ഇടുക്കി: മറയൂരില്‍ വ്യാജ ലൈസന്‍സുമായി പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസിന്റെ വിശദമായ അന്വേഷണത്തിന് പ്രതികളെ ചൊവ്വാഴ്‌ച്ച കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്‌ച്ചയാണ് വാഹന പരിശോധനയ്‌ക്കിടെ വ്യാജ ലൈസന്‍സ് പോലീസ് പിടികൂടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 3 പ്രതികള്‍ പിടിയിലായിരുന്നു.
പള്ളനാട് സ്വദേശി വിവേക്(24), ഗുണ്ടുമല സ്വദേശി പ്രകാശ് (26), മാഷിവയല്‍ സ്വദേശി ഐസക്ക് (24) എന്നിവരാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതിയും വ്യാജ ലൈസന്‍സ് നിര്‍മ്മാതാവുമായ ഐസക്കിന്റെ പക്കല്‍ നിന്നും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. സ്‌കാന്‍ ചെയ്ത് എടുക്കുന്ന ഒറിജിനല്‍ ലൈസന്‍സില്‍ മാറ്റം വരുത്തിയാണ് വ്യാജമായി ലൈസന്‍സ് ഉണ്ടാക്കിയിരുന്നത്. സ്വന്തമായി ഉണ്ടാക്കിയ ലൈസന്‍സാണ് പ്രകാശ് ഉപയോഗിച്ച് വന്നിരുന്നത്. കേസില്‍ രണ്ട് പേര്‍ക്ക് കൂടി ലൈസന്‍സ് നിര്‍മ്മിച്ച് നല്‍കിയതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണ്. വ്യാജ ലൈസന്‍സ് കൈപ്പറ്റിയിരിക്കുന്നവരെല്ലാം ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്.
മേഖലയില്‍ ഓട്ടോറിക്ഷ മൂലം ഉളള അപകടം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന ശക്തമാക്കിയത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസാണിത്.
















