കാസര്‍കോട്: മുഹമ്മദ് നബി ജനങ്ങളെ ഉദ്ധരിക്കാന്‍ വേണ്ടി പകര്‍ന്ന് നല്കിയ യഥാര്‍ത്ഥ മത മൂല്യങ്ങള്‍ മാനവ ജനതയ്ക്കും പകര്‍ന്ന് നല്കാന് പണ്ഡിതര്‍ തയ്യാറാകണമെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ.പത്മനാഭന് പറഞ്ഞു.
പ്രവാചകന് പറഞ്ഞത് അത് പോലെ പകര്‍ന്ന് നല്കിയിരുന്നുവെങ്കില് മതത്തിന്റെ പേരും പറഞ്ഞുള്ള ഭീകരവാദം ഉണ്ടാകുമായിരുന്നില്ല. മത ഭീകരതയുടെ ഇരകളായി തീരുന്നത് നിരപരാധികളാണ്. മതത്തിന്റെ പേരില്‍ നടക്കുന്ന അഴിഞ്ഞാട്ടം അവസാനിപ്പിക്കണം. കേരളത്തിലെ മതപഠന കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് കൃത്യമായ അന്വേഷണങ്ങള്‍ നടത്തണം. അവയെ കുറിച്ചമള്ള കൃത്യമായ വിവരശേഖരണങ്ങള്‍ നടത്തിയില്ലെങ്കില്‍ ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് പുറത്ത് വരുന്നവര്‍ ഭീകരവാദികളായി മാറാനുള്ള സാഹചര്യം ഉണ്ട്. വിധ്വംസക പ്രവര്‍ത്തനങ്ങളുടെ നാടായി കേരളം മാറി കഴിഞ്ഞിരിക്കുന്നുവെന്ന വസ്തുതകളെ ഇഴപിരിച്ച് പരിശേധിച്ചാല്‍ നമ്മുക്ക് മനസ്സിലാകും.
ഭീകരവാദികളുടെ ഒളിത്താവങ്ങളായി കേരളത്തെ ഇടത് വലത് മുന്നണികള്‍ മാറ്റി. അത്തരം സാഹചര്യമൊരുക്കിയുള്ള രാഷ്ട്രീയ പാര്‍ട്ടികലുടെ പ്രവര്‍ത്തനത്തെ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ഭാരതീയ യുവമോര്‍ച്ച പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. കേരളത്തില്‍ സമസ്ത തലങ്ങളിലും ഒരുതരത്തിലുള്ള അറബി വല്‍ക്കരണം ഫാഷനായി സ്വീകരിച്ച് വരികയാണ്. ഭക്ഷണത്തിലും, വസ്ത്രധാരണത്തിലും, ചിന്തയിലും, നടപ്പിലും, പ്രവൃത്തിയിലും എല്ലാം ഇത് കാണാന്‍ സാധിക്കും. മതത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍ മനസ്സിലാക്കാത്തതാണ് ഇതിന് കാരണം.
ഭാരത ദേശീയതയ്ക്കെതിരായ എത് പ്രവര്‍ത്തനം ഉണ്ടായാലും അതിന് കുടപിടിച്ച് കൊടുക്കുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്തിട്ടുള്ളത്. മതത്തിന്റെ പേരും പറഞ്ഞ് നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അവര്‍ ചെയ്ത് വരുന്നതെന്ന് സി.കെ.പത്മനാഭന് കൂട്ടിച്ചേര്‍ത്തു.
ഭീകരവാദികള്‍ ഇന്ത്യ വിടുക അവരെ പിന്തുണയ്ക്കുന്നവരും എന്ന മുദ്രാവാക്യമുയര്‍ത്തി ഭാരതീയ യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റി നടത്തിയ ദേശരക്ഷാ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.കെ.പി. യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് പി.ആര് സുനില്‍ അദ്ധ്യക്ഷത വഹിച്ചു.
ഭീകരവാദത്തിന്റെ കേന്ദ്രമായി കേരളം മാറുമ്പോഴും അതിനെതിരെ ഒരക്ഷരം മിണ്ടാതെ മാറി നില്‍ക്കുകയാണ് ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള വിപ്ലവ പ്രസ്ഥാനങ്ങളെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു എളക്കുഴി പറഞ്ഞു. ലൗ ജിഹാദിനെതിരെ ശബ്ദമുയര്‍ത്താന്‍ ഡിവൈഎഫ്ഐയെ യുവമോര്‍ച്ച വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറിമാരായ പി.രമേശ്, എ.വേലായുധന്, സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി. എ.പി.ഹരീഷ്കുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.ടി.സുനില്‍കുമാര്‍,. രാജേന്ദ്ര, ധന്‍രാജ്, സുകുമാരന്‍, ജില്ലാ സെക്രട്ടറിമാരായ പ്രമീള മജല്‍, അഞ്ജു ജോസ്, സന്തോഷ് ഷെട്ടി, കെ.വി.മഹേഷ്, ട്രഷറര്‍ കീര്ത്തന് ജെ കുഡ്ലു, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ടുമാരായ സുമിത്ത് രാജ്, അവിനാശ് റൈ, സനല്‍, കെ.അനീഷ് എന്നിവര്‍ പങ്കെടുത്തു. യുവമോര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാജേഷ് കൈന്താര്‍ സ്വാഗതവും, ധനഞ്ജയന് മധൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: