വൈക്കം: നഗരസഭാ ഓഫീസിന് സമീപമുള്ള ഫിഷര്‍മെന്‍ കോളനി നിവാസികളുടെ ജീവിതം അഴുക്കുചാലില്‍. നഗരവികസനത്തിന്റെ ഭാഗമായി കായല്‍നികത്തി ബീച്ച് നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയപ്പോള്‍ മുതലാണ് ഈ മല്‍ത്സ്യതൊഴിലാളി കുടുംബങ്ങളുടെ ദുരിതം ആരംഭിച്ചത്. ബീച്ചിനായി കായല്‍ നികത്തിയതോടെ നഗരത്തിന്റെ തെക്കുഭാഗത്തെ നീരൊഴുക്ക് പൂര്‍ണ്ണമായി നിലച്ചു. കോളനിയുടെ വടക്കുഭാഗത്ത് ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കാടുകയറി കിടക്കുകയാണ്. ഇവിടെ വിഷപാമ്പുകളുടെ താവളമായി. നഗരസഭ മാലിന്യങ്ങളും ഇവിടെയാണ് തള്ളുന്നത്. മഴക്കാലമായതോടെ അഴുക്കുചാലിലെ മാലിന്യങ്ങള്‍ കോളനിയിലെ വീടുകളിലേക്കാണ് ഒഴുകിയെത്തുന്നത്. മഴമാറിയാല്‍ ചീഞ്ഞളിഞ്ഞ മാലിന്യത്തില്‍ നിന്നു ഉയരുന്ന ദുര്‍ഗന്ധം രൂക്ഷമാണ്. ഫീഷറീസ് വകുപ്പ് അനുവദിച്ച സ്ഥലത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം 1999-ല്‍ നിര്‍മ്മിച്ച അംഗനവാടി ഈ മാലിന്യങ്ങള്‍ക്ക് നടുവിലാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ കേസുകളില്‍ വൈക്കം പോലീസ് കസ്റ്റഡില്‍ എടുത്ത ടിപ്പറുകളടക്കമുള്ള വാഹനങ്ങള്‍ അംഗനവാടിയുടെ മുറ്റത്താണ് സൂക്ഷിച്ചിരിക്കുന്നത്. ഇതുമുഴുവന്‍ കാടുകയറി മൂടിക്കിടക്കുകയാണ്. ഇവിടെനിന്നും മൂര്‍ഖന്‍ പാമ്പുകള്‍ അടക്കമുള്ള ഇഴജന്തുകള്‍ അംഗനവാടിയിലേക്കും, വീടുകളിലേക്കും കയറുന്നത് നിത്യസംഭവമാണ്. ഇപ്പോള്‍ പത്തോളം കുട്ടികള്‍ പഠിക്കുന്ന അംഗനവാടിയില്‍ തുരുമ്പെടുത്ത ടിന്‍ഷീറ്റുകൊണ്ട് മറച്ച വൃത്തിഹീനമായ മൂത്രപുരയാണ് ഉള്ളത്. മാറിമാറി നഗരസഭയില്‍ അധികാരത്തിലെത്തുന്ന ഭരണാധികാരികളുടെ നാണമില്ലായ്‌മയാണ് ഈ അംഗനവാടിയും ഫിഷര്‍മെന്‍ കോളനിയും ചൂണ്ടികാണിക്കുന്നത്.
നഗരഹൃദയത്തില്‍ മല്‍ത്സ്യ തൊഴിലാളികുടുംബങ്ങള്‍ ഇത്രയും ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടത്തിലധികമായി. ഇവര്‍ക്ക് സൈ്വര്യമായി ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഒരുക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ബീച്ച് നിര്‍മ്മിക്കുന്ന സമയത്ത് സിപിഎം നേതാവ് പി.കെ. ഹരികുമാറായിരുന്നു ചെയര്‍മാന്‍. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മാലിന്യങ്ങള്‍ ഒഴുക്കിക്കളയുന്നതിന് ഓട നിര്‍മ്മിച്ചുനല്‍കാമെന്ന് ചെയര്‍മാന്‍ രേഖാമൂലം ധീവരസഭയ്‌ക്ക് ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ ഉറപ്പ് പാലിക്കാന്‍ ഇടതു-വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും തയ്യാറായിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയര്‍ന്നുവരുന്നത്.
















