ചാലക്കുടി: പനമ്പിള്ളി പ്രതിമക്ക് ശാപമോക്ഷം ലഭിക്കാറായിട്ടും പ്രതിമയെ ചൊല്ലിയുള്ള വിവാദം ഒഴിയുന്നില്ല. ദേശീയപാതയോരത്ത് സര്‍ക്കാര്‍ പുതിയതായി അനുവദിച്ച സ്ഥലത്ത് ചിങ്ങം ഒന്നിന് പ്രതിമ സ്ഥാപിക്കുവാനുള്ള തിരക്കിട്ട ഒരുക്കത്തിലാണ് സംഘാടകര്‍. ചിങ്ങം ഒന്നിന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സാമുഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങില്‍ പ്രതിമ പുനഃസ്ഥാപിക്കും. എട്ട് വര്‍ഷം മുന്‍പ് ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതിമ അവിടെ നിന്ന് മാറ്റുവാന്‍ ശ്രമിക്കുന്നതിനിടെ ലോറിയിടിച്ച് പ്രതിമക്ക് കേടുപറ്റി. തുടര്‍ന്നാണ് ഇപ്പോള്‍ ട്രാംവെ റോഡിലുള്ള പറമ്പില്‍ അനാഥമായിരിക്കുന്നത്. വര്‍ഷങ്ങളായിട്ടും പ്രതിമ പുനഃസ്ഥാപിക്കുവാന്‍ കഴിഞ്ഞില്ല, സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കവും കാരണമായി. പനമ്പിള്ളി ശതാബ്ദി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രതിമ സ്ഥാപിക്കുവാന്‍ സ്ഥലം വിട്ടുകിട്ടുന്നതിന് നടത്തിയ ശ്രമത്തെത്തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പ് ചാലക്കുടി സര്‍ക്കാര്‍ ബോയ്സ് ഹൈസ്ക്കുളിന്റെ ദേശീയപാതയോരത്തുള്ള സ്ഥലത്ത് നിന്ന് പത്ത് സെന്റ് സ്ഥലം അനുവദിച്ചു. എന്നാല്‍ ആറോളം വകുപ്പുകളില്‍ നിന്ന് സ്ഥലം കൈമാറുന്നതിന്റെ എന്‍.ഒ.സി.ലഭിക്കാത്ത കാരണം പ്രതിമ നിര്‍മ്മാണം അനന്തമായി നീണ്ടു പോവുകയായിരുന്നു. ഈ സ്ഥലം ആവശ്യങ്ങള്‍ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അവകാശം ഉന്നയിച്ചിരുന്നു. അവരുടെ എന്‍.ഒ.സിലഭിച്ചു. എന്നാല്‍ സ്ഥലം ലഭ്യമാക്കുന്നതിനും എന്‍.ഒ,സി അടക്കമുള്ള രേഖകള്‍ ലഭിക്കുന്നതിനും പിന്നില്‍ പ്രവര്‍ത്തിച്ച ഭാരവാഹികളെ ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: