നെടുങ്കണ്ടം: തോട്ടത്തില്‍ നിന്നും വാഴക്കുല മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. ആദിയാര്‍പുരം സ്വദേശി രവി(50), തൂക്കുപാലം സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ജയകുമാര്‍(30) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്‌ച്ച കോമമുക്കിലെ തോട്ടത്തില്‍ നിന്നുമാണ് 5500 രൂപ വിലവരുന്ന 11 ഏത്തവാഴക്കുലകള്‍ മോഷണം പോയത്. സംഭവത്തില്‍ തോട്ടം ഉടമ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്ന് വരികയായിരുന്നു. ഈ സമയം പ്രതികള്‍ വാഴക്കുല വിറ്റ കടയുടമ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ രവിയാണ് ആദ്യം പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടു. വൈകിട്ടോടെ പിടിയിലായ ജയകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















