഇനിയും അവസരമുണ്ട്.
ഭക്തരുടെ സൗകര്യാര്‍ഥം ഏകജാലക സംവിധാനത്തിലൂടെ വള്ളസദ്യ നടത്തുന്നതിന് പള്ളിയോട സേവാസംഘം സൗകര്യം ഒരുക്കിയിട്ടുണ്ട്. സദ്യയ്ക്ക് പ്രവേശിക്കുന്നതിന് പള്ളിയോടങ്ങളിലെത്തുന്നവര്ക്കുള്പ്പെടെ കൂപ്പണ്‍ മുഖേന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സാധാരണക്കാരായ ഒട്ടേറെ ഭക്തരാണ് വിദൂര സ്ഥലങ്ങളില്‍ നിന്ന് പോലും വള്ളസദ്യ നടത്താനെത്തുന്നത്.
ഇന്ന് ഒന്‍പത് പള്ളിയോടങ്ങള്‍ക്കും നാളെ 14 പള്ളിയോടങ്ങള്‍ക്കും 15ന് പതിനഞ്ച് പള്ളിയോടങ്ങള്‍ക്കും വള്ളസദ്യകള്‍ നടക്കും. ശനി മുതല്‍ തിങ്കള്‍ വരെ ക്ഷേത്ര മതില്ക്കടവില് പത്തിലധികം പള്ളിയോടങ്ങളുടെ നിറക്കാഴ്ചയാണ് തുടര്‍ച്ചയായി അനുഭവവേദ്യമാകുന്നത്.
സാധാരണയായി ചിങ്ങമാസമാകുന്നതോടെ പള്ളിയോടങ്ങളുടെ തിരക്കേറുമെങ്കിലും ഇത്തവണ വളരെ നേരത്തേ തന്നെ ഒട്ടേറെ പള്ളിയോടങ്ങള്‍ വഴിപാട് വള്ളസദ്യയ്ക്കായി നീരണിഞ്ഞു പാര്‍ഥസാരഥി ക്ഷേത്രത്തിലെത്തുകയാണ്.
ഈ വര്‍ഷം വള്ളസദ്യകള്‍ വഴിപാട് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പള്ളിയോട സേവാസംഘം ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 8281113010
പ്രതികരിക്കാൻ ഇവിടെ എഴുതുക: