തൊടുപുഴ: ആദ്ധ്യാത്മികതയാണ് ഭാരതത്തിന്റെ ആത്മാവെന്നും ആദ്ധ്യാത്മികതയിലൂടെ ഭാരതം ലോകത്തിന്റെ ഗുരു സ്ഥാനത്താണെന്നും ശ്രീ എം അഭിപ്രായപ്പെട്ടു. തൊടുപുഴ ഇഎപി ഹാളില്‍ നടന്ന സത്സംഗത്തില്‍ ആധ്യാത്മിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉള്ളിലുള്ള സത്യത്തെ അന്വേഷിച്ചുള്ള യാത്രയാണ് നാം നടത്തേണ്ടത്. മനസ് നിര്‍മ്മലമാക്കി മാറ്റാന്‍ ഈ യാത്ര സഹായിക്കും. മനസ് നിര്‍മ്മലമാക്കാന്‍ ക്രോധത്തെ നിയന്ത്രിക്കണം. പരമാനന്ദത്തിന്റെ അംശം ഓരോരുത്തരുടെയും ഹൃദയത്തിലുണ്ട്. ഈശ്വരനെ സ്വന്തം ഹൃദയത്തില്‍ മാത്രമല്ല മറ്റുള്ളവരുടെ ഹൃദയത്തിലും കാണണം. കഷ്ടപ്പെടുന്നവരെയും ദുഖിക്കുന്നവരെയും സേവിക്കുന്നതാണ് ഏറ്റവും വലിയ ഈശ്വര സേവ എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ അദ്ദേഹം അനുസ്മരിച്ചു. ഭഗവത് ഗീതയില്‍ കൃഷ്ണന്‍ അര്‍ജുനന് കൊടുത്ത് മൂന്ന് ഉപദേശങ്ങള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ ദുഖനിര്‍വൃതി ഉണ്ടാകും. ഇന്ദ്രീയങ്ങളെ നിയന്ത്രണ വിധേയമാക്കുക, ഏത് സ്ഥിതിയിലും മനസിനെ ശാന്തമാക്കി നിര്‍ത്തുക, എല്ലാ ജീവജാലങ്ങളുടെയും ഗീതത്തില്‍ സന്തോഷം കണ്ടെത്തുന്ന മനസ് ഉണ്ടാകുക എന്നീ മൂന്ന് തത്വങ്ങള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം. ലോകസമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രത്തില്‍ ശാസ്ത്രവും ഗണിതവുമുണ്ട്. കാളിദാസന്റെ നാടക ചിന്തകള്‍ പോലും ഇതിലുണ്ട്. ഇങ്ങോട്ട് ശപിക്കുന്നവരേയും അനുഗ്രഹിക്കാന്‍ കഴിയണം എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങ് പി ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി ജി ഹരിദാസ്, എം കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ശ്രീ എം നടത്തിയ പദയാത്രയുടെ വീഡിയോ ചിത്രവും സത്സംഗത്തില്‍ പ്രദര്‍ശിപ്പിച്ചു.
















