ഇരിങ്ങാലക്കുട : കഴിഞ്ഞ തിരുവോണനാളില്‍ വാസുപുരം സ്വദേശിയും ബിഎംഎസ് പ്രവര്‍ത്തകനുമായ കാട്ടൂര്‍ വീട്ടില്‍ മണിയുടെ മകന് അഭിലാഷിനെ (31) വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികളെ കുറ്റക്കാനനെന്ന് വിധിച്ചു. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാകോടതി ജഡ്ജി ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി ഷാന്റോ, രണ്ടാം പ്രതി ജിത്തു, മൂന്നാം പ്രതി ഡെന്നീസ്, നാലാം പ്രതി ശിവദാസ്, ഏഴാം പ്രതി രാജന് എന്നിവരെയാണ് കുറ്റക്കാരെന്ന് വിധിച്ചിരിക്കുന്നത്. ആകെ പതിനെട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. കേസിലെ 13 പ്രതികളെ കോടതി വെളുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷാവിധി ആഗസ്റ്റ് 16 ലേക്ക് മാറ്റിവച്ചു. കേരളത്തില്‍ വളരെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു അഭിലാഷ് വധം. വാസുപുരത്ത് ബിജെപി യൂണിറ്റ് ആരംഭിച്ചതാണ് അഭിലാഷിനെ വധിക്കുവാനുള്ള കാരണം. മരിച്ച അഭിലാഷ് മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്നു. അടുത്തകാലത്തായാണ് അഭിലാഷ് ബിജെപിയില്‍ ചേരുകയും ബിഎംഎസിന്റെ ഓട്ടോ റിക്ഷ തൊഴിലാളി യൂണിയന് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമൂലമാണ് അഭിലാഷിനെ വെട്ടികൊലപ്പെടുത്തിയത്.
തിരുവോണ ദിവസം ഉച്ചതിരിഞ്ഞ് 4 മണിയോടെയാണ് സംഭവം. ഉത്രാട ദിവസം രാത്രി 8 മണിയോടെ സിപിഎം പാര്‍ട്ടി ക്രിമിനലുകള്‍ സംഘം ചേര്‍ന്ന് ബിജെപി പ്രവര്ത്തകന് കാളന്തറ സൂര്യന് മകന് സജീഷിനെ ആക്രമിച്ചിരുന്നു. തലക്ക് വടികൊണ്ടുള്ള അടിയേറ്റ ഇയ്യാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിരുവോണ ദിവസം ഉച്ചതിരിഞ്ഞ് 4 മണിയോടെ അഭിലാഷിനെ തലേ ദിവസം നടന്ന പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന വ്യാജേന ഫോണ്‍ ചെയ്തു വരുത്തി ആസുത്രിതമായി ആക്രമിക്കുകയായിരുന്നു. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പ്രദേശത്തെ സ്ഥിരം ക്രിമിനലായ ചെറുപറമ്പില്‍ കൊച്ചുപൈലന് മകന് ഷാന്റപ്പന്റെ നേതൃത്വത്തിലുള്ള സംഘം വാസുപുരം കൊതേംഗലത്ത് കാരണവര്‍ ക്ഷേത്രത്തിനു മുന്പില്വച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി വടിവാള്‍ കൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന അഭിലാഷിനെ ആശുപത്രിയിലെത്തിക്കാന്‍ കുറെ സമയത്തേക്ക് അക്രമികള്‍ സമ്മതിച്ചില്ല. അര മണിക്കൂറിനു ശേഷം ഇവര്‍ പിന്‍വാങ്ങിയതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. അഭിലാഷിനെ വെട്ടിയ ഷാന്റപ്പനെയും സംഘത്തിലെ മറ്റൊരു കൂട്ടാളിയായ കിഴക്കെപ്പുരക്കല് ശിവന് മകന് ജിത്തുവിനേയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കനകമലയില്‍ വെച്ച് നാട്ടുകാര്‍ പിടികൂടി അന്നുതന്നെ പോലീസിനു കൈമാറിയിരുന്നു. കാല്‍പ്പത്തിയും കയ്യും അറ്റുപോകാറായ നിലയില്‍ റോഡില്‍ ചോര വാര്‍ന്നു കിടന്ന അ‘ിലാഷിനെ തൃശൂര്‍ അശ്വനി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പട്ടാപകല്‍ നടന്ന കൊലപാതകമായതുകൊണ്ടുതന്നെ ധാരാളം പേര് സാക്ഷികളായിട്ടുണ്ടായിരിന്നു. പ്രധാന സാക്ഷികളുടെ മൊഴികള്‍ കേസിന് ബലമേകി. കേസിന്റെ സ്പെഷല്‍ പ്രോസിക്യൂട്ടറായി ഹാജരായത് അഡ്വ. എസ്. സുരേശനായിരുന്നു. സൗമ്യ കൊലക്കേസ് തുടങ്ങീ പ്രധാന കേസുകളില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്നു അഡ്വ.എസ്.സുരേശന്. പ്രതികള്‍ക്കുവേണ്ടി അഡ്വ. മഞ്ചേരി ശ്രീധരന് നായരായിരുന്നു ഹാജരായത്. ഒന്നാം പ്രതി ഷാന്റോ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ്. പ്രതികള്‍ക്കെതിരെ കൊടകര, വെള്ളിക്കുളങ്ങര സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉണ്ട്. വെള്ളിക്കുളങ്ങര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: