പത്തനംതിട്ട: ശബരിമലയില്‍ അടുത്ത മണ്ഡല മകരവിളക്ക് സീസണിലെത്തുന്ന ഭക്തരുടെ എണ്ണമറിയാന്‍ പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം സംവിധാനമൊരുക്കും. എ.ഡി.എം സി.സജീവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന ശബരിമല അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പമ്പ, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ ആറ് ക്യാമറകള്‍ സ്ഥാപിച്ചാണ് വീഡിയോ വിശകലനത്തിലൂടെ എണ്ണമെടുക്കുക. 70 ദിവസം വരെ വീഡിയോ സൂക്ഷിക്കാനുള്ള സംവിധാനമൊരുക്കും.
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒരു പരിശോധനാ ലാബ് പ്രവര്‍ത്തിക്കും. തീര്‍ഥാടകര്‍ക്ക് ടോള്‍ ഫ്രീ നമ്പരില്‍ പരാതി അറിയിക്കാനുള്ള സംവിധാനമുണ്ടാവും. ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആനത്താരകളുടെ വിവരം ശേഖരിച്ച് റിപ്പോര്‍ട്ട് തയാറാക്കും. പമ്പ-സന്നിധാനം സുരക്ഷായാത്ര അടുത്ത മാസം നടത്തും. ശബരിമലയില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനം സംബന്ധിച്ച് ആരോഗ്യ വകുപ്പ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. സന്നിധാനം ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ്റേ സ്ഥാപിക്കുന്നതിന് ദേവസ്വം ബോര്‍ഡിന്റെ സഹായം തേടി. നവംബര്‍ ഒന്നു മുതല്‍ താല്‍ക്കാലിക ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തനം തുടങ്ങും. പമ്പയിലെ ടെലിമെഡിസിന്‍ കേന്ദ്രവുമായി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളെ സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെ ബന്ധിപ്പിക്കും.
നിലയ്ക്കല്‍-പമ്പ റോഡില്‍ കെ.എസ്.ആര്.ടി.സിയുടെ 150 ബസുകള്‍ സര്‍വീസ് നടത്തും. പമ്പയിലെ കെ.എസ്.ആര്.ടി.സി പാര്‍ക്കിംഗ് മേഖലയ്ക്ക് സമീപം ടോയ്ലറ്റുകള് സ്ഥാപിക്കുന്നത് പരിഗണിക്കും. റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്കിനെതിരായ പ്രചരണം നടത്തും. ളാഹ-പമ്പ റോഡില്‍ അപകട മേഖലകള്‍ തിരിച്ച് അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും യോഗം ചര്‍ച്ച ചെയ്തു. ദുരന്ത നിവാരണം ഡെപ്യുട്ടി കളക്ടര്‍ ജി.ബാബു, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: